മുന്തിയവയിൽ പലതും പ്രളയം കൊണ്ടു പോയി. ഉള്ളതാകട്ടെ അധികം കിട്ടാനില്ല. സ്വാഭാവികമായി വിലയും കൂടുതൽ. ആഘോഷവേളകളിൽ ഉഷാറാവാറുള്ള മീൻവിപണിയുടെ ഈസ്റ്റർ സമയത്തെ  ഏകദേശചിത്രം ഇതാണ്. മുൻവർഷങ്ങളിൽ താരമായിരുന്ന   നാടൻതിരുത ഇക്കുറി കണികാണാൻ പോലുമില്ല. വളർത്തുകേന്ദ്രങ്ങളിൽ നിന്നു  വെള്ളപ്പൊക്കത്തിൽ മീൻ വൻതോതിൽ  നഷ്ടപ്പെട്ടു.  പള്ളിപ്പുറം ഭാഗത്തെ ഒരു ഫാമിൽ  വിഷു - ഈസ്റ്റർ വിപണി ലക്ഷ്യമിട്ടു വളർത്തിയിരുന്ന  തിരുതക്കുഞ്ഞുങ്ങളിൽ‌  ഭൂരിഭാഗവും ഇത്തരത്തിൽ  നഷ്ടമായി.

തിരുത കഴിഞ്ഞാൽ ഡിമാൻഡുള്ള  കരിമീനും ഇക്കുറി  അധികം കിട്ടാനില്ല.  കിട്ടുന്നവയ്ക്കു വലിപ്പവുമില്ല. വിഷു വേളയിൽ വില കിലോഗ്രാമിനു 650 രൂപ വരെയായിരുന്നു.. മീൻപ്രേമികൾക്ക്  ആശ്വാസമായതു തിലാപ്പിയ ആണ്. അടുത്തിടെ കാലാവധി അവസാനിച്ച വേനൽക്കാല ചെമ്മീൻകെട്ടുകളിൽ നിന്നു  വലിപ്പം കുറഞ്ഞ തിലാപ്പിയ  ലഭിക്കുന്നുണ്ട് . മുള്ളിനു ബലംവച്ചിട്ടില്ലാത്തതിനാൽ  വറുക്കാനാണ് അനുയോജ്യം.  വളർത്തുകേന്ദ്രങ്ങളിൽ നിന്നാണു  വലിപ്പമുള്ള  തിലാപ്പിയ മാർക്കറ്റിലെത്തുന്നത്. വില കിലോഗ്രാമിനു 350 രൂപ വരെ. 

വീടുകൾ  കേന്ദ്രീകരിച്ച് അക്വാപോണിക്സ്  കൃഷി നടത്തുന്നവർ കുറഞ്ഞ തോതിൽ ഗിഫ്റ്റ് തിലാപ്പിയ വിൽപനയ്ക്കെത്തിക്കുന്നുണ്ട്. കണമ്പിന് ആവശ്യക്കാരുണ്ടെങ്കിലും  ലഭ്യത കുറവാണ്. പുഴയിൽ മത്സ്യബന്ധനം നടത്തുന്നവർക്കു  കുറഞ്ഞ തോതിൽ കണമ്പ്  ലഭിക്കുന്നുണ്ട്. നേരിട്ടു വാങ്ങിയാൽ കുറഞ്ഞ വിലയ്ക്കു കിട്ടുകയും  ചെയ്യും. കായൽ മീനുകൾ കിട്ടാനില്ലാത്തതിനാൽ കടൽ മീനുകളെയാണു പലരും ആശ്രയിക്കുന്നത്. നെയ്മീൻ , കേര തുടങ്ങിയവയ്ക്കാണു ആവശ്യക്കാർ .അതേസമയം ചെമ്മീൻ ആവശ്യത്തിനു  ലഭ്യമാണ്.  ചെമ്മീൻകെട്ടുകൾ അവസാനിച്ചെങ്കിലും പുഴയിൽ നിന്നു മേശമല്ലാത്ത തോതിൽ  ചെമ്മീൻ ലഭിക്കുന്നുണ്ട്. ഇടത്തരം വലിപ്പമുള്ള  നാരൻ ചെമ്മീൻ കിലോഗ്രാമിനു 300 രൂപയോളം കൊടുത്താൽ  മതിയാകും.