‘ഞങ്ങൾ ഇന്ത്യക്കാരാണ്. അതങ്ങനെതന്നെ ആയിരിക്കും. ഞങ്ങൾക്കു പാക്കിസ്ഥാനുമായി ഒരു ബന്ധവുമില്ല’ - കറാച്ചി ബേക്കറി അവരുടെ ട്വിറ്റർ പേജിലൂടെ ഇങ്ങനെയൊരു വിശദീകരണക്കുറിപ്പിട്ടത് പുൽവാമ ഭീകരാക്രമണത്തിനു പിന്നാലെയാണ്. ഫ്രൂട്ട് ബിസ്കറ്റുകളുടെയും കേക്കുകളുടെയും പേരിൽ ഇന്ത്യയൊട്ടാകെ പ്രശസ്തമായ കറാച്ചി ബേക്കറിയുടെ ബംഗളൂരു ശാഖയ്ക്കു നേരേ പ്രതിഷേധമുയർന്നത്, അവർക്കു പാക്കിസ്ഥാൻ ബന്ധമുണ്ടെന്നു സംശയിച്ചാണ്. കറാച്ചിയെന്ന പേരു നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് എത്തിയ പ്രധിഷേധക്കാർ പക്ഷേ നാശനഷ്ടമൊന്നുമുണ്ടാക്കിയില്ല. ജീവനക്കാർ ബേക്കറിയുടെ ബോർ‌ഡിലെ കറാച്ചി മറയ്ക്കുകയും കടയുടെ മുന്നിൽ ദേശീയപതാക വയ്ക്കുകയും ചെയ്തു. അതിനു പിന്നാലെയായിരുന്നു ‘ഹൃദയം കൊണ്ട് തങ്ങൾ ഇന്ത്യക്കാരാണ്’ എന്ന ട്വീറ്റ് വന്നത്.

‘കറാച്ചി’ എവിടെനിന്ന്?

ബേക്കറിയുടെ ബോർ‌ഡിലെ കറാച്ചി എന്ന ഭാഗം മറച്ചിരിക്കുന്നു

കറാച്ചി ബേക്കറിയിലെ കറാച്ചി പാക്കിസ്ഥാനിൽനിന്നുതന്നെയാണ്. 1947 ൽ ഇന്ത്യാവിഭജനകാലത്ത് പാക്കിസ്ഥാനിൽനിന്ന് ഇന്ത്യയിലേക്കു പലായനം ചെയ്തവരുടെ കൂട്ടത്തിൽ ഒരാളായിരുന്നു ഖാൻചന്ദ് രാംനാനി. സിന്ധിയായ രാംനാനി മക്കളായ ഹസ്‌രാം, രാംദാസ് എന്നിവർക്കും കുടുംബത്തിനുമൊപ്പം കറാച്ചിയിൽനിന്ന് ഇന്ത്യയിലേക്കെത്തി, ഹൈദരാബാദിലെത്തിയ രാംനാനി കുടുംബം 1953 ൽ മൊസംജാഹി മാർക്കറ്റിൽ ഒരു ബേക്കറി തുടങ്ങുകയായിരുന്നു. വിട്ടുപോന്ന നാടിന്റെ ഓർമയ്ക്കാവണം, ഖാൻചന്ദ് അതിനു കറാച്ചി ബേക്കറി എന്നാണു പേരിട്ടത്. രുചിയുടെ ലോകതലസ്ഥാനങ്ങളിലൊന്നായ ഹൈദരാബാദിന്റെ രസമുകുളങ്ങളെ തൊട്ടുണർത്താൻ ഖാൻചന്ദിന്റെയും മക്കളുടെയും രുചിക്കൂട്ടുകൾക്കായി. ഒസ്മാനിയ ബിസ്കറ്റ്, ഫ്രൂട്ട് ബിസ്ക്കറ്റുകൾ, ബ്രഡ്, പ്ലംകേക്ക് തുടങ്ങിയവയ്ക്കെല്ലാം ആരാധകരുണ്ടായി. മികച്ച ഒസ്മാനിയ ബിസ്കറ്റ് കിട്ടുന്ന കടകൾ പലതുമുണ്ടായിട്ടും കറാച്ചി ബേക്കറി അവിടെ കളം പിടിച്ചു. 

