സ്വന്തം ഉയർച്ച കണ്ട് സ്വയം കണ്ണു തള്ളി നിന്നവനാണ് ചക്ക.  ചക്കവിഭവങ്ങളിൽ പുതിയ കണ്ടെത്തലുകൾ നടത്തുന്നതാണ് വിപണിയുടെ ഇപ്പോഴത്തെ ഹോബി. ചക്കകേക്കും ചക്ക ഐസ്‌ക്രീമും ചക്ക ജാമും ചക്കപേഡയുമൊക്കെ ചക്കമഹാത്മ്യം വിളിച്ചോതി നമ്മുടെ നാവിൽ കയറിയിറങ്ങിപ്പോകുന്നു. അടിച്ചമർത്തലുകൾ കുറേ നേരിട്ട ചക്ക അങ്ങനെ എന്തിനും പോന്നവനായി നിവർന്നങ്ങനെ നിൽക്കുന്നു.

ദേശങ്ങളും അതിരുകളും കടന്ന്, രൂപം മാറി മാറി ചക്ക യാത്രയിലാണ്.

മംഗളൂരുവിൽ നാലു മണി പലഹാരങ്ങളിൽ ഏറെ പ്രിയപ്പെട്ടതാണ് ചക്കകൊണ്ട്ഉണ്ടാക്കുന്ന ഗരിയോ. അരിപ്പൊടി, പഴുത്ത ചക്ക, പഞ്ചസാര, തേങ്ങ ചിരവിയത്എന്നിവ ചേർത്തു കുഴച്ച്, ചെറു ഉരുളകളാക്കി വെളിച്ചെണ്ണയിൽവറുത്തെടുക്കുന്ന പലഹാരമാണിത്.

കുറച്ചുകൂടി വടക്കോട്ടു പോയാൽ ഗോവയിലെ പൻസാച്ചേ ദോനസ് എന്ന ചക്ക കേക്ക് കഴിക്കാം. റവ, ശർക്കര, തേങ്ങ, ഉണക്കപ്പഴങ്ങൾ എന്നിവ ചേർത്താണ് ഈ കേക്ക് ഉണ്ടാക്കുന്നത്. അവസാനം നെയ്യിൽ ഇട്ട് വറുത്തെടുക്കുന്നത് ഈ വിഭവത്തെ രുചിയുടെ മറ്റൊരു തലത്തിലെത്തിക്കുന്നു.

കർണാടകയിലും ബംഗാളിലും ചക്കകൊണ്ടുള്ള പുഡിങ് പ്രശസ്തമാണ്. മഹാരാഷ്ടയിൽ ഫനസ് പൊലി എന്നു വിളിക്കുന്ന അരി കേക്കിലെ പ്രധാന ചേരുവ ചക്കയാണ്.മസാലകൾ, ഉള്ളി, കട്ടത്തൈര്, നെയ്യ് എന്നിവ ചേർത്ത് പച്ചച്ചക്ക ഫ്രൈ ചെയ്ത് അതിലേക്ക് ബിരിയാണി അരി ചേർത്ത് പാകം ചെയ്യുന്ന കതൽ കി തെഹരി ഉത്തർ പ്രദേശുകാർ ആട്ടിറച്ചി പുലാവിന് തുല്യമായി കാണുന്ന ഒരു വിഭവമാണ്.

വിശേഷാവസരങ്ങളിൽ ബംഗാളികൾ കോഴിക്കറിക്കു പകരം വിളമ്പുന്ന പച്ചക്കറി വിഭവമാണ് ചക്കകൊണ്ടുള്ള എൻജോറർ ദൽന.

കതൽ കി ബിരിയാണി അഥവ ചക്ക ബിരിയാണി കേരളീയർ അധികം പരീക്ഷിക്കാത്ത ഒരു വിഭവമാണ്. ഇന്ത്യയുടെ കിഴക്കു ഭാഗത്ത് ചക്ക ബിരിയാണിയിൽ കടുക് ധാരാളമായി ചേർക്കുമ്പോൾ, ഉത്തരേന്ത്യക്കാർ ഖരം മസാല കൂടുതലായി ഇടുന്നു. തെക്കേ ഇന്ത്യയിൽ മുളകും തേങ്ങയുമാണ് ചക്ക ബിരിയാണിയിൽ മുന്നിട്ടു നിൽക്കുക.

ചക്കക്കുരു ഇടിച്ച് മുളകും ഉള്ളിയും ചേർത്ത് കടുകെണ്ണയിൽ പാകം

ചെയ്‌തെടുക്കുന്ന വിഭവം ഇന്ത്യയുടെ തെക്കുകിഴക്കൻ മേഖലയിലെ ഒരു പ്രധാനചക്ക രുചിയാണ്. കുടകിലുള്ളവർ ചക്കക്കുരുകൊണ്ട് ചട്ണിയുണ്ടാക്കി അതിനെ ചെക്കെ കുരു പജ്ജി എന്നു വിളിക്കുന്നു. കൊങ്കൺ മേഖയിൽ ചക്ക ബജി ഏറെ പ്രശസ്തമാണ്.