ആദിവാസിക്കുടികളിൽ പോയി ‘ഇത്തിരി ചമ്മന്തി തരൂ’ എന്നു പറഞ്ഞിട്ടു കാര്യമില്ല.പിന്നെ എന്തു പറയണം.....

മഴക്കാലമാണ്. ചൂടുകഞ്ഞി ഊതിയൂതിക്കുടിച്ചിരിക്കാൻ നല്ല സുഖവുമാണ്. കഞ്ഞിക്കൊപ്പം ചുട്ടരച്ച ചമ്മന്തിയും ചുട്ട പപ്പടവുമുണ്ടെങ്കിൽ..ആഹാ. ചമ്മന്തിയരച്ചു കഴിക്കുന്നതിന് ആദിമ ഗോത്ര ജനതയാണ് തുടക്കമിട്ടതെന്നുവേണം  കരുതാൻ. ചമ്മന്തിയില്ലാതെ ഗോത്രവിഭാഗങ്ങളുടെ ഒരു ദിവസം മുന്നോട്ടുപോവില്ല. എന്നാൽ ആദിവാസിക്കുടികളിൽ പോയി ‘ഇത്തിരി ചമ്മന്തി തരൂ’ എന്നു പറഞ്ഞിട്ടു കാര്യമില്ല. ബജ്ജി എന്നാണ് ഗോത്ര സമൂഹത്തിൽ ചമ്മന്തിയുടെ വിളിപ്പേര്.

തേങ്കബജ്ജി,നീൽഗ ബജ്ജി, തക്കവിച്ച് ബജ്ജി തുടങ്ങി പലതരം ബജ്ജികളാണ് രുചി വിസ്മയം തീർക്കുന്നത്. പേരുകേട്ട് അമ്പരപ്പെടണ്ട. നീൽഗയെന്നാൽ നെല്ലിക്കയാണ്. തക്കവിച്ച് എന്നാൽ ചക്കക്കുരുവാണ്. ബാനയയ് എന്നാൽ വഴുതനയാണ്.

വേട്ടക്കുറുമ വിഭാഗക്കാരാണ് ബജ്ജികളുടെ രാജാക്കൻമാർ. ഈ ലോകത്ത് കഴിക്കാൻ പറ്റുന്ന എന്ത് ഭക്ഷണവും അവർ ബജ്ജിയാക്കി മാറ്റും. 

കാട്ടുബാനയ് ബജ്ജി, തക്കവിച്ച് ബജ്ജി, നണ്ട് എന്നിവ ചുട്ടരച്ചാണ്  തയാറാക്കുക. കനലും ചാരവുമുള്ള അടുപ്പിലിട്ട് ചെറുതായി ചുട്ടെടുക്കുകയാണ് ചെയ്യേണ്ടത്.  ഇതിൽ വാളൻപുള‌ി അഥവ ക്യാട് ഗയ്പ്പുലി, കാന്താരിമുളക് അഥവ ജിർമാക്ക്ഗായ് ആവശ്യത്തിന് ഉപ്പ് എന്നിവ ചേർക്കുന്നു. ഇത് ചെറിയ ഉരലിലിട്ട് അരയ്ക്കുന്നു. കിറ് അര്ളി‍ൽ എന്നാണ് ഉരലിന്റെ പേര്.

മഴക്കാലത്ത് പുഴയിൽ ഒഴുകിവരുന്ന മാമ്പഴം കൊണ്ട് കാശുമ്പുലിയ് ഉണ്ടാക്കുന്ന വിധം മുൻപ് പറഞ്ഞിട്ടുണ്ട്. ഈ കാശുമ്പുലിയും ബജ്ജിയായി രൂപം മാറാറുണ്ട്.ഉപ്പും വറ്റൽ മുളകും ചേർത്തരച്ച് കാശുമ്പുലിയ് കടുത്തപനിക്കും ചുമയ്ക്കും മികച്ച മരുന്നാണത്രേ.