പതിയെ വളർന്ന ബേക്കറിക്ക് ഹൈദരാബാദിലും സെക്കന്തരാബാദിലുമായി 15 ഔട്ട്‌ലെറ്റുകളുണ്ട്. കൂടാതെ ഡൽഹിയും മുംബൈയും ബെംഗളൂരുവുമടക്കം രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം ശാഖകളുമുണ്ട്. 

ഒരു ദിവസം എല്ലാ ശാഖകളിലുമായി ഒന്നര ടണ്ണോളം ബിസ്ക്കറ്റും എണ്ണൂറോളം ബ്രഡും വിൽക്കുന്നുണ്ടെന്നാണ് ബേക്കറിയുടെ കണക്ക്. രുചിയുടെയും ഗുണനിലവാരത്തിന്റെയും കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്തതാണ് വിജയരഹസ്യമെന്ന് ബേക്കറി അധികൃതരും വ്യക്തമാക്കുന്നു. 

ഒസ്മാനിയ ബിസ്കറ്റ്

  • ബട്ടർ – 100 ഗ്രാം
  • മൈദ – 130 ഗ്രാം / 1 കപ്പ്
  • പാൽപ്പൊടി – 1 1/2 ടേബിൾ സ്പൂൺ
  • സോയ ഫ്ലോർ (റോസ്റ്റഡ്) – 1/2 ടേബിൾസ്പൂൺ
  • ഉപ്പ് – അര ടീസ്പൂൺ
  • പഞ്ചസാര പൊടിച്ചത് – 50 ഗ്രാം
  • ബേക്കിങ് പൗഡർ – 1 ടീസ്പൂൺ
  • പാൽ – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ബട്ടർ വിരൽതുമ്പുകൊണ്ട് പതിയെ അമർത്തിയെടുക്കണം. ഇതിലേക്കു മൈദ അൽപാൽപമായി ചേർത്ത് മൃദുവായി കൈവിരൽ കൊണ്ടു യോജിപ്പിച്ചെടുക്കണം. 3 മിനിറ്റിനു ശേഷം മാവ് നന്നായി മൃദുവാകുകയും നിറം മാറുകയും ചെയ്യും. ഇതിലേക്കു പാൽപ്പൊടി ചേർത്തു കൊടുക്കാം. ഉപ്പ്, ബേക്കിങ് പൗഡർ, സോയ ഫ്ലോർ എന്നിവ ചേർത്ത് നന്നായി വിരലുകൾകൊണ്ട് തേച്ച് കുഴച്ചെടുക്കണം. മൂന്ന് നാലു മിനിറ്റിനു ശേഷം ഇതിലേക്കു പഞ്ചസാര പൊടിച്ചതും ചേർക്കാം. രണ്ടു മിനിറ്റ് കുഴയ്ക്കണം. ഈ മാവ് 10 മിനിറ്റ് മൂടി വയ്ക്കണം.

ഈ സമയത്ത് അവ്ൻ ചൂടാക്കി ഇടണം. 150 ഡിഗ്രിയിൽ ടോസ്റ്റ് മോഡിൽ ഫാൻ ഓണാക്കി പ്രീ ഹീറ്റ് ചെയ്യണം. തയാറാക്കി വച്ചിരിക്കുന്ന മാവ് പരത്തി അതിൽ നിന്നും 1 സെന്റീ മീറ്റർ കനത്തിലുള്ള ബിസ്ക്കറ്റ് മുറിച്ചെടുക്കാം

ബേക്കിങ് ഡിഷിൽ ബട്ടർ പേപ്പർ ഇട്ട് അതിലേക്ക് ബിസ്ക്കറ്റ് നിരത്തി മുകളിൽ പാൽ തൂവി കൊടുക്കണം.150 ഡിഗ്രിയിൽ 25 മിനിറ്റ് സമയം ബേക്ക് ചെയ്തെടുക്കാം.