മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് മേഘ്ന വിൻസെന്റ്. ഷൂട്ടിങ് ഇല്ലാത്ത സമയത്ത് യൂട്യൂബ് ചാനലിൽ സജീവമാണ് താരം. പാചകവും വീട്ടുവിശേഷങ്ങളും മോട്ടിവേഷൻ ചിന്തകളും പങ്കുവയ്ക്കാറുണ്ട്. മുട്ടകൊണ്ട് പെട്ടെന്ന് തയാറാക്കാവുന്ന പലഹാരത്തിന്റെ വിഡിയോയുമായാണ് മേഘ്ന എത്തിയിരിക്കുന്നത്. സ്റ്റഫ്ഡ് എഗ് 65 എന്ന  കറുമുറു സ്നാക്കിന്റെ രുചിക്കൂട്ട് നോക്കാം. 

ചേരുവകൾ

  • മുട്ട – 10 (9 എണ്ണം പുഴുങ്ങിയെടുക്കണം)
  • സവാള – 1 (ചെറുതായി അരിഞ്ഞത്)
  • ബ്രഡ് പൊടിച്ചത്
  • ഉരുളക്കിഴങ്ങ് – 2 എണ്ണം (വേവിച്ചത്)
  • പച്ചമുളക്
  • എണ്ണ
  • മൈദ
  • ഉപ്പ്
  • കുരുമുളക് പൊടി
  • മുളകുപൊടി
  • മഞ്ഞൾപ്പൊടി
  • ഗരംമസാലപ്പൊടി

തയാറാക്കുന്ന വിധം

  • പുഴുങ്ങിയ മുട്ട രണ്ടായി മുറിച്ച് അതിൽ നിന്നും മഞ്ഞക്കരു മാറ്റി എടുക്കണം.
  • മുട്ടയുടെ മഞ്ഞക്കരു, ഉരുളക്കിഴങ്ങ്, സവാള, ഗരംമസാല, പച്ചമുളക്, ഉപ്പ് എന്നിവ നന്നായി കൈകൊണ്ട് യോജിപ്പിച്ച് എടുക്കാം. ഇത് മുട്ടയുടെ വെള്ളയ്ക്കുള്ളിൽ നിറച്ച് വയ്ക്കാം.
  • നാല് ടേബിൾസ്പൂൺ കോൺഫ്ലോറ്‍, 5 ടേബിൾസ്പൂൺ മൈദ, മുളകുപൊടി, ഗരം മസാല, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, ഒരു മുട്ട, ഉപ്പ് എന്നിവ ഒരു ബൗളിൽ ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി യോജിപ്പിച്ച് മാവ് തയാറാക്കാം. ഇതിലേക്ക് ഒരു ടേബിൾസ്പൂൺ എണ്ണയും ചേർക്കാം. 
  • തയാറാക്കി വച്ചിരിക്കുന്ന മുട്ട മാവിൽ മുക്കിയ ശേഷം ബ്രഡ് പൊടിയിൽ മുക്കി ചൂടായ എണ്ണയിൽ പൊരിച്ച് എടുക്കാം.

English Summary: Actress Meghna Vincent Stuffed Egg 65 Video