ആലുവയിലെ സർക്കാർ അതിഥി മന്ദിരമായ പാലസിലെ അടുക്കളയിൽ ഇന്നലെ ആദ്യമായി സ്പാനിഷ് മെനുവിന്റെ മണം പരന്നു. ക്യൂബൻ വിപ്ലവകാരി ചെ ഗവാരയുടെ മകൾ അലെയ്ഡ ഗവാരയ്ക്കു പ്രാതൽ നൽകാനാണു സ്പാനിഷ് വിഭവങ്ങൾ ഒരുക്കിയത്. പ്രഥമ പരീക്ഷണമായതിനാൽ യുട്യൂബ് നോക്കിയാണു ജീവനക്കാർ ഇതു തയാറാക്കിയത്. അലെയ്ഡയുമായി സംസാരിച്ചതാകട്ടെ ഗൂഗിൾ ട്രാൻസ്‌ലേറ്റർ ഉപയോഗിച്ചും. പുലർച്ചെ രണ്ടിനാണ് അവർ പാലസിൽ എത്തിയത്.

സ്പാനിഷ് മാത്രം സംസാരിക്കുന്ന അലെയ്ഡക്കൊപ്പം ദ്വിഭാഷി ഉണ്ടാകുമെന്ന് അറിയിച്ചിരുന്നെങ്കിലും തിരുവനന്തപുരത്തു നിന്ന് അദ്ദേഹം എത്തിയപ്പോൾ വൈകി. അതിനാൽ ജീവനക്കാർ മൊബൈൽ ഫോൺ സ്പീക്കറിലിട്ടു ഗൂഗിൾ ടാൻസ്‌ലേറ്റർ ഉപയോഗിച്ചാണ് ആവശ്യങ്ങൾ ചോദിച്ചറിഞ്ഞത്. ഇംഗ്ലിഷിലുള്ള ചോദ്യങ്ങൾ ഗൂഗിൾ സ്പാനിഷിലേക്കു മൊഴിമാറ്റി. സ്പാനിഷ്  ഭാഷയിലെ മറുപടികൾ ഇംഗ്ലിഷിലേക്കും. വിശിഷ്ടാതിഥിക്കായി എരിവും പുളിയും ചേരാത്ത കോണ്ടിനന്റൽ വിഭവങ്ങളും കേരളീയ വിഭവങ്ങളും ഉണ്ടാക്കാനുള്ള തയാറെടുപ്പുകൾ അധികൃതർ നടത്തിയിരുന്നു.

പുട്ടും കടലക്കറിയും ഇടിയപ്പവും സ്റ്റ്യൂവുമാണു തനതു മെനുവിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ കോണ്ടിനന്റൽ മതിയെന്ന് അലെയ്ഡ അറിയിച്ചു. ഉരുളക്കിഴങ്ങും ചീസും അടങ്ങിയ സ്പാനിഷ് ഓംലറ്റ്, ഗ്രിൽഡ് തക്കാളി, മാതള നാരങ്ങ ജ്യൂസ്, പുഴുങ്ങിയ മുട്ട, ലൈം ടീ, കശുവണ്ടിപ്പരിപ്പ്, ഈന്തപ്പഴം, ആപ്പിൾ, പപ്പായ എന്നിവയാണ് അവർ കഴിച്ചത്. തുടർന്ന് അങ്കമാലിയിൽ സമ്മേളനത്തിൽ പങ്കെടുക്കാൻ പോയ അലെയ്ഡ അവിടെ ഹോട്ടലിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ചു. വീണ്ടും പാലസിൽ തിരിച്ചെത്തി വിശ്രമിച്ച ശേഷം കൊച്ചിയിലേക്ക്. ഇതിനിടെ സംസ്ഥാന യുവജന കമ്മിഷന്റെ ലോഗോ പ്രകാശനം ചെയ്തു.