ഗോർമോണ്ട് ഇന്റർനാഷനൽ ബെസ്റ്റ് ഷോ കിച്ചൻ പുരസ്കാരം പാചക വിദഗ്ധ നിമി സുനിൽകുമാറിന്. ഈ മാസം 3,4 തീയതികളിൽ മെക്കാവുവിൽ നടന്ന ഗോർമോണ്ട് കുക് ബുക് അവാർഡ്സ് ചടങ്ങിലാണു നിമിക്കു ബെസ്റ്റ് ഷോ കിച്ചൻ പുരസ്കാരം സമ്മാനിച്ചത്. ‘യുനെസ്കോ സംഘടിപ്പിച്ച ഗ്ലോബൽ സമ്മിറ്റിന്റെ ഭാഗമായി പാരിസിൽ ഈഫൽ ടവറിനു മുന്നിൽ വില്ലേജ് ഇന്റർനാഷനൽ ഡി ല ഗാസ്ട്രോളമി കുക്കറി ഷോയിൽ പങ്കെടുത്തിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്ന് 25 ഷെഫുമാരാണു തിരഞ്ഞെടുക്കപ്പെട്ടത്. അവിടെ കേരള രുചിക്കൂട്ടുകൾ അവതരിപ്പിക്കാൻ അവസരം ലഭിച്ചു. അതാണു ബെസ്റ്റ് ഷോ കിച്ചൻ അവാർഡിന് അർഹയാക്കിയത്’ – നിമിയുടെ വാക്കുകൾ.

തോരൻ, സാമ്പാർ, ബീറ്റ്റൂട്ട് കിച്ചടി, പാൽപ്പായസം ഒക്കെയാണു ചെയ്തത്. നമ്മുടെ സദ്യയുടെ ചെറുപതിപ്പ്. 45 – 50 മിനിറ്റിൽ വിഭവങ്ങളെല്ലാം തയാറാക്കണമായിരുന്നു. മെക്കാവു രാജ്യാന്തര പുസ്തക മേളയോടനുബന്ധിച്ചു നടത്തിയ ഷെഫ് കിച്ചനിലേക്കു തിരഞ്ഞെടുക്കപ്പെട്ട 12 പേരിലും നിമി ഇടം നേടി. അർമേനിയയിൽ നിന്നുള്ള വേൾഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യുഎഫ്പി) ടീമിനൊപ്പം ഫ്യൂഷൻ ഫുഡ് ഷോ അവതരിപ്പിക്കാനും സാധിച്ചു. നമ്മുടെ തനതു വിഭവങ്ങൾ പ്രചരിപ്പിക്കാനാണ് ആഗ്രഹമെന്നു നിമി പറയുന്നു. 

തൃശൂർ പൂങ്കുന്നം സ്വദേശിയായ നിമി മൂന്നാർ ടാറ്റ സ്കൂളിലെ ഡയറ്റീഷ്യനാണ്. കേരളത്തിലെ നാലുമണി പലഹാരങ്ങളെക്കുറിച്ച് എഴുതിയ ‘ഫോർ ‘ഒ’ ക്ലോക് ടെംപ്റ്റേഷൻസ് കേരള’ എന്ന പുസ്തകത്തിനു നേരത്തെ ഗോർമോണ്ട് വേൾഡ് കുക് ബുക് പുരസ്കാരം ലഭിച്ചിരുന്നു. മൂന്നാറിൽ വിദേശ സഞ്ചാരികൾക്കായി പാചക ക്ലാസുകൾ നടത്തുന്ന നിമി ഫുഡ് ബ്ലോഗറും ഫോട്ടോഗ്രഫറുമാണ്.