നഗരത്തിന്റെ ദാഹവും ക്ഷീണവും മാറ്റാൻ ദിവസവും കൊച്ചിയിൽ വന്നിറങ്ങുന്നതു 100000 കിലോഗ്രാം ഓറഞ്ച്. ഏതാണ്ട് 80000 കിലോഗ്രാം തണ്ണിമത്തൻ. 30000 കിലോഗ്രാമിനു മുകളിൽ മുന്തിരിയും 20000 കിലോഗ്രാമോളം മാതളനാരങ്ങയും....പ്രളയം കടന്നുവന്ന വേനലിനെ സാമ്പത്തികമാന്ദ്യം ബാധിച്ചിട്ടുണ്ടെങ്കിലും പഴവിപണിയിൽ ഉണർവാണ്. കഴിഞ്ഞ വർഷത്തേക്കാൾ 30 ശതമാനമാണു വർധന. മഴ തിരിഞ്ഞുനോക്കാത്ത വേനൽച്ചൂടിൽ ഭക്ഷണത്തേക്കാൾ നഗരവാസികൾക്കു പ്രിയം പഴങ്ങളോടാണ്.  ഒരു നേരമെങ്കിലും പഴങ്ങൾ മാത്രം കഴിക്കാനിഷ്ടപ്പെടുന്നവരും കുറവല്ല. ദാഹം മാറ്റാനും ക്ഷീണവും നിർജലീകരണവുമകറ്റാനും പ്രത്യേക പാനീയങ്ങളുണ്ട്.

ഓറഞ്ച് വിപ്ലവം

തണ്ണിമത്തനല്ല, ചൂടകറ്റാൻ ഇത്തവണ കേമൻ ഓറഞ്ചാണെന്നാണു പഴവിപണിയിലെ കണക്കുകൾ പറയുന്നത്. പ്രതിദിനം മരടു മാർക്കറ്റിൽ എത്തുന്നത് എട്ടു മുതൽ 10 വരെ ലോഡ് ഓറഞ്ചാണ്. 10 ടൺ ലോഡ് കൊള്ളുന്ന ലോറിയിലും 15 ടൺ വരെ ശേഷിയുള്ള ടോറസിലും ഓറഞ്ച് എത്തുന്നുണ്ട്. നാഗ്പുർ ഓറഞ്ചായിരുന്നു വേനലിന്റെ ആദ്യമാസങ്ങളിൽ കൊച്ചിയുടെ ക്ഷീണമകറ്റിയിരുന്നതെങ്കിൽ ഇപ്പോൾ രാജസ്ഥാനിൽ നിന്നാണു പ്രധാനമായും ഓറഞ്ചെത്തുന്നത്. നാഗ്പുരിലെ ഓറഞ്ച് സീസൺ ഏതാണ്ട് അവസാനിക്കാറായെങ്കിലും കൂടുതൽ മധുരമുള്ള രാജസ്ഥാൻ ഓറഞ്ച് വിഷുവരെ സുലഭമാണ്. 15 ദിവസം കൂടി കഴിയുന്നതോടെ ഓറഞ്ച് ലഭ്യത കുറയുമെന്ന് ഓൾ കേരള ഫ്രൂട്ട് മർച്ചന്റ്സ് അസോസിയേഷൻ പറയുന്നു. എങ്കിലും ഈ മാസത്തേക്കുവേണ്ട ഓറഞ്ച് സ്റ്റോക് ചെയ്യാനുള്ള സൗകര്യം ഇപ്പോളുണ്ട്. സീസൺ അവസാനിക്കാറായതോടെ ഓറഞ്ച് വിലയിൽ വർധനയുണ്ട്. ഒരാഴ്ചകൊണ്ടു മൊത്തവിലയിൽ 8 രൂപ ഉയർന്നു.

തണ്ണിമത്തൻ ആശ്വാസം

വേനൽച്ചൂടിന്റെ ക്ഷീണം മാറ്റാൻ തണ്ണിമത്തനെ ആശ്രയിക്കുന്നവരും കുറവല്ല. 6 മുതൽ 8 ലോഡ് വരെ തണ്ണിമത്തൻ ദിവസവും കൊച്ചിയിലെത്തുന്നുണ്ട്. ആന്ധ്ര, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണു തണ്ണിമത്തൻ നഗരത്തിലെത്തുന്നത്. വലിയ തണ്ണിമത്തനെക്കാൾ കടുംപച്ച തോടുള്ള തണ്ണിമത്തനാണു ഡിമാൻഡ് . ബേക്കറികളിലേക്കും കൂൾ ബാറുകളിലേക്കും ഏറ്റവും അധികം പോകുന്നതും തണ്ണിമത്തൻ തന്നെ. കുരുകളഞ്ഞ്, അടിച്ചെടുത്ത തണ്ണിമത്തൻ ജ്യൂസിലേക്കു കുറച്ച് ഐസ്ക്യൂബ് കൂടി ചേർത്തു കഴിച്ചാൽ നട്ടുച്ച വെയിലിനെ പോലും തോൽപ്പിക്കാം.

