മലേഷ്യയിലെത്തുന്ന വിനോദ സഞ്ചാരികൾക്കായി രാത്രികളെ പകലാക്കുന്ന രുചി നിരത്തുകളുടെ ഓർമകളുണർത്തി ഒരു ഭക്ഷ്യമേള. മലേഷ്യയുടെ തനതു രുചിയെ മലയാളിക്കു പരിചയപ്പെടുത്തുന്നതിനായാണ് ടൂറിസം മലേഷ്യ ഫുഡ് ഫെസ്റ്റ് കൊച്ചി മാരിയറ്റിൽ സംഘടിപ്പിച്ചിരിക്കുന്നത്. മലേഷ്യന്‍ കോണ്‍സുലേറ്റും ടൂറിസം മലേഷ്യയും മലിന്‍ഡോ എയറുമായി സഹകരിച്ചാണ് ഇത് സംഘടിപ്പിച്ചിരിക്കുന്നത്. മലേഷ്യയുടെ രുചിക്കൂട്ടുകൾക്ക് മലേഷ്യയിൽ നിന്നുള്ള അറിയപ്പെടുന്ന ഷെഫ് സൈനല്‍ ചുക്കാൻ പിടിക്കുന്നു. 

ജൂലൈ 14 വരെ എല്ലാ ദിവസവും വൈകിട്ട് 7 മുതല്‍ രാത്രി 11 വരെയാണ് ടൂറിസം മലേഷ്യ ഫുഡ് ഫെസ്റ്റിവല്‍ നടക്കുന്നത്. മാരിയറ്റിലെ കൊച്ചി കിച്ചനില്‍ മലേഷ്യന്‍ വിഭവങ്ങള്‍ ആസ്വദിക്കാം. ഷെഫ് സൈനലിന്റെ പാചക വൈദഗ്ധ്യവും അക്രോബാറ്റിക് മികവും ഒത്തുചേരുന്ന പ്രകടനം ഫുഡ് ഫെസ്റ്റിവലിന്റെ പ്രധാന ആകര്‍ഷണമാണ്. പാചക മികവില്‍ കാല്‍നൂറ്റാണ്ടിന്റെ പരിചയസമ്പന്നതയുള്ള ഷെഫ് സൈനലിനൊപ്പം ഹോട്ടല്‍ മാരിയറ്റിലെ ഷെഫ് രവീന്ദര്‍ പന്‍വാറും സംഘവുമുണ്ട്. 

മലേഷ്യന്‍ ശൈലിയില്‍ ഒരുക്കുന്ന ചിക്കന്‍ വിഭവങ്ങള്‍, മത്സ്യവിഭവങ്ങള്‍, മുട്ട വിഭവങ്ങള്‍, വെജ് വിഭവങ്ങള്‍, മലേഷ്യന്‍ മധുരപലഹാരങ്ങള്‍, മലേഷ്യന്‍ ഗ്രാമീണവിഭവങ്ങള്‍, സ്ട്രീറ്റ് ഫുഡ് എന്നിവയുടെ വൈവിധ്യമാര്‍ന്ന രുചികള്‍ കൊച്ചിയിലെ ഭക്ഷണ പ്രേമികള്‍ക്ക് പുതിയ അനുഭവമാണ് സമ്മാനിക്കുന്നത്. സമാപന ദിവസമായ 14ന് പകല്‍ 12.30 മുതല്‍ 4 മണി വരെ വിപുലമായ മലേഷ്യന്‍ സ്‌പെഷ്യല്‍ ബ്രഞ്ച് ഒരുക്കും. വിശിഷ്ടാതിഥികള്‍ പങ്കെടുക്കും.  

ടൂറിസം മലേഷ്യ ഡെപ്യൂട്ടി ഡയറക്ടര്‍ ലോഗി ധാസന്‍ ധനരാജ്, കൊച്ചി മാരിയറ്റ്  ജനറല്‍ മാനേജര്‍ സുമീത് സൂരി തുടങ്ങിയവര്‍ ഫുഡ്ഫെസ്റ്റ് ഉദ്ഘാടനചടങ്ങിൽ പങ്കെടുത്തു. ഒരു ദശലക്ഷം ഇന്ത്യന്‍ വിനോദ സഞ്ചാരികളെ വിസിറ്റ് മലേഷ്യ 2020 പദ്ധതിയുടെ ഭാഗമായി മലേഷ്യയിലേക്ക് എത്തിക്കുവാനാണ് പദ്ധതിയിടുന്നത്. ഇതിന്റെ പ്രചരണാർഥം മലേഷ്യന്‍ ഫുഡ് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്ന ഭാഗ്യശാലികള്‍ക്ക് മലേഷ്യയിലേക്കുള്ള വിമാന ടിക്കറ്റുകള്‍ സമ്മാനമായി ലഭിക്കുമെന്ന് ലോഗി ധാസന്‍ ധനരാജും കൊച്ചി മാരിയറ്റ്  ജനറല്‍ മാനേജര്‍ സുമീത് സൂരിയും അറിയിച്ചു.