ഭക്ഷണം കഴിക്കാൻ വേണ്ടി ജീവിക്കുന്നവരേ, ഇതാ നിങ്ങൾക്കൊരു മാതൃക. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതനുസരിച്ച് നമുക്ക് വരുമാനം ലഭിക്കുന്ന മനോഹരമായ സ്വപ്നമാണ് കിം തായ് എന്ന  കൊറിയൻ യു ട്യൂബർ യാഥാർഥ്യമാക്കിയിരിക്കുന്നത്. കിമ്മിന്റെ ഈറ്റ് വിത്ത് കിം എന്ന യു ട്യൂബ് ചാനലിലാണ് സംഭവം. കിം വിവിധതരം ഭക്ഷ്യവസ്തുക്കൾ അകത്താക്കുന്ന വിഡിയോകളാണ് ഇതിലുള്ളത്. ക്യാമറയ്ക്കു മുന്നിലാണ് കഴിക്കാനുള്ള ഐറ്റം വയ്ക്കുക. അതു കാണുമ്പോൾ തന്നെ പ്രേക്ഷകന്റെ വായിൽ വെള്ളമൂറും. തുടർന്ന് കൊതിപ്പിച്ചു കൊല്ലാൻ കിമ്മിന്റെ വർണനകൾ വേറെ. കിം കഴിച്ചു തുടങ്ങിയാൽപിന്നെ ഓരോ നിമിഷവും സ്വാദിന്റെ വിവരണങ്ങളാണ്. ശരാശരി 20 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ കണ്ടുതീർക്കുമ്പോഴേക്കും ഒരു ആനയെ തിന്നാനുള്ള വിശപ്പുണ്ടാവും പ്രേക്ഷകന്.

എന്തായാലും ഏതാനും മാസങ്ങൾ കൊണ്ട് ഈറ്റ് വിത്ത് കിം മാരക വൈറലായി. എട്ടു മാസം കൊണ്ട് 2 ലക്ഷം സബ്‍സ്ക്രൈബർമാർ. എന്നാൽ, സ്പോൺസർമാരും പരസ്യദാതാക്കളും കിമ്മിനു മുന്നിൽ വിഭവം നിരത്താൻ വരി നിന്നതോടെ വരുമാനം വർധിച്ചു. യു ട്യൂബിൽ നിന്നുള്ള പരസ്യവരുമാനത്തിനു പുറമേ സ്പോൺസർഷിപ്പിലൂടെ കാശുവാരിത്തുടങ്ങിയപ്പോൾ കിം ജോലി രാജിവച്ച് ഫുൾടൈം യു ട്യൂബ് ചാനലിൽ സജീവമായി.

എങ്കിൽ, നാളെ മുതൽ ബ്രേക്ഫാസ്റ്റ് മുതൽ ഡിന്നർ വരെ യു ട്യൂബിലാക്കാം എന്നു കരുതി ക്യാമറയെടുക്കാൻ വരട്ടെ. കയ്യിൽ കിട്ടുന്നതെല്ലാം ക്യാമറ തുറന്നു വച്ചു കഴിക്കുകയല്ല കിം ചെയ്യുന്നത്. പ്രേക്ഷകർക്ക് രസിക്കുന്ന, വെറൈറ്റിയുള്ള ഐറ്റംസിലാണ് കിമ്മിന്റെ പിടി. രസകരമായ അവതരണവും വിവരണങ്ങളും വിഡിയോകൾക്കു സ്വാദ് കൂട്ടുകയും ചെയ്യുന്നു.