പയ്യന്നൂർ പൂന്തുരുത്തി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ നടന്ന പെരുംകളിയാട്ടത്തിലെ കലവറയിൽ നിന്ന്

വടക്കൻ കേരളത്തിന്റെ സാംസ്‌കാരിക സമൃദ്ധിയെ അടയാളപ്പെടുത്തുന്ന കലാരൂപമാണ് തെയ്യം. കളിയാട്ടവും മൂവാണ്ട് കളിയാട്ടവും പെരുങ്കളിയാട്ടവും  മഞ്ഞൾകുറിയും ആശ്വാസവാക്കുകളുമായി  ദൈവങ്ങൾ ഭക്തരുടെ ഉള്ളു നിറയ്ക്കുന്നു. കളിയാട്ടകാവുകളിൽ ഉത്സവത്തോടനുബന്ധിച്ചുള്ള പ്രധാന ചടങ്ങാണ് അന്നദാനം. ക്ഷേത്രത്തിലെ ദേവിയുടെയോ ദേവന്റെയോ പ്രസാദമായാണ് അന്നദാനത്തെ കരുതിപ്പോരുന്നത്. ഭക്തലക്ഷങ്ങൾ എത്തിച്ചേരുന്ന പെരുംകളിയാട്ടങ്ങളിലെ ശ്രമകരമായ ദൗത്യമാണ് ഭക്ഷണം തയാറാക്കുകയെന്നത് . കളിയാട്ട ത‌‌‌ീയതിക്ക് മാസങ്ങൾ മുൻപേ ഒരുക്കങ്ങൾ ആരംഭിക്കുന്ന ക്ഷേത്രങ്ങളിൽ ശരാശരി രണ്ടു ലക്ഷത്തിലധികം ഭക്തജനങ്ങൾ അന്നദാനത്തിനെത്തുന്നു എന്നാണ് കണക്കുകൾ പറയുന്നത്. പെരുംകളിയാട്ടങ്ങൾ നടക്കുന്ന പ്രധാന ക്ഷേത്രങ്ങളാണ് മുച്ചിലോട്ട് ഭഗവതി കാവുകൾ. വാണിയ സമുദായത്തിന്റെ കുലദേവതായ മുച്ചിലോട്ട് ഭഗവതിയുടെ വിവാഹസങ്കൽപമാണ്  ഈ പെരുങ്കളിയാട്ടങ്ങൾ. അതുകൊണ്ട് തന്നെ അന്നദാനത്തിനു പ്രാധാന്യം ഏറെയുണ്ട്. ക്ഷേത്രത്തിലെ അംഗങ്ങളാണ് നാലു നാൾ നീണ്ടുനിൽക്കുന്ന പെരുംകളിയാട്ടത്തിനു ഭക്ഷണമുണ്ടാക്കുന്നതും വിളമ്പുന്നതും. 

കന്നിക്കലവറയ്ക്ക‌ു കുറ്റിയടിക്കൽ 

കളിയാട്ട ആരംഭത്തിനു മുന്നോടിയായി നടക്കുന്ന ചടങ്ങാണ് കലവറയ്ക്ക് കുറ്റിയടിക്കൽ. സ്ഥാനം നിർണയിച്ചു താത്കാലിക കലവറ നിർമിക്കുന്നതോടെ അന്നദാനം നൽകാനുള്ള ഒരുക്കങ്ങൾ ആരംഭിക്കുന്നു. നാലിലപ്പന്തൽ നിർമാണവും ഇതിനൊപ്പം നടക്കും. ആചാര സ്ഥാനികർക്ക് ഭക്ഷണം നൽകുന്ന പന്തലാണ് നാലിലപ്പന്തൽ.

ഉപ്പേരി വറുക്കൽ 

മലബാറിൽ ഉപ്പേരി എന്നാൽ കായ വറുത്താണ്. കളിയാട്ടത്തിനു വിളമ്പാനുള്ള കായ ഉപ്പേരി ഒരു ദിവസം കൊണ്ടാണ് വറുത്തെടുക്കുന്നത്. 100 ക്വിന്റൽ കായയാണ് ശരാശരിയായി പെരുംകളിയാട്ടത്തിന്റെ ഉപ്പേരിക്ക് ഉപയോഗിക്കുന്നത്. ഇതിൽ നിന്നു തന്നെ ശർക്കരവരട്ടിയും ഉണ്ടാക്കും. 

കലവറ നിറയ്ക്കൽ 

അന്നദാനത്തിനുള്ള പച്ചക്കറിയും അരിയുമെല്ലാം ക്ഷേത്രത്തിലേക്ക് കൊണ്ടു വരുന്ന ചടങ്ങാണ് കലവറ നിറയ്ക്കൽ ഘോഷയാത്ര. കളിയാട്ടത്തിനായി പ്രത്യേകം കൃഷി ചെയ്തതും കാണിക്ക സമർപ്പിക്കുന്നതുമായ പച്ചക്കറികളും മറ്റ‌ു സാധനങ്ങളും ഘോഷയാത്രയായി ക്ഷേത്രത്തിൽ എത്തിക്കുന്നു. 

