വെടിയിറച്ചി എന്നത് മധ്യതിരുവിതാംകൂറുകാരുടെ പ്രതാപത്തിന്റെ ലക്ഷണമാണെന്നൊരു വിശ്വാസമുണ്ട്. അങ്ങ് ഹൈറേഞ്ചിലെ വേനൽക്കാല വസതിയിൽ താമസിച്ച്്,കാട്ടിൽ വേട്ടയ്ക്കുപോവുന്ന കഥാപാത്രങ്ങൾ എത്രയെത്ര സിനിമകളിലുണ്ട്! എന്നാൽ വേട്ടയാടി ഭക്ഷണം കണ്ടെത്തുക എന്നത് ആദിമഗോത്ര വിഭാഗത്തിന്റെ വിനോദമല്ല, ജീവിതമാണ്.

വയനാട്ടിലെ മുള്ളക്കറുമ്പർക്കു നായാട്ട് ജീവിതത്തിന്റെ ഭാഗമാണ്. കല്യാണച്ചടങ്ങുകളിൽപ്പോലും നായാട്ടുണ്ട്. കുട്ടികളെ നായാട്ടുപഠിപ്പിക്കാൻ ചെറിയ അമ്പും വില്ലും  തയാറാക്കി ഉച്ചാർ എന്ന ഉത്സവവും നടത്താറുണ്ട്. അമ്പ്, വില്ല്, കത്തി, കുന്തം എന്നീ ആയുധങ്ങളാണ് നായാട്ടിന് ഉപയോഗിക്കുക. കാട്ടുപോത്ത്, മാൻ, കാട്ടുപ്പന്നി, മുള്ളൻപന്നി, കാട്ടാട്, മുയൽ, കാട്ടുകോഴി തുടങ്ങിയവയെയാണ് പിടികൂടിയിരുന്നത്.

ഒരു കുടിയിലെ എല്ലാവരും ചേർന്നാണ് നായാട്ടിനിറങ്ങുക. ലഭിക്കുന്ന ഇറച്ചിയുടെ ഒരു ഭാഗം മൂപ്പനു മാറ്റിവയ്ക്കും. ആദ്യം മൃഗത്തെ അമ്പെയ്യുന്നയാൾക്കാണ് തലയും തുടയുടെ ഒരു ഭാഗവും. അമ്പുകൊണ്ടു വീണ മൃഗത്തെ ആദ്യം ചെന്നുപിടിക്കുന്നയാൾക്ക് കഴുത്തും കുടലും നൽകും. ബാക്കി ഇറച്ചി സംഘത്തിലെ എല്ലാവർക്കും തുല്യമായി വീതംവയ്ക്കും.  വീതിക്കുമ്പോൾ അവിടെ വന്നെത്തുന്നവർക്കും അൽപം നൽകുന്നതാണ് രീതി. വേവിക്കാതെ ഇറച്ചി കഴിക്കാറില്ല. അധികം ലഭിച്ചാൽ ബാക്കിയുള്ള  ഇറച്ചി ഉണക്കി സൂക്ഷിക്കുകയും ചെയ്യും.