പണി പഠിപ്പിച്ച ആശാന്റെ ഓർമയ്ക്കുവേണ്ടി  കടയുടെ പേരുമാറ്റുക. ആ ഗുരുത്വം കൊണ്ടുകൂടിയാകണം  ചിറങ്ങരയിലെ ഗുരുഡാബയെന്ന കടയിൽ വെളുപ്പിനുപോലും ജനം റൊട്ടിയും തന്തൂർ ചിക്കനും തേടിയെത്തുന്നത്. 20 വർഷം മുൻപു കട തുടങ്ങുമ്പോൾ രാജയെന്നായിരുന്നു പേര്. അന്നു ജോലിക്ക് എത്തിയ ശർമാജി പിന്നീട് ഈ കുടുംബത്തിന്റെ ഭാഗമായി. കശ്മീരിൽനിന്നു കൈപ്പുണ്യവുമായി എത്തിയ ശർമാജി  പരമ്പരാഗത മസാലകളുടെ വലിയൊരു കൂട്ടുതന്നെ ഗുരുഡാബയ്ക്കുവേണ്ടി ഒരുക്കി. കൊച്ചി നേവൽ ബേസിൽനിന്നു പലരും ശർമാജിയെ തേടി വരുമായിരുന്നു. അത്രയേറെ സ്വാദായിരുന്നു ശർമാജിയുടെ റൊട്ടികൾക്കും മസാലക്കൂട്ടുകൾക്കും.

5 വർഷം മുൻപു ശർമാജി മരിച്ചു. അതിനു മുൻപു തനിക്കറിയാവുന്ന എല്ലാ കറിക്കൂട്ടുകളും പറാത്തകളും ഗുരുഡാബയ്ക്കു കൈമാറിയിരുന്നു. രാജ എന്ന പേരിൽ നന്നായി നടന്നിരുന്ന ഡാബ ശർമാജിയുടെ സ്മരണയ്ക്കായി ഗുരുഡാബ എന്ന േപരു സ്വീകരിച്ചു. ശർമാജിയുടെ വിരൽത്തുമ്പിലെ സ്വാദിന്റെ ഓർമയായി ഇന്നും അവിടെ കറിക്കൂട്ടുകളും തന്തൂർ കൂട്ടുകളും ബാക്കിയാകുന്നു. പാചകക്കാരനായി എത്തിയൊരു മനുഷ്യന് ഇതിലും വലിയ ബഹുമതി കിട്ടാനുണ്ടോ. 

ചിക്കനാണ് ഗുരുഡാബയിലെ ഏക നോൺ വെജിറ്റേറിയൻ വിഭവം. ചിക്കൻ പല രുചികളിലും പറന്നെത്തും. പഞ്ചാബി നാടൻ തന്തൂർ മസാലതന്നെയാണു  ഹീറോ. 3 മണിക്കൂർ മസാല പുരട്ടിവച്ച് അതു ശരിക്കും പിടിച്ചുവെന്നു ബോധ്യംവന്നാലെ തന്തൂർ അടുപ്പു കത്തിക്കൂ. തന്തൂർ ൈവകിയാൽ പലരും പറയും മസാല അത്രമതി വേഗം റെഡിയാക്കെന്ന്.  എന്നാൽ ഡാബയുടെ ഉടമ എം.എം.ഗിരീശൻ പറയും. ‘അതു പറ്റില്ല, ആശാൻ പഠിപ്പിച്ചത് അതല്ല. ’ ഈ മസാലയാണു ഗുരുഡാബയുടെ തന്തൂർ വിഭവങ്ങളെ നാട്ടിൽ പലയിടത്തും എത്തിച്ചത്. നേവൽബേസു മുതൽ ഉത്തരേന്ത്യൻ ലോറികളിൽവരെ ഇന്നും എത്തുന്നത് ഈ തന്തൂർ രുചിയാണ്. ഉത്തരേന്ത്യയിൽനിന്നു ലോറിയോടിച്ചുവരുന്ന പലരും പറയും നാടിനെ ഓർമവരുന്നതു ഇവിടത്തെ കറികൾ കഴിക്കുമ്പോഴാണെന്ന്. ചിക്കൻ തന്തൂരി ഡ്രൈമാത്രം 6 വിഭവമുണ്ട്.ടൊമാറ്റൊ ചിക്കൻ,തൈര് ചിക്കൻ, പെപ്പർ ചിക്കൻ, പാലക് ചിക്കൻ, ഗാർലിക് ചിക്കൻ തുടങ്ങി കറികളുടെ  നിരയും. മുട്ടയിൽപ്പോലും കീമയുണ്ട്. ഉത്തരേന്ത്യക്കാർ പലരും നല്ല വെജിറ്റേറിയൻമാരായതിനാൽ  നല്ല വെജിറ്റേറിയൻ പരമ്പരയും കാത്തുവച്ചിരിക്കുന്നു. 

