വെളുത്തുരുണ്ട്, സ്പോഞ്ചു പോലുള്ള മറ്റു രസഗുളകളെവിടെ, ചവച്ചിറക്കാതെ താനേ അലിഞ്ഞിറങ്ങും ഒ‍ഡീഷ രസഗുളകളെവിടെ? ഒഡീഷ ചെറുകിട വ്യവസായ കോർപറേഷൻ ചെന്നൈയിലെ ഭൗമസൂചിക (ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ– ജിഐ) റജിസ്ട്രിയോട് ഈ ചോദ്യം ഉന്നയിച്ചത് വളരെ മധുരമായിട്ടാണ്. അതിലലിഞ്ഞും തെളിവു ബോധ്യപ്പെട്ടും ഒഡീഷക്കാരുടെ തനതു രസഗുളയ്ക്കും ഭൗമസൂചക പദവിയായി. ഒരേ മധുരത്തിന് 2 ഭൗമസൂചക പദവി! 

രസഗുള പേറ്റന്റിനായി ഒഡീഷയും ബംഗാളും വർഷങ്ങളായി പോരാട്ടത്തിലായിരുന്നു. 19ാം നൂറ്റാണ്ടിൽ നബീൻ ചന്ദ്രദാസ് എന്ന ബംഗാളിയാണു രസഗുളയ്ക്കു ജന്മം നൽകിയതെന്നു തെളിയിക്കാൻ രേഖകൾ ഹാജരാക്കി 2017ലാണു ബംഗാൾ രഗഗുളയുടെ ഉടമസ്ഥാവകാശം സ്വന്തമാക്കിയത്.