വേനലിനൊപ്പം നാട്ടിലും കാട്ടിലും മാങ്ങാക്കാലം വന്നെത്തിക്കഴിഞ്ഞു. കണ്ണിമാങ്ങകൾ തൂങ്ങിക്കിടന്നാടുകയാണ്. മാങ്ങ മനുഷ്യരുണ്ടായ കാലം മുതൽക്ക് നമ്മുടെ പ്രിയപ്പെട്ട വിഭവമാണല്ലോ. പക്ഷേ മാങ്ങയാണോ അണ്ടിയാണോ ആദ്യമുണ്ടായത് എന്നൊന്നും ചോദിക്കരുത്.

ആദിമ ഗോത്ര വിഭാഗമായ വേട്ടക്കുറുമർക്കും  മാങ്ങയും മാമ്പഴവും പ്രിയപ്പെട്ടതാണ്. മാമ്പഴം കൊണ്ടും പച്ചമാങ്ങ കൊണ്ടും നിരവധി വിഭവങ്ങളാണ് വേട്ടക്കുറുമർ ഉണ്ടാക്കുന്നത്.

പഴുത്ത മാങ്ങ പിഴിഞ്ഞെടുത്ത് കുറുക്കിയുണ്ടാക്കുന്ന വിഭവമാണ് കാശുമ്പുലിയ്.  മാമ്പഴം പിഴിഞ്ഞു നീരെടുക്കുന്നു. ഇത് അടുപ്പത്തുവച്ച് ചൂടാക്കുന്നു.നന്നായി ഇളക്കിയിളക്കി കറുപ്പുനിറം വരുന്നതുവരെ കാത്തുനിൽക്കുന്നു. നല്ല കറുപ്പുനിറമായ ശേഷം ഇറക്കിവച്ച് തണുപ്പിക്കുന്നു. ഇതാണ് കാശുമ്പുലിയ്. നല്ല പുളിയുള്ള ഈ വിഭവം കറികളിൽ പുളിക്കുപകരം ചേർക്കാറുണ്ട്.

ഏറെ ക്ഷമ വേണ്ട പരിപാടിയാണ് കാശുമ്പുലിയ് നിർമാണം. അനേകം വിറകു വേണം. രണ്ടു ദിവസത്തോളമെടുക്കും. കാശുമ്പുലിയ് നിർമിക്കുന്ന പാത്രം മറ്റൊന്നിനും ഉപയോഗിക്കാനും കഴിയില്ല. കലം കുറച്ചുദിവസം കഴിയുമ്പോൾ താനേ പൊടിഞ്ഞുപോവുമത്രേ! കാശുമ്പുലിയ് ഭക്ഷണത്തിന്റെ ഭാഗമായി മാത്രമല്ല വേട്ടക്കുറുമർ ഉപയോഗിക്കാറുള്ളത്. കടുത്ത ചുമയും തൊണ്ടവേദനയും ശമിപ്പിക്കാൻ കാശുമ്പുലിയ് കഴിക്കാറുണ്ട്.