ഛത്തീസ്ഗഡിലെ അംബികാപുർ സിറ്റി മുനിസിപ്പൽ കോർപറേഷൻ ഭക്ഷണ ശാല തുടങ്ങുകയാണ്, ഇന്ത്യയിൽ മറ്റാരും ഒരുക്കാത്ത രീതിയിൽ. ഗാർബേജ് കഫെ എന്നു പേരിടുന്ന ഭക്ഷണശാലയിലേക്ക് ഒരു കിലോ ഗ്രാം പ്ലാസ്റ്റിക് മാലിന്യവുമായെത്തുന്ന ആർക്കും ഒന്നാന്തരം ഊൺ തരപ്പെടും. അരക്കിലോ പ്ലാസ്റ്റിക് മാലിന്യമാണെങ്കിൽ കനത്തിലൊരു പ്രാതൽ. മാലിന്യ നിർമാർജനത്തോടൊപ്പം സാധുക്കൾക്ക് അന്നംകൊടുക്കുക എന്ന ലക്ഷ്യംകൂടിയുണ്ട് കഫെയ്ക്കു പിന്നിൽ. 

അംബികാപുർ മുനിസിപ്പൽ കോർപറേഷനാണ് പദ്ധതിക്കു പിന്നിൽ. മേയർ അജയ് ടിർക്കി ബജറ്റ് അവതരണ വേളയിലാണ് ഗാർബേജ് കഫെ പ്രഖ്യാപിച്ചത്.

 5 ലക്ഷം രൂപയാണ് വകയിരുത്തുന്നത്. സിറ്റിയിലെ പ്രധാന ബസ് സ്റ്റാൻഡിലാകും കഫെ പ്രവർത്തിക്കുക. കഫെക്കു പുറമെ അന്തിയുറങ്ങാൻ ഇടമില്ലാത്തവർക്കു അഭയകേന്ദ്രങ്ങൾ നിർമിക്കാനും പദ്ധതിയുണ്ട്. സ്വച്ഛ് ഭാരതുമായി ബന്ധപ്പെടുത്തിയാണ് കഫെ തുടങ്ങുന്നത്.

ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള സിറ്റികളിൽ രണ്ടാം സ്ഥാനമാണ് ഇവർക്ക്. മാലിന്യ നിർമാർജനത്തിനായി നിരന്തരം ഇടപെടലുകൾ നടത്തുന്ന മുനിസിപ്പൽ കോർപറേഷനാണ് അംബികാപുർ. പ്ലാസ്റ്റിക് മാലിന്യം ഉപയോഗിച്ച് റോഡുകൾ നിർമിക്കുന്നതിലും ഇവർ മുൻപന്തിയിലാണ്. 8 ലക്ഷം പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിച്ചാണ് ഇവർ പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള സംസ്ഥാനത്തെ ആദ്യ റോഡ് നിർമിച്ചത്. ഈ പ്രവർത്തനങ്ങളാണ് 40ാം സ്ഥാനത്തുനിന്ന് സിറ്റിക്ക് രണ്ടാം സ്ഥാനത്തേക്കു കയറ്റം നൽകിയത്.