ലോക്ഡൗൺ സമയത്ത് പുതുപുത്തൻ രുചിക്കൂട്ടുമായി റിമി ടോമി. പാചക വിഡിയോയിൽ ഇത് ആദ്യമായിട്ടാണ് എന്ന ആമുഖത്തോടെയാണ് നാടൻ ബീഫ് റോസ്റ്റ് പരിചയപ്പെടുത്തുന്നത്. ലോക്ഡൗണ്‍ കാലത്താണ് റിമി സ്വന്തമായി യൂട്യൂബ് ചാനൽ തുടങ്ങിയത്. ആദ്യമായാണ് താരം പാചകവിഡിയോ അപ്ലോഡ് ചെയ്യുന്നത്. സമയം കിട്ടുമ്പോഴൊക്കെ ഓരോ വിഭവങ്ങൾ തയാറാക്കി പരീക്ഷിക്കുമായിരുന്നെങ്കിലും ലോക്ഡൗൺ തുടങ്ങിയതോടെ ഓരോ ദിവസവും പുതിയ വിഭവങ്ങൾ ഉണ്ടാക്കാറുണ്ടെന്ന് റിമി പറയുന്നു. കുരുമുളകിട്ടു വരട്ടിയ ബീഫ് പാലാക്കാർക്ക് ഏറെ പ്രിയമാണെന്നു പറഞ്ഞ റിമി, നോമ്പ് ആചരിക്കുന്ന എല്ലാവരും ക്ഷമ ചോദിക്കുന്നു എന്നു പറഞ്ഞാണ് പാചകം ആരംഭിക്കുന്നത്. തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിക്കണം എന്നും റിമി ആമുഖമായി പറയുന്നു. രസികൻ ബീഫ് ഫ്രൈയുടെ രുചിക്കൂട്ട് നോക്കാം

ചേരുവകൾ

  • ബീഫ് – അര കിലോ
  • സവാള – 4
  • പച്ചമുളക് – 4 
  • ഇഞ്ചി വെളുത്തുള്ളി – 2 ടേബിൾ സ്പൂൺ
  • തക്കാളി – 3
  • കുരുമുളകുപൊടി
  • പെരുംജീരകപ്പൊടി

തയാറാക്കുന്ന വിധം

പ്രഷർ കുക്കിറിൽ ഒരു ടീസ്പൂൺ എണ്ണ ഒഴിച്ച് ചൂടായിക്കഴിയുമ്പോൾ ബീഫ് കഷ്ണങ്ങൾ ഇതിലേക്ക് ഇടാം. ആവശ്യത്തിന് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, ഉള്ളി, ഒരു തക്കാളി, കുരുമുളക് പൊടി, മഞ്ഞൾപ്പൊടി, ഒന്നര സ്പൂൺ മുളകുപൊടി, മല്ലിപ്പൊടി, ഗരംമസാല, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കിയെടുക്കാം. വെള്ളം ചേർക്കാതെ ഇത് വേവിച്ച് എടുക്കണം.

ഫ്രൈയിങ് പാൻ ചൂടാക്കി രണ്ട് സ്പൂൺ എണ്ണ ഒഴിക്കാം. സവാളയും കറിവേപ്പിലയും ചേർത്ത് വഴറ്റി എടുക്കണം. നന്നായി വഴന്ന ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇതിലേക്ക് ചേർക്കാം. ആവശ്യത്തിന് തക്കാളിയും ചേർത്ത് നന്നായി വേവിക്കാം. ഇതിലേക്ക് വേവിച്ച് വച്ചിരിക്കുന്ന ബീഫ് കഷ്ണങ്ങൾ ചേർക്കാം. ചാറ് ഇപ്പോൾ ചേർക്കരുത്. ഇത് നന്നായി യോജിപ്പിച്ച് അഞ്ച് മിനിറ്റ് വരട്ടി എടുക്കണം. ആവശ്യത്തിന് ഉപ്പ് ചേർക്കാം. ഇതിലേക്ക് ബീഫ് വെന്ത ചാറ് ചേർക്കാം. ഗരം മസാല, നല്ല ജീരകം പൊടിച്ചതും ചേർത്ത് പതിനഞ്ച് മിനിറ്റ് വേവിക്കാം. ഇതിലേക്ക് പെരും ജീരകം പൊടിച്ചതും കുരുമുളക് പൊടിയും ചേർക്കാം.

English Summary: Beef Roast,Rimi Tomy, Celebrity Cooking