ആഹാ.. മുന്തിരിക്കാലം

തണ്ണിമത്തൻ വേനലിനുവേണ്ടി കൃഷി ചെയ്യുന്നതാണ്. ഓറഞ്ച് സീസൺ വേനൽ കടുക്കുമ്പോഴേക്കും അവസാനിക്കുകയും ചെയ്യും. എന്നാൽ കൊടും വേനലിൽ തിളങ്ങുന്നതു മുന്തിരിയാണ്. ഇത് ഏറ്റവും അധികം മുന്തിരി ലഭിക്കുന്ന കാലമാണ്. അയൽ സംസ്ഥാനങ്ങളിൽ നിന്നും ഉത്തരേന്ത്യയിൽ നിന്നുമൊക്കെ ധാരാളമായി മുന്തിരി വരുന്നുണ്ട്. സീഡ്‌ലെ‌സ് മുന്തിരിയാണ് ഇപ്പോൾ പഴുത്തുപാകമാകുന്നത്. ‌3 ലോഡ് മുന്തിരി വരെ പ്രതിദിനം നഗരത്തിലെത്തുന്നുണ്ട്. സീസണായതിനാൽ മുന്തിരി വാങ്ങുന്നവരുടെ എണ്ണവും കൂടി.

മാതളം പ്രിയങ്കരി..

അനാറെന്നു വിളിക്കുന്ന മാതളനാരങ്ങയോടു വേനലിലും ആളുകൾക്കു പ്രിയമാണ്. പക്ഷേ, വേനൽകടുത്തതോടെ ഓരാഴ്ചക്കിടെയുണ്ടാക്കിയ വിലക്കയറ്റം വിപണിയിൽ ചെറുതായി പ്രതിഫലിക്കുന്നുണ്ടെന്നു കച്ചവടക്കാർ പറയുന്നു. മൊത്തവിലയിൽ 15 രൂപയാണ് ഉയർന്നത്. ക്ഷീണവും രോഗവുമകറ്റുന്ന മാതളനാരങ്ങയ്ക്കു മഴക്കാലത്തുപോലും ഡിമാൻഡ് ഉണ്ട്.

വരാൻ മടിച്ച് മാമ്പഴക്കാലം

പ്രിയൂർ മാങ്ങയും സിന്ദൂർ മാങ്ങയുമൊക്കെ വിപണിയിലെത്തിത്തുടങ്ങിയെങ്കിലും മാമ്പഴക്കാലം  വൈകുകയാണ്. കഴിഞ്ഞ വർഷങ്ങളിൽ ഈ സമയത്തുണ്ടായിരുന്ന അത്രയും മാമ്പഴം ഇത്തവണയില്ല. പലയിടങ്ങളിലും മാങ്ങ പഴുത്തു തുടങ്ങിയിട്ടില്ല. പ്രളയത്തെത്തുടർന്നു നാടൻ മാങ്ങയുടെ ഉൽപാദനം കുറഞ്ഞിട്ടുണ്ട്. 2 ലോഡ് പ്രിയൂർ മാമ്പഴം ദിവസവും എത്തുന്നുണ്ട്. ചാവക്കാട്, ഷൊർണൂർ, പട്ടാമ്പി മേഖലകളിൽ നിന്നു ചെറിയ ലോറികളിൽ 5 ലോഡ് വരെ മാങ്ങ ദിവസവുമെത്തും. സീസണാകാത്തതുകൊണ്ടു മാമ്പഴത്തിനു വിലയും കൂടുതലാണ്. പൈനാപ്പിൾ വാഴക്കുളത്തുനിന്നു വരുന്നുണ്ട്.

ആപ്പിൾ വിദേശിതന്നെ

കൂടുതൽ ജലാംശമുള്ള പഴങ്ങളോടാണു വേനലിൽ ആളുകൾക്കു പ്രിയം. അതുകൊണ്ടുതന്നെ  ആപ്പിൾ കുറച്ചുമാത്രമേ ആളുകൾ വാങ്ങുന്നുള്ളു. നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിൽ ആപ്പിൾ വിളഞ്ഞുതുടങ്ങിയിട്ടില്ലാത്തതിനാൽ വിദേശി ആപ്പിളുകൾ മാത്രമാണ് ഇപ്പോൾ വിപണികളിലുള്ളത്. 3 കണ്ടെയ്നർ ആപ്പിൾ പ്രതിദിനമെത്തുന്നുണ്ട്. തുർക്കി, പോളണ്ട്, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് പ്രധാനമായും ആപ്പിൾ ഇറക്കുമതി ചെയ്യുന്നത്.

