രാഹുൽ ഗാന്ധിയുടെ വരവോടെ ലോകം മുഴുവൻ വയനാട്ടിലേക്ക് നോക്കിയിരിക്കുകയാണ്. അനേകം ഗോത്രവർഗങ്ങളുടെ സ്വന്തം നാടാണ് വയനാട് ജില്ല. പണിയ വിഭാഗമാണ് വയനാട്ടിലെ ഏറ്റവുംവലിയ സമുദായം. 

ബാണാസുര മലകളിലെ ഇപ്പിമലയിൽ സ്വതന്ത്രരായി താമസിച്ചിരുന്ന പണിയവിഭാഗക്കാരെ ജൻമികൾ അടിമകളാക്കിയെന്നാണ് വിശ്വാസം. ‘നാങ്ക് ഇപ്പിമല മക്കൈ’ (ഞങ്ങൾ ഇപ്പിമലയുടെ മക്കൾ) എന്നാണ് പണിയവിഭാഗക്കാർ ഇപ്പോഴും പറയുന്നത്. ജില്ലയിൽ 15,800 കുടുംബങ്ങളിലായി 70,000 പണിയ വിഭാഗക്കാരുണ്ടെന്നാണ് ശരാശരി കണക്ക്.

പാരമ്പര്യമായി പണിയവിഭാഗക്കാർ സ്വന്തം നിലത്തിൽ കൃഷി ചെയ്ത ചരിത്രമില്ല. കാട്ടിൽനിന്നും കബനീനദിയിൽനിന്നും ഭക്ഷണത്തിനുള്ള വക കണ്ടെത്തുന്നതാണ് രീതി. മീനും ഞണ്ടും കപ്പയും കിട്ടുന്നതിനനുസരിച്ച് തിന്നുകയാണ് പണിയരുടെ ശൈലി.

കബനീനദിയുടെ തണ്ണീർത്തട പ്രദേശങ്ങളിൽ കിട്ടുന്ന ഞണ്ടാണ് പണിയരുടെ പ്രിയപ്പെട്ട വിഭവങ്ങളിൽ ഒന്ന്. 

ഞണ്ട് ചുടുകനലിൽ ചുട്ടെഴുത്ത് കഴിക്കുന്നതാണ് പണിയരുടെ രീതി. കനൽ കൂട്ടി ചൂട് കൂടി വരുമ്പോൾ ഞണ്ടിനെ ഇട്ടു ചുട്ടെടുക്കും. ചുട്ടെടുത്ത ഞണ്ടും മുളകും ചേർത്ത് ചമ്മന്തിയുണ്ടാക്കും. ബജ്ജിയെന്നാണ് ഗോത്രവിഭാഗക്കാർ ചമ്മന്തിയെ വിളിക്കുന്നത്. കരിന്താളും ഞണ്ടുംകൂട്ടി കറിയുണ്ടാക്കുന്നതും പതിവാണ്.

താള് അരിഞ്ഞെടുത്ത് തിളയ്ക്കുന്ന വെള്ളത്തിലിട്ട് ഞണ്ടും ചേർത്ത് വേവിച്ചെടുക്കും ആവശ്യത്തിന് ഇഞ്ചിപ്പുളിയും ഉപ്പും മുളകും ചേർത്ത് അരച്ചെടുക്കും. താളുംഞണ്ടും വെന്തുകഴിഞ്ഞാൽ  അരച്ചുവച്ച കൂട്ടു ചേർത്ത് ഇളക്കിയെടുക്കും.തവിടുകളയാത്ത ചോറും ഞണ്ടുകറിയുമാണ് പണിയരുടെ ആരോഗ്യത്തിന്റെ രഹസ്യമെന്ന് പഴമക്കാർ പറയാറുണ്ട്. പകൽമുഴുവൻ പണിയെടുക്കുന്ന പണിയ വിഭാഗക്കാർക്കു നടുവേദനയും ശരീര വേദനയും പതിവാണ്. ശരീരവേദനകൾ മാറാൻ ഒരുപരിധിവരെ ഞണ്ടുകറി സഹായിക്കുമത്രേ.