‘ഒരു ചായേം ഇറച്ചിപ്പത്തിരീം..’ ഓർഡറെടുത്ത് ചായയുമായി വരുന്നത് ചുറുചുറുക്കുള്ള ഇരുപതുകാരനാണ്. ചൂടോടെ ചായയും പരിപ്പുവടയും കൈമാറി. പണം കൃത്യമായി എണ്ണി വാങ്ങി. ഇതൊരു ചായയുടെയും പരിപ്പുവടയുടെയും കണക്കല്ല; മറിച്ച് ഇവർ 3 പേരുടെ ജീവിതം രുചിയോടെ പുതുക്കിയെഴുതുന്നതിന്റെ നന്മക്കണക്കാണ്.

കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലുള്ള ഇക്കായീസ് ഹോട്ടലാണ് ഭിന്നശേഷിക്കാരായ മൂന്നു യുവാക്കൾക്കായി ഒരു ചായക്കട തുറന്നത്. നടക്കാവ് വീ സ്മൈൽ സ്പെഷൽ സ്കൂളിലെ വിദ്യാർഥികളായ റിൻഷാദ്, അമീൻ, മുബഷീർ എന്നീ യുവാക്കളാണ്  ചായക്കട നടത്തുന്നത്. ചായ കൊടുക്കുന്നതും പണം വാങ്ങുന്നതുമെല്ലാം കൃത്യതയോടെ ഇവർ ചെയ്തു തീർക്കും. വൈകിട്ട് മൂന്നരയോടെ കട തുറക്കും. രാത്രി ഏഴോടെ കണക്കുകൾ എഴുതി കൃത്യമാക്കിയ ശേഷം ബസിൽ കയറി വീട്ടിൽ പോകും. ഇവരുടെ പഠനത്തിന്റെ ഭാഗമായി ഇന്റേൺഷിപ് പദ്ധതി ആയാണ് ചായക്കട തുടങ്ങിയത്.

ഡൗൺ സിൻഡ്രോം, ഓട്ടിസം പോലുള്ള വെല്ലുവിളികൾ ബാധിച്ചവർക്കായി അനേകം സ്കൂളുകളുണ്ട്. എന്നാൽ, 20 വയസ്സിനു ശേഷം ഇവർ എങ്ങനെ ജീവിതം മുന്നോട്ടു കൊണ്ടുപോകും എന്ന ചിന്തയാണ് ഈ ആശയത്തിനു പിന്നിലെന്ന് ഇക്കായീസ് കടയുടമകളിൽ ഒരാളായ എൻ.സുലൈജ് പറഞ്ഞു.

ഇക്കായീസ് ഇപ്പോൾ നടത്തുന്നത് എൻ.സുലൈജും ഷബീറുമാണ്. 3 വർഷം മുൻപ് ഈ ഹോട്ടൽ പിറവിയെടുത്തതിന്റെ പിറകിലും നന്മയുടെ കഥയുണ്ട്. കംപാഷനേറ്റ് കോഴിക്കോട് പദ്ധതി നടപ്പിലാക്കുന്നതിനു മുൻപുള്ള കഥയാണ്. ജെഡിടിയും ഫാറൂഖ് കോളജുമടക്കമുള്ള കോളജുകളിൽ പഠിക്കുന്ന സേവനതൽപരരായ കുറച്ചു വിദ്യാർഥികൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിനി‍ൽ ഒത്തുകൂടിയിരുന്നു. അവരിൽ 9 പേർ ചേർന്നാണ് ഇക്കായീസിനു തുടക്കമിട്ടത്. ‘ഫുഡ് ഓൺ റോഡ്’ എന്ന ആശയവുമായി ഒരു വാഹനത്തിലാണ് കച്ചവടം തുടങ്ങിയത്. പിന്നീട് ഹോട്ടലായി മാറുകയായിരുന്നു.