ഇതു കടിപിടിയുടെ കടയാണ്.നിന്നു തിരിയാൻ ഇടമില്ലെങ്കിലും കടിക്കാൻ ആളു വന്നുകൊണ്ടേയിരിക്കും. അകത്തുനിന്നു കടികളും വരും. പ്രശസ്തമായൊരു ഹോട്ടലിന്റെ നടത്തിൽപ്പിനിന്നു പുറത്തുവന്ന ശേഷമാണു സജീവൻ തൃശൂർ സ്വരാജ് റൗണ്ടിനടുത്തു പാണ്ടി സമൂഹമഠം റോഡിൽ തൃശ്ശിവപേരൂർ കാപ്പി ക്ലബ് എന്ന കട തുടങ്ങുന്നത്. നാടൻ ചായയും കാപ്പിയും കടികളുമായിരുന്നു ലക്ഷ്യം. കടി നന്നായതോടെത്തന്നെ ആളുകൾ വരാൻ തുടങ്ങി. രാവിലെ 6.45 തുറക്കും. വടയാണ് ആദ്യ കടി. രണ്ടു മണിക്കൂർ നേരത്തേക്കു ഇഡ്ഡലിയും ഉപ്പുമാവും പൂരിയും കിട്ടും.അതിനിടയിൽത്തന്നെ പരിപ്പുവടയും ഉഴുന്നുവടയും സുഖിയനും വരും. തുടർന്നു കുറെ നേരത്തെക്കു കടി മാത്രമാകും. മസാല ബോണ്ട,സുഖിയൻ,കേസരി, കട്‌ലറ്റ്,കായബജി, മുളകു ബജി,ബ്രഡ് റോസ്റ്റ്,പഴം പൊരി,പരിപ്പുവട, ഉഴുന്നുവട എന്നിവയുടെ സമയമാണു പിന്നീട്.ഉച്ചയ്ക്കു കുറച്ചു നേരം തൈര് സാദവും െവജിറ്റബിൾ ബിരിയാണിയും കിട്ടും. വൈകീട്ട് 6.45വരെ പിന്നീടു കടി തുടരും. ഈ സമയത്തു പലരും അരിഭക്ഷണം കിട്ടാതെ സങ്കടത്തോടെ പുറത്തുപോകുന്നതു കണ്ടു തുടങ്ങിയതാണത്. സ്ഥലമുണ്ടായിട്ടു തുടങ്ങിയതല്ല. രണ്ടു കിലോ അരിയുടെ തൈരുസാദം എന്നതാണു കണക്ക്. 

ഇതൊരു നാടൻ സംവിധാനമാണ്. ട്രെയിൻ കംപാർട്ടുമെന്റുപോലെ നീണ്ടു കിടക്കുന്നു. വച്ചു കഴിക്കാൻ മേശകളില്ല. ഒരു ഭാഗത്തെ ചുമരിനോടു ചേർത്തു ഡസ്ക് പിടിപ്പിച്ചിട്ടുണ്ട്. കുറച്ചു പേർക്കു അതിൽവച്ചു കഴിക്കാം. പരസ്പരം മുട്ടിക്കൊണ്ടു മാത്രമെ കടന്നു പോകാനാകൂ. രീതിയും വൃത്തിയുമെല്ലാം നാടൻ ഹോട്ടലിന്റെതാണ്. നഗരത്തിനു നടുക്കൊരു നാടൻ എന്നതുതന്നെയാണ് ഇതിന്റെ സുഖം. 

എണ്ണ തുടർച്ചയായി ഉപയോഗിക്കാറില്ലെന്നു സജീവൻ പറഞ്ഞു. ഉപയോഗിച്ചാൽ സ്ഥിരക്കാർ പിടികൂടും. എന്നും വരുന്നവർ ഏറെയാണ്. സുഖിയൻ തീർന്നുപോയാൽ തലയ്ക്കു കൈവയ്ക്കുന്നവർവരെ ഇതിലുണ്ട്. കടി തീരുമ്പോൾ തീരുമ്പോഴാണ് ഉണ്ടാക്കുക. അതുകൊണ്ടുതന്നെ മിക്കപ്പോഴും പുത്തൻ കടിതന്നെ കിട്ടും. പഴം പൊരിയാണു പ്രധാനി. പഴത്തിനു വലുപ്പം കൂടുതലുണ്ടാകും. അതുകൊണ്ടുതന്നെ നല്ല കനത്തിൽ കടി വേണ്ടവർ പഴംപൊരി വാങ്ങും. 

ഇതു തൃശൂരിന്റെ ഗാലറി കൂടിയാണ്. ചുമരിൽ ശക്തൻ തമ്പുരാൻ വാളും പിടിച്ചു നിൽപ്പുണ്ട്്. ഇതൊടൊപ്പം വരച്ചിട്ടിരിക്കുന്നതു ആന ഡേവിസിന്റെയും നവാബ് രാജേന്ദ്രന്റെയും തീറ്റ റപ്പായിയുടെയും ചിത്രങ്ങൾ. കൂട്ടിനൊരു ആനയും. പഴയൊരു കെട്ടിടത്തിൽ നിന്നു തിരിയാൻ ഇടമില്ലാതെ നാടൻ സമോവർ ചായയും ഫിൽറ്റൽ കാപ്പിയും കുടിക്കണമെങ്കിൽ ഇവിടെ വരാം. സത്യത്തിലിതു കടികൊണ്ടും കാപ്പികൊണ്ടും ചായകൊണ്ടും മാത്രം നടന്നുപോകുന്ന കടയാണ്.