ഈ പാനിയങ്ങൾ കിടുവാ...

നെല്ലിക്കാ പാനീയം

നെല്ലിക്ക കുരുകളഞ്ഞ്, അരിഞ്ഞ് മിക്സിയിൽ അടിച്ചെടുത്ത്, തേനോ ശർക്കരപ്പാനിയോ ആവശ്യത്തിനു ചേർത്ത് തണുത്ത വെള്ളമൊഴിച്ച് നെല്ലിക്കാ പാനീയം തയാറാക്കം.

പുതിന പാനീയം

പുതിനയില വൃത്തിയാക്കി, മിക്സിയിൽ അരച്ച്, അരിച്ചെടുക്കുക. ആവശ്യത്തിനു വെള്ളമൊഴിച്ച് തേനോ, ശർക്കരപ്പാനിയോ ചേർത്ത് ഉപയോഗിക്കാം. 

നെല്ലിക്ക സംഭാരം

നെല്ലിക്ക കുരുകളഞ്ഞ് മിക്സിയിൽ അരച്ചെടുത്ത് ആവശ്യത്തിനു തണുത്ത വെള്ളം ചേർക്കുക. ഇതിലേക്ക് പച്ചമുളക്, കറിവേപ്പില, ഉപ്പ്, മല്ലിയില എന്നിവ ചേർത്ത് സംഭാരം തയാറാക്കാം.

കാരറ്റ് പാനീയം

കാരറ്റ് തൊലികളഞ്ഞു വൃത്തിയാക്കി മിക്സിയിൽ അരച്ചെടുക്കുക. ഇതിലേക്ക് തേങ്ങാപ്പാലും ഉപ്പും ചേർത്ത് പാനീയമാക്കാം.

തക്കാളി പാനീയം

നന്നായി പഴുത്ത തക്കാളി മിക്സിയിൽ അരച്ച് തണുത്ത വെള്ളം ചേർത്ത് അരിച്ചെടുക്കുക. മധുരത്തിനായി ശർക്കരപ്പാനി ചേർക്കാം.

ബീറ്റ് റൂട്ട് പാനീയം

ബീറ്റ്റൂട്ട് തൊലികളഞ്ഞ്, ചെറിയ കഷണങ്ങളാക്കി മിക്സിയിൽ അടിച്ചെടുക്കുക. ഇതിലേക്ക് തേങ്ങാപ്പാലും ആവശ്യത്തിന് ഉപ്പും ചേർക്കുക.

മാങ്ങാ സംഭാരം

പച്ചമാങ്ങ തൊലിചെത്തിക്കളഞ്ഞ് ചെറിയ കഷണങ്ങളാക്കി മിക്സിയിൽ അടിച്ചെടുക്കുക. പച്ചമുളകും ഇഞ്ചിയും അരച്ചെടുത്തു വെള്ളത്തിൽ കലർത്തി അരിച്ചെടുക്കുക. ഇവ ആവശ്യത്തിനു തണുത്ത വെള്ളത്തിൽ കലക്കി കറിവേപ്പിലയും മല്ലിയിലയും ചതച്ചിട്ട് ആവശ്യത്തിന് ഉപ്പും ചേർത്ത് ഉപയോഗിക്കാം.

പൈനാപ്പിൾ പാനീയം

പൈനാപ്പിൾ തൊലിചെത്തി കഷണങ്ങളാക്കി വെള്ളം ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. അരിച്ചെടുത്ത് മധുത്തിനായി തേൻ ചേർത്ത് ഉപയോഗിക്കാം.

ചെറുനാരങ്ങാ സംഭാരം

കറിവേപ്പില, മല്ലിയില, പച്ചമുളക് എന്നിവ ചെറുതായി അരിഞ്ഞെടുക്കുക. തണുത്ത വെള്ളത്തിൽ നാരങ്ങാ നീരു പിഴിഞ്ഞ് ആവശ്യത്തിന് ഉപ്പും അരിഞ്ഞുവെച്ച ചേരുവകളും ചേർത്ത് ഉപയോഗിക്കാം.

നെല്ലിക്ക–നാരങ്ങാ പാനീയം

നല്ലിക്ക കുരുകളഞ്ഞ് ചെറിയ കഷണങ്ങളാക്കുക. ഇതിലേക്ക് ചെറുനാരങ്ങ പിഴിഞ്ഞൊഴിക്കുക. മിക്സിയിൽ നന്നായി അടിച്ചെടുത്ത്, തണുത്ത വെള്ളം ചേർത്ത് അരിച്ചെടുക്കുക. ആവശ്യത്തിന് ഉപ്പും ചേർക്കാം.