ധാതുക്കളും മൂലകങ്ങളും ഏറ്റവുമധികമുള്ളത് ഇലക്കറികളിലാണെന്ന് നമ്മളെല്ലാവരും പറയാറുണ്ട്. എന്നാൽ സ്ഥിരമായി നമ്മുടെ മേശപ്പുറത്ത് എത്തുന്ന  ഏതെങ്കിലും പത്ത് ഇലകളുടെ പേര് ഓർത്തെടുക്കാമോ?

ചീരയും ചീരയുടെ വകഭേദമായ പാലക്കും മാത്രമാണ് പലപ്പോഴും നമ്മൾ ഉപയോഗിക്കാറുള്ളത്. വല്ലപ്പോഴും മുരിങ്ങയില വിരുന്നെത്തും. പിന്നെ സ്ഥിരമായി നമ്മൾ ഉപയോഗിക്കുന്ന രണ്ട് ഇലകൾ കറിവേപ്പിലയും മല്ലിയിലയുമായിരിക്കും. ഇതിനപ്പുറം ഇലക്കറികൾ പരിഷ്കാരികളായ നമ്മൾ കഴിക്കാറില്ല. കുട്ടൂസന്റെയൊപ്പം ലുട്ടാപ്പിയുള്ളതുപോലെ നമുക്കൊപ്പം ജീവിതശൈലീ രോഗങ്ങൾ സ്ഥിരമായി യാത്രചെയ്യുന്നതിനു കാരണവും ഇതാണ്. വരൂ, കാട്ടിലേക്ക് പോവാം.

ഒരായിരം ഇലകളാണ് ആദിമ വിഭാഗങ്ങൾ ഭക്ഷണത്തിനായി ഉപയോഗിക്കുന്നത്. പല പേരുകൾ, പല രുചിക്കൂട്ടുകൾ. 

ഭക്ഷ്യ യോഗ്യമായ ഇലകളെ ചൊപ്പ് എന്നാണ് ചോലനായ്ക്കർ വിളിക്കുന്നത്.ച്വീണ ചൊപ്പ്, നെള്ളിച്ചൊപ്പ്, ഉളാതാവെ ചൊപ്പ്, അളക്കി താവെ, ചാത്യാൻ ചൊപ്പ്, ഗാങ്‌കെ ചൊപ്പ്, ഗറ്റിഗാങ് കൈചൊപ്പ്, അണിയെച്ചൊപ്പ്, കറ്റെക്കീരി ചൊപ്പ്,  കോളിക്കാല് ചൊപ്പ്,  ബള്ളി മ്വിരിങ്ങനെ, മ്വിരിങ്ങെച്ചൊപ്പ്, കീരെ ചൊപ്പ്, ചോപ്പന് കീരെ ചൊപ്പ്, മുള്ളഅ കീരെ ചൊപ്പ്, ക്വീർ‍ ബല് ചൊപ്പ്, കല്ല് കീരെ  ചൊപ്പ്, മറത്താവെ, ആനെത്തൊരിച്ചെ തുടങ്ങിയവയാണ് ചോലനായ്ക്കരുടെ പ്രിയപ്പെട്ട ഇലകൾ. ഇവയിൽ പല ഇലകളെയും പച്ച ഇല, ചുവന്നഇല എന്നൊക്കെ വിളിക്കാനുള്ള അറിവേ നമുക്കുള്ളൂ എന്നതാണ് വാസ്തവം!

സപ്പ് എന്നാണ് കാട്ടുനായ്ക്കർ ഭക്ഷ്യയോഗ്യമായ ഇലകളെ വിളിക്കുന്നത്. ഗണക്സപ്പ്, മിനുഗലെ സപ്പ്,  ഗുൻ സപ്പ്, കുമ്പള സപ്പ് എന്നൊക്കെയാണ് പല വിഭവങ്ങൾ. പലയിടങ്ങളിൽ പല പേരുകളിൽ അറിയപ്പെടുന്ന അനേകം ഇലകളുണ്ട്. ഇബ്ബണ്ടേണ്ടക്ക്‌രി, വിർഗാടുകിരേക്കിരി,  കടേക്കിരി, ബബുംസക്കിരി, ക്യാവുക്കിരി തുടങ്ങി അനേകം വ്യത്യസ്ത ഇലകളുമുണ്ട്.

പക്ഷേ സർക്കാരും നാട്ടിലെ പരിഷ്കാരികളും ചേർന്ന് ഗോത്ര  സമൂഹത്തിൽനിന്ന് ഈ വിഭവങ്ങളെ തട്ടിയകറ്റുകയാണ്. ഏതൊക്കെ കായ്കറികളുടെ പേരറിയാമെന്ന് വയനാട്ടിലെ പണിയ വിഭാഗത്തിലെ പുതുതലമുറയയോട്് ചോദിച്ചു നോക്കൂ. തക്കാളിയും ഉള്ളിയും മാത്രമേ അവർക്ക് പരിചയമുള്ളൂ!