ഇത്യോപ്യയും സുഡാനുമാണ് കാപ്പിച്ചെടിയുടെ ജന്മദേശം  എന്നാണ് പൊതുവേ അംഗീകരിക്കപ്പെട്ടിരിക്കുന്നത്.   എന്നാൽ കാപ്പി എന്ന  പാനീയം കണ്ടുപിടിച്ചത് യെമനാണ്, 15–ാം നൂറ്റാണ്ടിൽ. കാപ്പിയുടെ രുചിയും മണവും ഗുണവും ഓരോ ദേശത്തും വ്യത്യസ്തമാണ്. കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീനാണ് കാപ്പിയുടെ ‘ഉത്തേജന ശക്തി’. അത് ചുരുങ്ങിയ അളവിൽ ലഭിച്ചാലേ ശരീരത്തിന് ഉൗർജവും ഉന്മേഷവും ലഭിക്കൂ.മറിച്ച്,  കൂടുതൽ അകത്തുചെന്നാൽ അതു ശരീരത്തിന് ദോഷമേ സമ്മാനിക്കൂ. 

കാപ്പിയും കാപ്പികുടിയും ആരോഗ്യത്തിന് നല്ലതോ ചീത്തയോ എന്ന കാര്യത്തിൽ നടക്കുന്ന ഗവേഷണങ്ങൾക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പഠനങ്ങൾ പലതും വിരൽചൂണ്ടുന്നത് കാപ്പികുടിയുടെ നന്മയിലേക്കാണ്. എന്നാൽ അമിതമായാൽ ആപത്ത് എന്ന ദിശയിലാണ് ചില പഠനങ്ങൾ. 

ശരീരത്തിന് ഉൗർജം സമ്മാനിക്കുന്നതിൽ തുടങ്ങുന്നു കാപ്പിയുടെ ഗുണം. പല രോഗങ്ങൾക്കെതിരെയും മികച്ചൊരു പ്രതിരോധമതിൽ തീർക്കാൻ കാപ്പിക്കാവും. കാപ്പിയിലെയും ചായയിലെയും ആന്റി ഓക്‌സിഡന്റുകളും മറ്റു ഘടകങ്ങളും പ്രമേഹത്തെ പ്രതിരോധിക്കുന്നുണ്ട്. കൂടിയ അളവിൽ ചായയും കാപ്പിയും മധുരമിടാതെ കഴിക്കുന്നവരിൽ പ്രമേഹഭീഷണി കുറവാണെന്ന് 2009ൽ ഒരു രാജ്യാന്തര ഗവേഷണ സംഘം കണ്ടെത്തയിരുന്നു. കാപ്പി, ചായ എന്നിവ കഴിക്കുന്നതു കൂടുന്നതിന് അനുസരിച്ചു ടൈപ്പ് - രണ്ട് പ്രമേഹത്തിന്റെ അപകടസാധ്യത കുറയുന്നുവെന്നായിരുന്നു അന്നത്തെ കണ്ടെത്തൽ. 

കാപ്പിയിലെ കഫീൻ ഘടകം ത്വക്ക് കാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കുമെന്നു പഠനങ്ങൾ തെളിയിക്കുന്നു. അൾട്രാ വയലറ്റ് റേഡിയേഷൻ നടത്തിയ ചർമകോശങ്ങളിൽ കാണുന്ന പ്രത്യേക പ്രൊട്ടീനുകളുടെ (എടിആർ) പ്രവർത്തനം കഫീൻ തടസ്സപ്പെടുത്തുന്നതായാണു കണ്ടെത്തൽ. ഇതുവഴി ഈ കോശങ്ങൾക്കു സ്വയം നശിക്കേണ്ടിവരുന്നു. 

കേടായ കോശങ്ങൾ തുടർന്നു വളരാൻ സഹായിക്കുന്നത് എടിആർ ഘടകമാണ്. ഇത് തടയുന്നതുമൂലം കൂടുതൽ കോശങ്ങളിലേക്കു കാൻസർ പടരാനുള്ള സാധ്യത കൂടിയാണ് കഫീൻ പ്രതിരോധിക്കുന്നത്. അതേസമയം, സാധാരണ കോശങ്ങളിൽ കഫീൻ മറ്റു മാറ്റങ്ങൾ വരുത്തുന്നുമില്ല. ഒരു ഡോസ് റേഡിയേഷൻ നൽകിക്കഴിഞ്ഞ കോശങ്ങൾ തുടർന്നു സ്വാഭാവികമായി നശിക്കുന്നതിനുള്ള സൗകര്യമാണു കഫീൻ ഒരുക്കുന്നത്.

പ്രശസ്തമായ ജോൺസ് ഹോപ്‌കിൻസ് സർവകലാശാല 2003ൽ പുറത്തിറക്കിയ  അവരുടെ പഠനവും കാപ്പിയുടെ നന്മയാണ് വിളിച്ചോതുന്നത്. മിതമായ തോതിൽ കാപ്പി കുടിക്കുന്നതു രക്‌തസമ്മർദം കൂട്ടില്ലെന്നു അവർ കണ്ടെത്തിയിരിരുന്നു. ദിവസം രണ്ടു കപ്പ് കാപ്പി കുടിക്കുന്നവർക്ക് ഇക്കാരണംകൊണ്ടുമാത്രം രക്‌തസമ്മർദം അമിതമായി കൂടില്ലെന്നും പഠനറിപ്പോർട്ടിൽ പറയുന്നു. 

ദിവസേന മൂന്നു കപ്പു മുതൽ അഞ്ചു വരെ കാപ്പി അകത്താക്കുന്നത് തലച്ചോറിന് നല്ലതാണത്രെ. പ്രത്യേകിച്ച് പ്രായമായവരിൽ തലച്ചോറിന്റെ സൂക്ഷ്മമായ പ്രവർത്തനങ്ങൾ നിലനിർത്തുകയും മറവി രോഗങ്ങൾ ഒരു പരിധിവരെ തടയുകയും ചെയ്യും. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് ഇൻഫർമേഷൻ ഓൺ കോഫി നടത്തിയ പഠനങ്ങളാണ് ഈ ശാസ്ത്രീയ പഠനത്തിലേക്കു നയിച്ചത്. പഠനങ്ങൾ പ്രകാരം സാധാരണ നിലയിൽ കാപ്പി കുടിക്കുന്ന ഒരാൾക്ക് മറവി രോഗം വരാനുള്ള സാധ്യത 27 ശതമാനം കുറവാണ്. സ്ഥിരമായിട്ട് ദീർഘനാൾ കാപ്പി കുടിക്കുന്ന ഒരാളിലാവട്ടെ ഇത്തരം രോഗം വരില്ലത്രെ. കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീന‌ാണ് മറവി രോഗത്തെ തടയുന്ന പ്രധാന ഘടകം.