അരി, ഗോത്ര സമൂഹം ഏറെ ബഹുമാനത്തോടെ കാണുന്ന ധാന്യമാണ്. മലഞ്ചെരുവുകളിൽ പുനംകൃഷിയായി വളർത്തുന്ന നെല്ലിനങ്ങൾ ഏറെയാണ്. വയനാടൻ മലയോരത്തെ പാടങ്ങളിൽ വളരുന്ന ജീരകശാലയും ഗന്ധകശാലയും പോലുള്ള അരിയിനങ്ങളും ആരുടെയും മനം കവരു‌ം.

മുള്ളുക്കുറുമ വിഭാഗത്തിനിടയിൽ കുളംകുത്തൽ എന്നൊരു ആചാരമുണ്ട്. ജലാശയം അഥവാ കുളവുമായി ഒരു ബന്ധവും കുളംകുത്തലിനില്ല. കുളം എന്നത് കിലോഗ്രാം എന്നതുപോലെ ഭാരത്തിന്റെ പഴയകാല അളവാണ്.

ജന്മിമാരുടെ വീട്ടിൽനിന്നു വാങ്ങിക്കൊണ്ടുവരുന്ന നെല്ല് കുത്തി അരിയാക്കി മാറ്റുന്ന പ്രക്രിയയാണ് കുളംകുത്തൽ. ഇതിനായി പ്രത്യേകം നെൽപ്പുര കെട്ടിയുണ്ടാക്കും. കൊട്ടിലെന്നാണ് ഈ പുരയ്ക്കു പറയുക. നെല്ല് പുഴുങ്ങിയെടുത്ത് കുത്തി അരിയാക്കി മാറ്റും. ഇതിനായി  ഉലക്കകളുമുണ്ട്. ഗോത്ര സമൂഹത്തിൽ ഒരു  ജോലിയും ഒറ്റയ്ക്കു ചെയ്യുന്ന പതിവില്ല. എല്ലാവരും സംഘം ചേർന്നാണ്  കുളംകുത്ത‌ുന്നത്.

നെല്ലുകുത്തുന്നവർക്ക് കൂലിയായി അരിയാണ് കൊടുത്തിരുന്നത്. 20 സേർ അരി കുത്തിയാൽ 5 സേർ അരി കൂലിയായി നൽകും. 50 സേർ അരിയാണ് ഒരു കുളം. സ്ത്രീകളാണ് കുളംകുത്തലിനു പോവുക. അതുകൊണ്ട് സ്ത്രീകളുടെ പ്രധാന വരുമാന മാർഗമായിരുന്നു കുളംകുത്തൽ. മേടം, ചിങ്ങം സംക്രാന്തികൾ പോലുള്ള വിശേഷാവസരങ്ങളിൽ‍ മുള്ളുക്കുറുമർ വീട്ടിലുണ്ടാക്കുന്ന ഒരു വിശേഷ വിഭവമാണു തേങ്ങാച്ചോറ്. ചണ്ണ, ജീരകശാല, ഗന്ധക ശാല തുടങ്ങിയവയുടെ അരിയാണ് തേങ്ങാച്ചോറുണ്ടാക്കാൻ ഉപയോഗിക്കുക. അരി വേവിച്ച്് അൽപം മഞ്ഞളിട്ട് വെള്ളം വറ്റിച്ചെടുക്കും. ഇതിലേക്ക് ചിരവിയ നാളികേരം ചേർത്ത് ഇളക്കും. ഉപ്പു ചേർക്കുന്ന പതിവില്ല.