വരച്ചുവയ്ക്കൽ

കളിയാട്ടത്തിൽ ഭഗവതിയുടെ കോലക്കാരനെ പ്രശ്നചിന്തയിലൂടെ തീരുമാനിക്കുന്ന ചടങ്ങാണ് വരച്ചുവയ്ക്കൽ. ചടങ്ങ് സമാപിക്കുന്നതോടെ ക്ഷേത്രത്തിലെത്തിയ മുഴുവൻ ഭക്തർക്കും അന്നപ്രസാദം നൽകും. 

കളിയാട്ട ആരംഭത്തോടെ അന്നദാന പ്രസാദം കഴിക്കാനെത്തുന്നവരുടെ എണ്ണം വർധിക്കുന്നു. ക്ഷേത്രത്തിലെയും സമീപത്തെ മറ്റ് മുച്ചിലോടുകളിൽ നിന്നുള്ള വാല്യക്കാരുടെയും കൈ മെയ് മറന്നുള്ള അധ്വാനമാണ് പിന്നീടുള്ള നാലു ദിവസങ്ങളിൽ. സാമ്പാർ, കൂട്ടുകറി, അവിയൽ, പച്ചടി തുടങ്ങിയ വിഭവങ്ങളാണ് സാധാരണയായി ആദ്യദിനങ്ങളിൽ വിളമ്പുന്നത്. മൂന്നാം കളിയാട്ടദിനം രാത്രിയിൽ സവിശേഷമായ തുവര പുഴുക്ക് വിളമ്പും. തുവരയും തേങ്ങയും വെളിച്ചെണ്ണയും പച്ചമുളകും ഉപ്പും മാത്രമാണ് പുഴുക്കിലെ ചേരുവ. ഈ ദിവസം പ്രസാദം സ്വീകരിക്കാനെത്തുന്നവരുടെ എണ്ണം ആദ്യ ദിനങ്ങളെ അപേക്ഷിച്ചു വളരെ കൂടുതലായിരിക്കും.  ഭഗവതിയുടെ തിരുമുടി നിവരുന്ന അവസാന ദിനത്തിൽ ആയിരങ്ങൾ അന്നദാന പന്തലിലെത്തും. അന്നത്തെ പ്രത്യേകത കായക്കഞ്ഞിയാണ്. അരിയും ശർക്കരയും തേങ്ങയും ചെറുപഴവും ഉപയോഗിച്ച് ഉണ്ടാക്കുന്ന പായസമാണ് കായക്കഞ്ഞി.

കായക്കഞ്ഞി 

ആയിരങ്ങളെത്തുന്ന ഇടങ്ങളിൽ പാചക കണക്കുകളും വലിയ തോതിലായിരിക്കും ഒരു ക്വിന്റൽ നുറുക്ക് അരികൊണ്ടുള്ള കായക്കഞ്ഞിയാണ് ഒരു പാത്രത്തിൽ ഉണ്ടാക്കുക. ഇത് ശരാശരി 8000 പേർക്ക് കഴിക്കാം. 

ആവശ്യമുള്ള സാധനങ്ങൾ

  • നുറുക്ക് അരി– 1 ക്വിന്റൽ
  • ശർക്കര– 3 ക്വിന്റൽ
  • നെയ്യ്– 5 ലിറ്റർ
  • തേങ്ങ–100 എണ്ണം
  • ഏലയ്ക്കായ് 100 ഗ്രാം
  • ചുക്കുപൊടി–500 ഗ്രാം
  • തേൻ– 2 ലീറ്റർ
  • ചെറുപഴം–20 കിലോ

ആവശ്യത്തിനു വെള്ളമൊഴിച്ച് അരി വേവിച്ചതിനു ശേഷം ശർക്കര ചേർക്കാം. തുടർന്ന് നെയ് ചേർക്കാം. നന്നായി കുറുകുമ്പോൾ തേങ്ങ ചിരവിയതും തേനും ചേർത്ത് കൊടുക്കുക. തുടർന്ന് ഏലയ്ക്കായും ചുക്കും പൊടിച്ചത് ചേർക്കുക. അവസാനം ചെറു പഴം വട്ടത്തിൽ മുറിച്ചിടാം.

തുവരപ്പുഴുക്ക്

  • തുവര– 1 ക്വിന്റൽ
  • തേങ്ങ– 50 എണ്ണം
  • വെളിച്ചെണ്ണ– 15 ല‌ീറ്റർ
  • കല്ലുപ്പ്– 5കിലോ
  • പച്ചമുളക്– 4കിലോ
  • മഞ്ഞൾപ്പൊടി–200

ഒരു ക്വിന്റൽ തുവരയും 300 ല‌ീറ്റർ വെള്ളവും വട്ടളത്തിൽ നിറയ്ക്കാം. ഇതിലേക്ക് പകുതി വെളിച്ചെണ്ണയും 200 മഞ്ഞൾപ്പൊടിയും ചേർത്ത് വേവിക്കുക. വെന്ത് ഉടഞ്ഞ ശേഷം ഉപ്പും തേങ്ങയും പച്ചമുളക് ചതച്ചതും ചേർക്കുക. അടുപ്പൽ നിന്ന് ഇറക്കുന്നതിനിടയിൽ ബാക്കിയുള്ള വെളിച്ചെണ്ണയും തോരപ്പുഴുക്ക് തയാർ.