മീൻ കറിയുടെ വിഡിയോയ്ക്ക് ശേഷം റസ്റ്ററന്റ് സ്റ്റൈൽ ചില്ലി ചിക്കൻ രുചി വിഡിയോയുമായി ഗായിക റിമി ടോമി. എല്ലാ ദിവസവും കഴിക്കാൻ പറ്റുന്നത് അല്ലെങ്കിലും വല്ലപ്പോഴും പരീക്ഷിക്കാവുന്ന രുചിക്കൂട്ടാണിതെന്നും റിമി പറയുന്നു. മോഡലും ബിഗ് ബോസ് താരവുമായ ഷിയാസ് കരിം അതിഥിയായി എത്തിയിട്ടുണ്ട്.

റസ്റ്ററന്റ് സ്റ്റൈൽ ചില്ലി ചിക്കൻ വിത്ത് ഫ്രൈഡ് റൈസ്

ചെറുതായി മുറിച്ചെടുത്ത ചിക്കനിൽ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കുരുമുളക്പൊടി, ഉപ്പ്, വിനാഗിരി, ഒരു മുട്ട പൊട്ടിച്ചത്, കോൺഫ്ലോർ, മൈദ, ഒലിവ് ഓയിൽ എന്നിവ തിരുമ്മി ഒരു മണിക്കൂർ വയ്ക്കുക.ശേഷം വെളിച്ചെണ്ണയിൽ ചിക്കൻ വറുത്ത് കോരി എടുക്കാം.

സോസ് മിക്സ് ചെയ്യാൻ

ഒരു ബൗളിൽ ഒരു കപ്പ് വെള്ളം എടുത്ത് അതിൽ ഒരു സ്പൂൺ വിനാഗിരി, സോയാസോസ്, റെഡ് ചില്ലി സോസ്, ടുമാറ്റോ കെച്ചപ്പ്, ഒരു സ്പൂൺ കോൺസ്റ്റാർച്ച് എന്നിവ യോജിപ്പിച്ച് എടുക്കണം.

പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചെറുതായി  അരിഞ്ഞ സ്പ്രിങ് ഒനിയൻ ലീവ്സ് തണ്ട്, പച്ചമുളക്, കുരുമുളക് പൊടി,ഇഞ്ചിവെളുത്തുള്ളി പേസ്റ്റ്, ആവശ്യത്തിന് ഉപ്പ്, സവാള,കാപ്സിക്കം എന്നിവ ചേർത്ത് വഴറ്റി എടുക്കണം. ഇതിലേക്ക് തയാറാക്കി വച്ചിരിക്കുന്ന സോസ് ചേർക്കാം. ഇതിലേക്ക് അൽപം പഞ്ചസാരയും ആവശ്യമെങ്കിൽ പകുതി ചിക്കൻ സ്റ്റോക്കും ചേർക്കാം. വറുത്ത് വച്ച ചിക്കൻ കഷ്ണങ്ങളും ചേർത്ത് നന്നായി യോജിപ്പിച്ച് വാങ്ങാം.

ബിരിയാണി റൈസ്

എണ്ണയൊഴിച്ച് ചൂടാക്കിയ പാനിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, സവാള, കാപ്സിക്കം, കാബേജ്, കാരറ്റ്, ബീൻസ് എന്നിവ ചേർത്ത് വഴറ്റി എടുക്കാം. ആവശ്യത്തിന് ഉപ്പും ചേർക്കാം. ഇതിലേക്ക് വേവിച്ച് വച്ചിരിക്കുന്ന ബസ്മതി റൈസ് ചേർക്കാം. മുകളില്‌ അൽപം വിനാഗിരി, സോയസോസ്, ആവശ്യത്തിന് നെയ്യ്, കശുണ്ടിപരിപ്പും ഉണക്കമുന്തിരിയും ചേർക്കാം. ആവശ്യമെങ്കിൽ കുറച്ച് വെള്ളം തളിച്ച് നന്നായി യോജിപ്പിച്ച് വിളമ്പാം.

English Summary: Restaurant Style Chilli Chicken, Veg Fried Rice Cooking Video by Rimi Tomy