നല്ല എരിവുള്ള നാടൻ കോഴിക്കറിയിൽ മുക്കി ചൂടുള്ള മൊരിഞ്ഞ നെയ്പ്പത്ര കഴിക്കുമ്പോൾ നാവ് സർവം മറന്ന് ആ രുചിയിൽ വിവശമാകുന്നു. കാസർകോട് എന്റെ നാട്ടിലെ മിക്കവാറും എല്ലാ വീടുകളിലും സർവസാധാരണമായ നെയ്പ്പത്ര എന്ന പലഹാരം ഒരിക്കലും മടുക്കാത്തതും മറക്കാത്തതുമായി രുചി സമ്മാനിക്കുന്ന ഒന്നാണ്. ദക്ഷിണ കന്നഡയുടെയും കാസർകോടിന്റെയും സ്വന്തം വിഭവം.  മലബാറിന്റെ നെയ്പ്പത്തിരിയോട് ഏറെ സാമ്യമുണ്ടെങ്കിലും പാചകക്കൂട്ടിൽ ചെറിയ ചില മാറ്റങ്ങളുണ്ട് നെയ്പ്പത്രയ്ക്ക്. എനിക്കിന്നും നെയ്പ്പത്രയോട് അടങ്ങാത്ത കൊതിതന്നെ. 

ഇതിന്റെ രചനാവിദ്യ: 

അരിപ്പൊടി- രണ്ട് കപ്പ്
തേങ്ങ- മുക്കാൽ കപ്പ്
ജീരകം- രണ്ട് നുള്ള്
ഉപ്പ്- പാകത്തിന്
വെളിച്ചെണ്ണ- ആവശ്യത്തിന്

തേങ്ങ, ജീരകം, ഉപ്പ് എന്നിവ അൽപം മാത്രം വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. ശേഷം അരിപ്പൊടിയിലേക്ക് ഇതു ചേർത്ത് ചപ്പാത്തിക്കുള്ള പരുവത്തിലെന്ന പോലെ കട്ടിയായി കുഴയ്ക്കുക. എന്നിട്ട് ചപ്പാത്തിക്ക് ഉരുട്ടുന്നതിനേക്കാൾ ചെറിയ ഉരുളകളാക്കുക. ഒരു തുണിയുടെ മുകളിൽ വച്ച് പപ്പടത്തിന്റെ വട്ടത്തിൽ പരത്തിയെടുക്കണം. ചീനച്ചട്ടിയിൽ വെളിച്ചെണ്ണ തിളപ്പിച്ച് അതിലേക്ക് ഓരോന്നും പപ്പടം കാച്ചുന്നതിനെന്നപോലെ മുക്കിയിടുക. അപ്പോൾ അത് ശരിക്കു പപ്പടം പോലെ പൊങ്ങി വരും. കോഴിക്കറിക്കൊപ്പം കഴിക്കാം.

തയാറാക്കിയത് : ശ്രീപ്രസാദ്