ചിക്കൻ 65 നു ഇവിടെയൊരു പ്രത്യേക സ്വാദാണ്. തൈരിന്റെ ചെറിയൊരു പുളിയുള്ള മസാലയാണു ചേർക്കുക.തൈരിന്റെ പുളിപ്പിന്റെ പാകമാണു ഈ സ്വാദിനുകാരണം. പാചകക്കാരിൽ മിക്കവരും ഉത്തരേന്ത്യയിൽനിന്നുള്ളവരാണ്. പലരും 20 വർഷമായി ഇവിടെത്തന്നെ ജോലി ചെയ്യുന്നവർ. അതുകൊണ്ടുതന്നെ  വരുന്ന പലരുടെയും സ്വാദ് അവർക്കു കാണാപാഠമാണ്. ഡാബയായതുകൊണ്ടുതന്നെ അത്യാവശ്യം എരിവുണ്ടാകും. എരിവു കുറവുവേണ്ടവർ നേരത്തെ പറയണം. ഓർഡർ ചെയ്തു മാത്രമേ ഏതു കറിയും റൊട്ടിയും ഉണ്ടാക്കൂ. അതും നിങ്ങളിരിക്കുന്നതിന്റെ അടുത്തുള്ള തുറന്ന അടുക്കളയിൽ. ഒന്നും മറയ്ക്കാനില്ലാത്ത അടുക്കള. 

ദുർക്കറിന്റെ  ഹിന്ദി ചിത്രമായ കാർവാനിൽ കേരളത്തിലെ ഡാബയായി ചിത്രീകരിച്ചിരിക്കുന്നത് ഗുരുഡാബയാണ്. രണ്ടു ദിവസം ദുൽക്കറും സംഘവും ഇവിടെയുണ്ടായിരുന്നു. ഡാബയുടെ രുചിയും മനസ്സിലിട്ടാണു ദുർക്കർ‌ മടങ്ങിയത്. കലാഭവൻ മണിയുടെ വിശപ്പു പലപ്പോഴും അദ്ദേഹത്തെ എത്തിച്ചിരുന്നതു ഇവിടെയാണ്. ബാലഭാസ്ക്കറിനെപ്പോലെ നിരന്തരം യാത്ര ചെയ്യുന്ന  എത്രയോ താര അതിഥികൾക്കു ഗുരു രുചിയൊരുക്കി. 

രാവിലെ 11 ന് തുടങ്ങി രാത്രി 2.30വരെ നീളുന്നതാണു ഡാബയുടെ കച്ചവടം.ചിറങ്ങര ജംക്‌ഷനടുത്തു റോഡരികിൽ തൃശൂർ– കൊച്ചി റൂട്ടിൽ ഇടതുവശത്ത് കുരിശുപള്ളിയോട് ചേർന്നാണ് ഗിരീശന്റെ ഡാബ.  ഈ റൂട്ടിൽ ഇതേ പേരിൽ പല ഡാബകളുമുണ്ട്.  അതുതന്നെ ഈ ഗുരുവിനു ബഹുമതിയാണ്. കൃത്രിമ രുചിയൊന്നും ചേർക്കാതെയാണു റൈസുകൾ എല്ലാമുണ്ടാക്കുന്നത്. എഗ് റൈസ് പരിസരത്തെ കോളജ് കുട്ടികളുടെ ഇഷ്ടവിഭവമാണ്. 

പങ്കുവച്ചു കഴിക്കാൻമാത്രം അളവിലാണു ഇതു നൽ‌കുക. പോക്കറ്റു ചെറുതായതുകൊണ്ടുതന്നെ  ഡാബയിലെക്കു കോളജ് കുട്ടികൾ എത്തും. അവരെത്തിയാൽ ഗിരീശൻ പ്രത്യേകമായി പരിഗണിക്കും. ഗിരീശനും പണ്ട് അത്രയൊന്നും സമ്പന്നമല്ലാത്ത കാലമുണ്ടായിരുന്നു. സ്വാദുമാത്രമല്ല, സന്തോഷംകൂടിയാണു ഭക്ഷണമെന്നു ഗിരീശൻ ഇപ്പോഴും കരുതുന്നു. അന്നും ഇന്നും  വെളുപ്പിനുവരെ കടനോക്കാൻ അരങ്ങിലും അണിയറയിലുമായി രണ്ടുപേരുകൂടിയുണ്ട്. അമ്മ വിശാലാക്ഷി രാജൻ കൗണ്ടറിലും ഭാര്യ ശ്രീജ വീട്ടിലും. ശർമാജിയില്ലെങ്കിൽ താനുണ്ടാകുമായിരുന്നില്ലെന്നു ഗിരീശൻ പറഞ്ഞു. മകനെപ്പോലെ അദ്ദേഹത്തിനുവേണ്ട എല്ലാ കാര്യങ്ങളും ചെയ്തതു ഗിരീശനായിരുന്നു. ഇതു ഗുരുത്വത്തിന്റെ ഡാബകൂടിയാണ്.