നല്ല നാടൻ ചക്കപ്പുഴുക്കിനൊപ്പം കുടംപുളി ഇട്ട് വറ്റിച്ചെടുത്ത മീൻ കറിയുണ്ടെങ്കിൽ പിന്നെ പറയാനില്ല. പാല സ്റ്റൈൽ  സിംപിൾ മീൻ കറി രുചിയുടെ വിഡിയോയുമായാണ് റിമി ടോമി എത്തിയിരിക്കുന്നത്.

ചേരുവകൾ                                                                                                                                                                                                   

  • മീൻ-1 കിലോ (കഷ്ണങ്ങളാക്കിയത്)
  • കുടംപുളി- ചെറുതായി കഷ്ണങ്ങളാക്കിയത്
  • വെളുത്തുള്ളി- 10-12
  • ഇഞ്ചി- വലിയൊരു കഷ്ണം
  • മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
  • കാശ്മീരി മുളകുപൊടി- 4 ടീസ്പൂൺ
  • എണ്ണ- 4 ടീസ്പൂൺ
  • ഉലുവാപ്പൊടി- 1/4 ടീസ്പൂൺ
  • ഉപ്പ്- ആവശ്യത്തിന്
  • കറിവേപ്പില

തയാറാക്കുന്ന വിധം

മീൻ കറി വയ്ക്കാനുള്ള പാത്രത്തിൽ എണ്ണ ഒഴിച്ച് നന്നായി ചൂടാകുമ്പോൾ വെളുത്തുള്ളിയും ഇഞ്ചി ചതച്ചതും ഇട്ട് വഴറ്റുക. ഇതിലേക്ക് കറിവേപ്പിലയും മഞ്ഞൾപ്പൊടിയും കാശ്മീരി മുളകുപൊടിയും ഉലുവാപ്പൊടിയും ചേർത്ത് ഇളക്കുക. ആവശ്യത്തിന് ഉപ്പും ചേർക്കുക. ഇനി ഇതിലേക്ക് വെള്ളത്തിലിട്ടു വച്ച കുടംപുളി വെള്ളത്തോടൊപ്പം ഇട്ടുകൊടുക്കുക. വീണ്ടും നന്നായി വഴറ്റിയെടുത്ത് ഒന്നര കപ്പ് വെള്ളം ഒഴിച്ചു കൊടുക്കുക. വെള്ളം ചൂടായി വരുമ്പോൾ മീൻ ചേർക്കാം. നന്നായി തിളച്ച് വെള്ളം വറ്റി വരുമ്പോൾ വാങ്ങിവയ്ക്കാം. ഇരിക്കും തോറും സ്വാദ് കൂടുന്ന മീൻ കറി രുചിയാണിത്.

English Summary: Pala Style Meen Curry Video by RimiTomy