ഗോത്രസമൂഹം എന്തുകഴിക്കുന്നു, അവരെങ്ങനെ പാചകം ചെയ്യുന്നു എന്ന കൗതുകക്കാഴ്ചയാണ് കാടിനുള്ളിലേക്കുള്ള യാത്ര. ഗോത്രസമൂഹം തേനീച്ചക്കുഞ്ഞുങ്ങളെ കറിവച്ചു കഴിക്കുന്നു എന്നതുകൊണ്ട് എല്ലാവരും അതുകഴിക്കണം എന്നല്ല. മറിച്ച് ഈ അന്യമാവുന്ന ആദിവാസി ഭക്ഷണരീതികൾ തേടിയുള്ളതാണ് ഗ്രാസ് റൂട്ടിന്റെ ഓരോ യാത്രയും.

തുള്ളിക്കൊരുകുടം ഇടമുറിയാതെ പെയ്യുന്ന കർക്കടകത്തിൽ കാട്ടിലെ ജനത എങ്ങനെയാണ് ജീവിക്കുക? ആകാശം മുട്ടുന്ന വലിയ മരങ്ങൾ, മഴയിൽ കുതിർന്നു നിൽക്കുന്ന ഇലകൾ‍. അനേകകായിരം പ്രാണികളും ജീവജാലങ്ങളും. ഇവയ്ക്കിടയിൽ കർക്കടക പെയ്ത്തിനെ പ്രതിരോധിക്കാൻ നല്ല ആരോഗ്യം വേണം.

നാട്ടിൽ കർക്കടകക്കാലത്ത് എല്ലാവരും ഔഷധക്കഞ്ഞി കുടിക്കുകയും പത്തിലക്കറികൾ ഒരുക്കുകയുമൊക്കെ ചെയ്യാറുണ്ട്. ആദിമ ഗോത്രവംശജരും ഇലകളെയാണ് മഴക്കാലത്ത് ആശ്രയിക്കാറുണ്ടായിരുന്നത്.

വേട്ടക്കുറുമ വിഭാഗമാണ് പലതരം ഇലക്കറികളുടെ ആശാൻമാർ‍. ‘ബെട്ടക്കുറുമ്പർ തേവേയ്കറി’ എന്ന് ബെട്ടക്കുറുമ്പ ഭാഷയിലറിയപ്പെടുന്ന ചീര വകകളാണ് ഇഷ്ടവിഭവം. റാഗി കൃഷിചെയ്തും ചീരകൾ കാട്ടിൽ നിന്നുമാണ് ലഭിക്കുന്നത്.

പലതരം ചീരകൾ വേട്ടക്കുറുമർ നട്ടുവളർത്താറുമുണ്ട്. ചാത്തെയ്ക്റി (തകരയില), ത്യെരെയ്ക്റി (ചുരയ്ക്കയുടെ ഇല) ചിൽക്കിരേയ്ക്റി (പരിപ്പിന്റെ ഇല), കുമ്പളേയ്ക്രി (മത്തങ്ങയുടെ ഇല), കട് കേയ്ക്റി (കടുകിന്റെ ഇല) ബുംതാളേയ്ക്റി (ഇളവന്റെ ഇല), ക്യാംപെയ്ക്റി (ചേമ്പിന്റെ ഇല), കാങ്കെയ്ക്റി (മണിത്തക്കാളി), ഇബണ്ടേയ്ക്റി ( പൊന്നാങ്കണി) മുള്ളേയ്ക്റി (മുള്ളൻ ചീര) കാസിനേയ്ക്റി (ഒട്ടുമുള്ളുചീര) താവെയ്ക്റി (ചുരുളിചീര) കിരേയ്ക്റി (തണ്ടു ചീര) ദഗ് ലേയ്ക്റി (ചാണകത്തിനടുത്ത് വളരുന്നത്) കേല്ഗൊണ്ടെയ്ക്റി ( നിലത്ത് പടരുന്നത്) യംനിലേയ്ക്റി (വയലിൽ കിട്ടുന്നത്) എന്നിവയാണ് പ്രധാന ഇലക്കറികൾ.

നാട്ടിലെ ആളുകൾക്ക് പരിചിതമല്ലാത്ത ചില ഇലക്കറികളും വേട്ടക്കുറുമർ കഴിക്കാറുണ്ട്. കാച്ചനേയ്ക്റി, കീർത്തേയ്ക്റി, കട്ടബണ്ടേയ്ക്റി, കെരഞ്ചട്ടേയ്ക്റി, ആലേയ്ക്റി, കൊളാനേയ്ക്റി, കുതിർ കൊമ്പിലേയ്ക്റി, ബൈൺ രേയ്ക്റി തുടങ്ങിയവ അതിൽ ചിലതാണ്.

ഇലകൾ ഉപ്പിട്ടുവേവിച്ച് കഴിക്കുന്നതാണ് പതിവ്. ഇതിനൊപ്പം ചോറോ കഞ്ഞിയോ വേണമെന്ന് ഒരു നിർബന്ധവുമില്ല. കയ്പുണ്ടെങ്കിൽ ഉപ്പുവെള്ളത്തിലിട്ട് പിഴിഞ്ഞ് കയ്പു കളയും.