ഒരു ചായ കുടിച്ചില്ലെങ്കിൽ നേരം വെളുക്കാത്തവരാണ് നമ്മളിൽ അധികവും. വെള്ളം കഴിഞ്ഞാൽ നമ്മൾ ഏറ്റവും അധികം കുടിക്കുന്നതും ചായ തന്നെ. ഇന്ത്യക്ക് ഒരു ദേശീയ പാനീയമുണ്ടെങ്കിൽ അതും ചായ മാത്രം. ഒന്നും കഴിച്ചില്ലെങ്കിലും വെറും ചായ കുടിച്ചാൽ മതി, എന്തോ ആയെന്നു തോന്നും പലർക്കും. ലോകത്ത് തേയില കയറ്റുമതിയിൽ രണ്ടാമതാണ് ഇന്ത്യയുടെ സ്ഥാനം. രാമായണത്തിൽ ചായയെ കുറിച്ച് പരാമർശമുള്ളതായി പറയപ്പെടുന്നു. എന്നാൽ ബ്രിട്ടീഷുകാർ എത്തിയ ശേഷമാണ് ഇന്ത്യയിൽ ചായ ഒരു ശീലമാകുന്നത്. 

മധുരവും കയ്പും എരിവും തുടങ്ങി ഒട്ടേറെ ചായരുചികൾ നാവിനെ ഹരംപിടിപ്പിക്കുന്നതായി ഇന്ത്യയുടെ പലയിടത്തുമുണ്ട്. ഔഷധക്കൂട്ടുകളും സുഗന്ധദ്രവ്യങ്ങളും ചേർത്ത മസാലച്ചായ രാജ്യത്തുടനീളം പ്രശസ്തനാണ്. അസമിലാണ് ഇതിനുള്ള തേയില പ്രധാനമായും കൃഷി ചെയ്യുന്നത്. ഇഞ്ചിപ്പുല്ല് മേമ്പൊടി ചേർത്ത ഇഞ്ചിച്ചായ, എലക്കാ ചായ എന്നിവയും മസാല ചായകളിലെ വ്യത്യസ്തന്മാരാണ്. ഇന്ത്യ തന്നെയാണ് ഇത്തരം ചായകളുടെ ജന്മഗേഹം. 

കേരളീയർ സർവസാധാരണയായി കുടിക്കാറുള്ള കട്ടൻ ചായയുടെ മറ്റൊരു വകഭേദമാണ് നൂൺ ചായ അഥവ‌ാ കശ്മീരി ചായ. പരമ്പരാഗതമായ സമാവറിലാണ് കശ്മീരിലും രാജസ്ഥാനിലുമെല്ലാം ഇതു തിളപ്പിക്കുന്നത്. ഇന്ത്യയുടെ ഹിമാലയൻ മേഖലകളിൽ കണ്ടു വരുന്ന പ്രത്യേക തരം ചായയാണ് ബട്ടർ ചായ(ഗുർ ഗുർ ചായ). യാക്ക് എന്ന മൃഗത്തിന്റെ നെയ്യാണ് ഈ ചായയിൽ പ്രധാനമായും ഉപയോഗിക്കുന്നത്. മധുരത്തേക്കാൾ ഉപ്പുരസമാണ് ഇതിൽ മുന്നിട്ടു നിൽക്കുക. ഇവിടത്തെ നാടോടി വിഭാഗക്കാർ ദിവസേന 40 കപ്പ് ബട്ടർ ചായ കുടിക്കുമെന്നാണ് പറയുന്നത്. ഔഷധമായി സേവിക്കുന്ന ഗ്രീൻ ടീയെ കുറിച്ച് എടുത്തു പറയേണ്ട ആവശ്യമില്ല. ഇതിനേക്കാൾ കുറച്ചുകൂടി ഗുണമേറും ഹെർബൽ അഥവ ഔഷധച്ചായയ്ക്ക്. നാരകം, ഇഞ്ചി, ഇഞ്ചിപ്പുല്ല്, കൂവളം, കറുവാപ്പട്ട, മല്ലി, ചെമ്പരത്തി തുടങ്ങിയവയാണ് ഇതിന്റെ ചേരുവകൾ. ചേരുവകളുടെ ഏറ്റക്കുറച്ചിൽ അനുസരിച്ച് ഹെർബൽ ചായ പല രുചികളിലും ഉണ്ടാക്കിയെടുക്കാം. 

സുഗന്ധവ്യഞ്ജനങ്ങൾ ചേർത്ത് ഇറാനി ചായ ബണ്ണിനൊപ്പം കഴിക്കുന്നതും ചായരുചിയിലെ വേറിട്ട അനുഭവമാണ്. പുണെ, ഹൈദരാബാദ് എന്നിവിടങ്ങളാണ് ഇറാനി ചായയുടെ വിഹാരകേന്ദ്രം. പുണെയിൽ തന്നെ ചായയുടെ വ്യത്യസ്ത വകഭേദങ്ങളായ അമൃത് തുല്യ ചായയും തന്തൂരി ചായയും കാണാം. പിച്ചള പാത്രത്തിൽ ഏലയ്ക്കാ പൊടിച്ചിട്ട് ഇഞ്ചി ചേർത്ത് ഉണ്ടാക്കുന്നതാണ് അമൃത് തുല്യ ചായ. മൺപാത്രത്തിൽ ഉണ്ടാക്കുന്ന തന്തൂരി ചായ താരതമ്യേന ന്യൂജനറേഷനാണ്.