കുടംപുളി സത്തിന്റെ പുണ്യമറിഞ്ഞൊരു സൂപ്പ്, റവ പൊതിഞ്ഞ് കരുമൊരാന്നൊരു പ്രോൺഫ്രൈ, ഞണ്ടിന്റെ ഇറച്ചി , മസാല ചേർത്ത് ഉലർത്തിയെടുത്ത് അതിന്റെ തോടിൽ തന്നെ നിക്ഷേപിച്ച് ബേക്ക് ചെയ്തെടുത്ത ഉശിരൻ ക്രാബ് ബേക്ക്, കൊലുകൊഴുത്ത കോക്കനട്ട് പേസ്റ്റ് മസാല ചേർത്തുള്ള ഗോവൻ മീൻകറി, കുരുമുളകിന്റെ തരിപ്പ് മുന്നിട്ടുനിൽക്കുന്ന മഷ്റൂം മസാല ... കാക്കനാട് ഇൻഫോപാർക്കിനടുത്തുള്ള  ഫോർ പോയിന്റ് ഷെറാട്ടൻ ഹോട്ടലിലെ ഓൾ സ്പൈസ് റസ്റ്ററന്റിലെ കോസ്റ്റൽ മീലിലെ വിഭവങ്ങളാണിവ. 

കുടംപുളി ചേർന്നൊരു ആപ്പിറ്റൈസർ കുടംപുളിയ‌ുടെ സ്വന്തം ആൾക്കാരായ മലയാളികൾ ഇതൊരു പക്ഷേ ആദ്യമായി കേൾക്കുകയാവും. പ്രോണിന്റെ ഷെൽ വേവിച്ച സത്ത് കൂട‌ുതൽ വെള്ളം ചേർത്ത് സ്റ്റോക്ക് ആക്കി കുടംപുളിയും ടുമാറ്റോ പ്യൂരിയും ചേർത്തെടുക്കുന്ന വിഭവമാണിത്. ചുവന്നിരിക്കുമെങ്കിലും ഒരു തരി പോലും മുളകിന്റെ കുത്തില്ല. ചെമ്മീൻ രസം എന്ന് വേണമെങ്കിലിതിനെ മലയാളീകരിച്ച് പറയാം. ഈ സൂപ്പിനൊപ്പം കറുമുറെ കൊറിക്കാനും പ്രോൺ വിഭവം തന്നെ കോംബിനേഷൻ. റവ കോട്ട് ചെയ്ത് വറുത്ത ടൈഗർ പ്രോൺ ആണ‌ു കൊറിയൻ സ്റ്റാർട്ടർ.

ചോറിന്റെ വിഭവങ്ങളിലേക്ക് കടക്കുംമുൻപ് കൈവയ്ക്കണ്ടത‌ു ബേക്ക്ഡ് ക്രാബിലാണ്. ഞണ്ടിൽ നിന്ന് ആദ്യം ഞണ്ട് മാംസം പുറത്തെടുക്കും. അത് മാംഗ്ലൂരിയൽ സ്പൈസസിനൊപ്പം ഉലർത്തിയെടുത്ത‌ു ഞണ്ടിന്റെ  ഷെല്ലിനുള്ളിൽ തന്നെ കയറ്റി സ്റ്റഫ് ചെയ്ത്  പത്തു മിനിറ്റ് ബേക്ക് ചെയ്തെടുക്കും. 

ഗോവൻ മീൻകറി പ്രത്യേകമാകുന്നത് അതിന്റെ കൊഴുത്ത ഗ്രേവി കൊണ്ടാണ് . കോക്കനട്ട് പേസ്റ്റും കോക്കനട്ട് മിൽക്കും – രണ്ടും രണ്ടുഘട്ടങ്ങളിലായി ചേർക്കുന്നു. ഏറ്റവും ലൈറ്റായി, എന്നാൽ പവർഫുളായി വിഭവമായി മഷ്‌്റൂം മാറുന്നത് അതിന്റെ പച്ചമസാല കൊണ്ടാണ്. കറിമസാലകളൊന്നും ചേർക്കാതെ കുരുമുളകും മഞ്ഞളും എണ്ണയും മാത്രം ചേർത്ത കൂൺ റോസ്റ്റ്.