നാട്ടടുക്കള രുചിയുമായി മലയാളി; ജോ ർ..! എന്നു കാനഡക്കാർ
ഓട്ടവയിലെ (കാനഡ) കോക്കനട്ട് ലഗൂൺ റസ്റ്ററന്റ് ഭക്ഷണപ്രേമികളുടെ പ്രിയ താവളമാണ്. തൃശൂർ സ്വദേശിയായ ജോ തോട്ടുങ്കലാണു റസ്റ്ററന്റിന്റെ ഉടമ. ഓട്ടവ നാഷനൽ പാചക മത്സരത്തിൽ സ്വർണ മെഡൽ ജേതാവു കൂടിയായ ജോയുടെ ആദ്യ പാചക പുസ്തകമാണ്– കോക്കനട്ട് ലഗൂൺ: റെസിപ്പീസ് ഫ്രം എ സൗത്ത് ഇന്ത്യൻ കിച്ചൺ. ഞായറാഴ്ച കൊച്ചിയിൽ നടന്ന ചടങ്ങിൽ പുസ്തകം പ്രകാശനം ചെയ്തു. അഭിമുഖത്തിൽ നിന്ന്:
∙ പുസ്തകത്തിന്റെ പ്രചോദനം 15 വർഷമായി ഓട്ടവയിൽ റസ്റ്ററന്റ് നടത്തുകയാണ്. ഒത്തിരി വിദേശികളെ നമ്മുടെ വിഭവങ്ങൾ പരിചയപ്പെടുത്തുകയും പാചകവിധി പഠിപ്പിച്ചിട്ടുമുണ്ട്. നമ്മുടെ വിഭവങ്ങൾ കൂടുതൽ പേരിലെത്തിക്കണമെന്ന ആഗ്രഹത്തിൽ നിന്നാണ് ഈ പുസ്തകത്തിന്റെ പിറവി. പാചകത്തിലെ എന്റെ അനുഭവങ്ങളും പങ്കുവയ്ക്കുന്നുണ്ട്. സുഹൃത്തായ ഷെഫ് വികാസ് ഖന്നയാണു ആമുഖം എഴുതിയത്.
∙ വിഭവങ്ങളുടെ തിരഞ്ഞെടുപ്പ്
പുസ്തകത്തിലേക്കു വിഭവങ്ങൾ തിരഞ്ഞെടുത്തതു റസ്റ്ററന്റിലെ ജനപ്രിയ ഐറ്റങ്ങളിൽ നിന്നാണ്. കൂടുതലും കേരള വിഭവങ്ങൾ തന്നെയാണ് ഉൾപ്പെടുത്തിയത്. തേങ്ങ ചേർക്കുന്ന വിഭവങ്ങൾ കാനഡയിലുളളവർക്ക് ഏറെ ഇഷ്ടമാണ്.
∙ ജോയുടെ പ്രിയ വിഭവങ്ങൾ
നീലഗിരി ചിക്കനും ചെമ്മീൻ ഉലർത്തിയതും. പാചകത്തിൽ എപ്പോഴും പുതിയ പരീക്ഷണങ്ങൾ നടത്തുന്ന കൂട്ടത്തിലാണ്.
∙സ്വദേശം, കുടുംബം
തൃശൂർ മോഡൽ സ്കൂളിലും സെന്റ് തോമസ് കോളജിലുമായിരുന്നു പഠനം. ചെന്നൈ ആശാൻ കോളജിൽ നിന്നു ഹോട്ടൽ മാനേജ്മെന്റ് ഡിഗ്രി നേടി. ഷെഫ് ദാമു അധ്യാപകനാണ്. 1998ലാണു കാനഡയിലേക്കു കുടിയേറിയത്. ആദ്യ 6 വർഷം വിവിധ ഹോട്ടലുകളിൽ ജോലി ചെയ്തു. അതു കനേഡിയൻസിന്റെ രുചികളും താൽപര്യങ്ങളും മനസ്സിലാക്കാൻ സഹായിച്ചു. 2004ലാണു സ്വന്തമായി റസ്റ്ററന്റ് തുടങ്ങിയത്. ഇപ്പോൾ 2 റസ്റ്ററന്റുകളുണ്ട്. കുടുംബമായി ഓട്ടവയിലാണു താമസം. 2 സഹോദരങ്ങളും കാനഡയിലുണ്ട്.