ചെറിയ പെരുന്നാൾ ആശംസകൾക്കൊപ്പം മധുരമുള്ള ഈന്തപ്പഴ അച്ചാർ തയാറാക്കുന്ന വിഡിയോയുമായിട്ടാണ് റിമി ടോമി എത്തിയിരിക്കുന്നത്. ബിരിയാണിക്കൊപ്പം കഴിക്കാൻ ഈ ഒരു അച്ചാർ മാത്രം മതി!

ചേരുവകൾ

  • ഈന്തപ്പഴം – 250 ഗ്രാം
  • നല്ലെണ്ണ – 1 1/2 ടേബിൾ സ്പൂൺ
  • കടുക് 
  • ഉലുവ – ഒരു നുള്ള്
  • ഉണക്ക മുളക് – 2
  • കറിവേപ്പില 
  • വെളുത്തുള്ളി ചതച്ചത്
  • പച്ചമുളക് – 15
  • ഉപ്പ് – ആവശ്യത്തിന്
  • ചൂട് വെള്ളം – ഒന്നേമുക്കാൽ കപ്പ്
  • മഞ്ഞൾപ്പൊടി – 1/2 സ്പൂൺ
  • മുളകുപൊടി –  2 1/2 സ്പൂൺ (എരിവ് അനുസരിച്ച്)
  • വിനാഗിരി – 6 സ്പൂൺ
  • ശർക്കര പാനി – അര കപ്പ് (മധുരത്തിന് അനുസരിച്ച്)
  • ഉലുവാപ്പൊടി – കാൽ ടീസ്പൂൺ
  • കായപ്പൊടി – ഒരു നുള്ള്

തയാറാക്കുന്ന വിധം

പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുകും ഒരു നുള്ള് ഉലുവയും ഇട്ട് പൊട്ടിക്കുക. ഇതിലേക്ക് ഉണക്കമുളകും കറിവേപ്പിലയും ചേർക്കാം. ഒരു സ്പൂൺ വെളുത്തുള്ളിയും മുക്കാൽ സ്പൂൺ ഇഞ്ചിയും പച്ചമുളകും ചേർത്ത് വഴറ്റാം. പച്ചമുളക് നന്നായി വഴന്ന ശേഷം മഞ്ഞൾപ്പൊടി, മുളകുപൊടി എന്നിവ ചേർത്ത് തീ വളരെ കുറച്ച് യോജിപ്പിച്ച് എടുക്കാം.

ഇതിലേക്ക് കുരുകളഞ്ഞ് വച്ചിരിക്കുന്ന ഈന്തപ്പഴം ചേർത്ത് യോജിപ്പിക്കുക. ഇതിലേക്ക് ഒന്നേമുക്കാൽ കപ്പ് ചൂട് വെള്ളം ചേർക്കാം. ഇത് നന്നായി തിളച്ച് വരണം. ആവശ്യത്തിന് ഉപ്പും ചേർക്കാം. തിളച്ച് കുറുകി വരുമ്പോൾ വിനാഗിരി ചേർക്കാം. ആവശ്യത്തിന് ശർക്കര പാനിയും ഇതിലേക്ക് ചേർക്കാം. തിളച്ച ശേഷം ഉലുവാപ്പൊടിയും കായപ്പൊടിയും ചേർത്ത് യോജിപ്പിച്ച് വാങ്ങാം.

English Summary : This pickle has a sweet, tangy and spicy taste, best pairs with  biriyani.