താരസംഘടനയുണ്ടാക്കിയ 20 ട്വന്റി സിനിമ പോലെ ശരിക്കുമൊരു ബ്ലോക്ക് ബസ്റ്റർ ആണ് കലൂർ കതൃക്കടവ് റോഡിലെ ‘ചായ് കോഫി ’റെസ്റ്റൊറന്റ് തരുന്ന ബ്ലോക്ക് ബസ്റ്റർ ബർഗർ. ഒരുമാതിരി എല്ലാ താരങ്ങളും ഇതിലുണ്ട് , ഒരു സ്നാക്കിനു തരാവുന്ന എല്ലാ എന്റർടെയ്ൻമെന്റും തരികയും ചെയ്യും.

കാഴ്ചയിലുള്ള പ്രലോഭനം തന്നെ താങ്ങാനാകില്ല. ബ്രെഡ് ഉള്ളതിനാൽ കാർബേഹൈഡ്രേറ്റ് ; ചിക്കൻ പാറ്റീസും സോസേജും മുട്ടയും ഉള്ളതിനാൽ പ്രോട്ടീൻ; ലെറ്റൂസും തക്കാളിയും സവാളയും ഉള്ളതിനാൽ ഫൈബർ; മയോണീസും സോസും ഉള്ളതിനാൽ ഫാറ്റ്   എന്നിങ്ങനെ പോഷകങ്ങളെല്ലാം തികഞ്ഞ മീൽ ആണ് ബ്ലോക്ക് ബസ്റ്റർ ബർഗർ. കൂട്ടിനു ഫ്രഞ്ച് ഫ്രൈസും സ‌‌ാലഡും. 

സോട്ടഡ് ഒണിയനും കുരുമുളകും ചിക്കൻ കീമയിൽ ചേർത്ത് ഗ്രിൽ ചെയ്തെടുക്കുന്ന ചിക്കൻ പാറ്റിയാണ് ഇതിന്റെ പ്രധാന ഭാഗം. നല്ല കട്ടിയിൽ തയാറാക്കുന്ന പാറ്റി അമിതമായി മൊരിയുന്നില്ല. ഇത് ബണ്ണിനുമുകളിൽ വച്ച് ലെറ്റൂസും തക്കാളിയും ചീസ് പാളിയും വയ്ക്കും.  ഇതിന്റെ മുകളിൽ എഗ് യോക്ക് ചേർത്ത് തയാറാക്കുന്ന മയോ സോസ് ഒഴിച്ച് മുകളിൽ മുട്ട കൊണ്ട് പൊതിഞ്ഞ് ഭദ്രമാക്കും. .വീണ്ടും മയോ സോസ്. മുകളിൽ വീണ്ടും നനുനനുത്ത ബൺ. മയോണീസിന്റെ അന്തർധാര മൂലം ബർഗറിലെ ലെയറുകൾ സ്വാഭാവികമായി ഒട്ടിക്കോളും. കോൽ കുത്തി ബന്ധമുറപ്പിക്കാൻ മാത്രം  അകൽച്ചയിലല്ലാത്ത ബർഗർ പാളികൾ വായിലേക്ക് വച്ചോളൂ.., കൂടെയൊരു ബ്ലാക്ക് ടീ കൂടിയായാൽ പൊളിച്ചു.