അനാവശ്യ ട്വിസ്റ്റോ ടേണോ ഇല്ലാത്ത,  സങ്കീർണമായ കരിക്കലോ പൊരിക്കലോ സോസോ ചേരാത്ത കലർപ്പില്ലാത്ത നോൺവെജ് പ്ലാറ്റർ – അതാണ് എംജി റോഡ് നോർത്ത് എൻഡിലെ ഇംപീരിയൽ ടവേഴ്സിലെ ബാർബെക്യു നേഷൻ ഒരുക്കുന്ന മാപ്പിള ഭക്ഷണം തരുന്ന കിടിലൻ ഫീൽ. കോഴി –തേങ്ങാപ്പാൽ സൂപ്പും ചിക്കൻ ചുട്ടതും ഇലയിൽ പൊള്ളിച്ച ഏരി മൽസ്യവും എത്ര വേണമെങ്കിലും നുണയാം, വയറിനോ ദഹനേന്ദ്രിയങ്ങൾക്കോ ഹെവി ഫീൽ തരുന്നില്ല.

വിനാഗിരിയിലും കുരുമുളകിലും മാരിനേറ്റ് ചെയ്ത് വച്ച ഇളം കോഴിക്കഷണങ്ങളുടെ ചെറുതരികൾ പച്ചമുളക് സ്ലൈസ് ചെയ്ത് ഇട്ട് ഉപ്പും ചേർത്ത് ഇരട്ടി വെള്ളവുമൊഴിച്ച് വേവിക്കും. പിന്നീട് നേർപ്പിച്ച തേങ്ങാപ്പാൽ ഒഴിച്ച് തിള വരുംമുൻപേ വാങ്ങും. ഇതു കുടിച്ചാൽ ഫ്ലോർ കലക്കിച്ചേർത്ത ചൈനീസ് സൂപ്പുകളോട് നമ്മൾ മനസ്സിലെങ്കിലും ചോദിക്കും. – ഇതെന്ത് പ്രഹസനോണ് ചൈനീസേ !

മാപ്പിളഭക്ഷണത്തിൽ അറബിനാടിന്റെ സ്വാധീനം വിസ്മരിച്ചുകൂടാ. അതിഷ്ടപ്പെടുന്നവരെ നൊസ്റ്റു അടിപ്പിക്കുന്നതാണ് ചിക്കൻ ചുട്ടത്. പ്രത്യേക അറബിക് മസാല പുരട്ടിയ ചെറു ചിക്കൻ പീസുകൾ നാരങ്ങാനീരും പച്ചമുളക് അരച്ചതും ഉപ്പും കുരുമുളകും ചേർത്ത് മൂന്നു മണിക്കൂർ മാരിനേഷനു വയ്ക്കും.  ഇത് പിന്നീട് ടെൻഡർ ആയി കിട്ടാൻ പാകത്തിന് തീ ക്രമീകരിച്ച് ബാർബെക്യു ചെയ്തെടുക്കും.– ഒരൽപം പോലും ഓയിൽ ഒഴിക്കില്ല.

തനി വെളിച്ചെണ്ണയിൽ മാത്രം തയാറാക്കുന്ന കേരളത്തിന്റെ തനതായ മീൻ ചുട്ടത് ഏരിയിലാണ് ഇവിടെ പരീക്ഷിക്കുന്നത്. നല്ല ദശക്കട്ടിയുള്ളതു തന്നെ കാരണം. കുടുംപുളിവെള്ളവും വാളംപുളി വെള്ളവും ചേർക്കുമെങ്കിലും പുളി മുന്നിട്ടു നിൽക്കാത്ത രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. സവാളയരച്ച കൂട്ടാണ് ഇതിന്റെ യുഎസ്‌പി. മന്ത്രകോടി പുതച്ച പോൽ സവാള വിരിപ്പിനുള്ളിൽ നമ്രശീർഷയായിക്കിടക്കും മീൻനുറുക്ക്.