ചോറും കറികളും കൂടുതൽ ആവശ്യപ്പെട്ടില്ലെങ്കിൽ ദേഷ്യപ്പെടുന്ന ഹോട്ടൽ ഉടമയെ കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ നേരെ വണ്ടിയെടുത്ത് പോരൂ. ആലപ്പുഴ-ചങ്ങനാശേരി എസി റോഡിൽ മനയ്ക്കച്ചിറയിലുള്ള 'അപ്പുച്ചേട്ടന്റെ കടയിലേക്ക്'.

ഉച്ചയ്ക്ക് 12 കഴിഞ്ഞാൽ മനയ്ക്കച്ചിറ ഭാഗത്ത് റോഡിനിരുവശത്തും സൂചി കുത്താൻ ഇടമില്ലാത്ത വിധം വാഹനങ്ങളുടെ തിരക്ക് തുടങ്ങും. 2 മണി വരെ ഈ തിരക്ക് തുടരുകയും ചെയ്യും. എല്ലാവരുടെയും ലക്ഷ്യസ്ഥാനം ഒന്നാണ്. അപ്പുച്ചേട്ടന്റെ കട.

അകത്തു കയറി കസേരയിൽ ഇരുന്ന് മേശയിൽ നോക്കിയാൽത്തന്നെ കണ്ണ് തളളും.

സാമ്പാർ, പുളിശേരി, പച്ചമോര്,രസം, മീൻ ചാറ്, സാലഡ്, അച്ചാർ, പച്ചടി, മുളക് ചമ്മന്തി ഇത്രയും വിഭവങ്ങൾ പാത്രങ്ങളിലാക്കി മേശയിൽ വച്ചിട്ടുണ്ടാവും. പിന്നാലെ സ്റ്റീൽ പാത്രത്തിൽ ചോറും മറ്റ് കറികളും എത്തും. തോരൻ, മീൻ വറുത്തത്, മീൻ പൊടിച്ചത്, മീൻ കറി എന്നിവയാണ് ചോറിനൊപ്പം എത്തിക്കുന്ന കറികൾ.

ചില ദിവസങ്ങളിൽ  ബോണസായി തക്കാളിച്ചാറ്, തീയൽ, അവിയൽ, കക്കാ ഇറച്ചി തുടങ്ങിയ വിഭവങ്ങളും ഉണ്ടാവും. ആവശ്യക്കാർക്ക് ഊണിനൊപ്പം സോഡായും ലഭിക്കും.

മീൻ വറുത്തത് ഒഴികെയുള്ള ഏതു വിഭവവും സ്വന്തം വയറു നിറയുന്നതു വരെ ആവശ്യാനുസരണം എടുത്ത് കഴിക്കാം എന്നതാണ് കടയിലെ പ്രധാന സവിശേഷത. സ്ഥിരമായി എത്തുന്നവരെ പേരെടുത്ത് വിളിക്കാൻ കഴിയുന്ന കടയുടമ അപ്പുച്ചേട്ടൻ ഭക്ഷണം കഴിക്കാത്തവരെ സ്നേഹ വാൽസല്യത്തോടെ ചീത്ത വിളിക്കാനും മടി കാട്ടില്ല. തിരുവല്ലയിൽ നിന്നും കിടങ്ങറ,മങ്കൊമ്പ് ഭാഗങ്ങളിൽ നിന്നു വരെ ഭക്ഷണത്തിനായി അപ്പുച്ചേട്ടന്റെ കടയിൽ വരുന്നവർ ധാരാളമാണ്. ദിവസവും 300-350 പേർ ഇവിടെ നിന്നും ഊണ് കഴിക്കുന്നുണ്ട്.

വയറും മനസ്സും നിറഞ്ഞ തൃപ്തിയോടെ ഊണിന്റെ വില ചോദിക്കുമ്പോൾ വീണ്ടും 'കിളി പോകും'. "50 രൂപ". ചേട്ടാ, മീൻ വറുത്തത് ഉണ്ടായിരുന്നു. അപ്പുച്ചേട്ടന് തെറ്റിയതാവും എന്ന് കരുതി തിരുത്താൻ ശ്രമിക്കുന്നവർ നിരവധി. അത് കൂട്ടിയാണ് മോനേ പറഞ്ഞത്.50 രൂപ എന്ന് !!!

കടയിൽ നിന്ന് ഇറങ്ങി എസി കനാലിന്റെ സൗന്ദര്യം ആസ്വദിച്ച ശേഷമാണ് പലരും യാത്ര തുടരുന്നത്. ഞായറാഴ്ച കട അവധിയായിരിക്കും.

Note : 'വീട്ടിലുണ്' എന്താണെന്നും അത് എങ്ങനെ വിളമ്പിയാൽ ആളുകൾക്ക് തൃപ്തി വരും എന്നും നേരിട്ട് അനുഭവിച്ചറിഞ്ഞതിന്റെ ബലത്തിൽ കുറിച്ചതാണ്.