ഭാരതത്തിൽ കാലാകാലങ്ങളിൽ ചില അവതാരങ്ങൾ സംഭവിക്കാറുണ്ട്. പ്രത്യേകിച്ചും കേരളത്തിൽ. പണ്ടെല്ലാം ഈശ്വരൻ മനുഷ്യനായി അവതരിക്കുന്നതാണു പതിവെങ്കിൽ ഈയിടെയായി തീറ്റപ്പണ്ടങ്ങളാണ് ആധുനിക കാലത്ത് അവതരിക്കുന്നത്. ഇതിനെയാണു സംഭവാമി യുഗേയുഗേ എന്നു പറഞ്ഞിരിക്കുന്നത്. 

പൊരിച്ച കോഴിയും പിച്ചാത്തിയു(ക്ഷമിക്കണം, ചപ്പാത്തിയും)മാണ് ആദ്യത്തെ അവതാരം. അതിലും മുമ്പത്തെ അവതാരം പൊറോട്ടയും ബീഫുമാണെന്നു വാദിക്കുന്ന ചരിത്രകാരൻമാരുണ്ട്. എന്തായാലും അവതാരങ്ങൾ ഭക്ഷണത്തിന്റെ രൂപത്തിലാണു സംഭവിക്കുകയെന്നു പറഞ്ഞതു സത്യം തന്നെ. വിശക്കുന്ന മനുഷ്യന്റെ മുന്നിൽ ഈശ്വരൻ പ്രത്യക്ഷപ്പെടുന്നതു ഭക്ഷണത്തിന്റെ രൂപത്തിലായിരിക്കുമെന്നു പറഞ്ഞത് ആരായാലും സംഗതി സത്യം തന്നെ.

പൊരിച്ച കോഴിക്കും പിച്ചാത്തിക്കും ശേഷം ചിക്കൻ ബ്രോസ്റ്റ് വന്നു. അതു കഴിഞ്ഞപ്പോൾ കുഴിമന്തി. കരിമന്തിക്കു ശേഷം ഇത്തരമൊരു മന്ത്രിയെ കണ്ടതിന്റെ അങ്കലാപ്പിലായിരുന്നു ശരാശരി മലയാളി. കരിങ്കുരങ്ങിനെപ്പോലെ എന്തോ ഒരു കുരങ്ങനാണു കുഴിമന്തിയെന്നു തെറ്റിദ്ധരിച്ച് അതിനെ ചൊക്കനെന്നു വിളിച്ച തിരുവനന്തപുരത്തുകാരെയും നേരിട്ടു കാണാൻ ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്. അതെല്ലാം പോയി. പിന്നെ വന്നതു കുലുക്കിസർബത്ത് ആണ്. അതും പലതരം. കോഴിക്കോടൻ, പാലക്കാടൻ, കുട്ടനാടൻ....

എന്നു തുടങ്ങി ഏതു നാടുണ്ടെങ്കിലും അതിന്റെ പുറകെ കുലുക്കി സർബത്ത് എന്നു ചേർക്കാവുന്ന നില വന്നു. കുലുക്കി സർബത്തിന്റെ മാർക്കറ്റ് ഡിം ആയപ്പോൾ അതാ വരുന്നു ഫുൾജാർ സോഡ.  നഗരത്തിൽ ബവ്റിജസ് കോർപറേഷൻ ഒൗട്‌ലെറ്റിനെക്കാൾ വലിയ ക്യൂ എവിടെ കണ്ടാലും ഉറപ്പിക്കണം ആ കടയിൽ ഫുൾജാർ സോഡ വിൽപനയുണ്ടെന്ന്. പതിവു പോലെ ടിയാൻ അവതരിച്ചതു കോഴിക്കാട്ടു തന്നെ. എന്നാൽ അതിനു മുൻപു തന്നെ അവതാരത്തിന്റെ ചില ദൃഷ്‌ടാന്തങ്ങളും ലക്ഷണങ്ങളും മലപ്പുറത്തും കണ്ണൂരിലും കണ്ടതായി ചില ഗവേഷകർ സാക്ഷ്യപ്പെടുത്തുന്നുണ്ട്. 

എന്തായാലും ഏതു സാധനമായാലും അതു വിൽക്കാൻ ഏറ്റവും എളുപ്പമുള്ള സ്ഥലം തിരുവനന്തപുരമാണെന്നതിന് ഇതിൽപരം ഉദാഹരണമൊന്നും വേണ്ടതില്ല. അവതാരങ്ങൾക്ക് ഏറ്റവും വിപണിമൂല്യം കേരളത്തിലെ മറ്റൊരു നഗരത്തിലും കിട്ടാൻ സാധ്യതയില്ല. ചാണകമാണെങ്കിലും ഉണക്കിപ്പൊടിച്ചു കവറിലാക്കി പ്രദർശനത്തിനു വച്ചാൽ 100 ഗ്രാമിനു 120 നിരക്കിൽ വാങ്ങാൻ വേറെ എതെങ്കിലും നഗരവാസികൾ തയാറാകുമോ? സംഭവാമി യുഗേയുഗേ എന്നു  പറഞ്ഞത് എത്ര സത്യം.