ഇടിയും വെടിയും ഭൂമി കുലുങ്ങുന്ന കതിനാവെടി ഡയലോഗുകളും നിറഞ്ഞ ഓരോ ഷാജി കൈലാസ് സിനിമയും കണ്ടിറങ്ങുന്ന പ്രേക്ഷകന് ഒരുഗ്രൻ സദ്യ കഴിച്ച ഫീലും ഊർജവുമാണ് കുറേക്കാലത്തേക്ക്. അങ്ങനെയാണ് ഷാജി കൈലാസ് മലയാളത്തിന്റെ സൂപ്പർഹിറ്റ് സംവിധായകനായതും. ഇപ്പോൾ മറ്റൊരു സൂപ്പർ ഹിറ്റിനുള്ള ഒരുക്കത്തിലാണ് ജഗൻ. അതെ, തിയറ്ററുകളെ ഇളക്കിമറിച്ച ആറാംതമ്പുരാനിലെ ജഗന്നാഥന്റെ അതേ പേരുകാരൻ; ഷാജിയുടെയും മലയാളികളുടെ പ്രിയ നായിക ആനിയുടെയും മൂത്ത മകൻ. ഈ ജഗൻ പക്ഷേ ‘ഇറങ്ങുന്നത്’ അച്ഛനെപ്പോലെ സിനിമാഹിറ്റുണ്ടാക്കാനല്ല, അമ്മയെപ്പോലെ നല്ല ഭക്ഷണം കൊണ്ട് ആളുകളെ സന്തോഷിപ്പിക്കാനാണ്. 

തിരുവനന്തപുരത്ത് കവടിയാറിൽ ‘റിങ്സ്’ എന്ന ഭക്ഷണശാലയാണ് ജഗന്റെ സംരംഭം. രാജ്ഭവന് എതിർവശത്താണ് റിങ്സ്. ബ്രേക്ക്ഫാസ്റ്റ് തൊട്ടു ഡിന്നർ വരെ ഇവിടെയുണ്ട്. ഭക്ഷണം ഉണ്ടാക്കാനും കഴിക്കാനും കഴിപ്പിക്കാനും ഏറെ ഇഷ്ടപ്പെടുന്ന ആനിയാണ് ഇതിന്റെ രുചിക്കൂട്ടൊരുക്കുന്നത്. അമ്മയെപ്പോലെ ഭക്ഷണം കഴിക്കാനും കഴിപ്പിക്കാനും ഏറെ ഇഷ്ടമുള്ള ജഗൻ, സുഹൃത്തിനൊപ്പം തട്ടുകടയും സമോസ പോയിന്റും പരീക്ഷിച്ച് ഉറപ്പിച്ച ശേഷമാണ് വലിയ മുതൽ മുടക്കിൽ റിങ്സ് തുറന്നത്.

‘പരാതികൾ പെട്ടെന്നു വരാവുന്ന മേഖലയാണ് ഫുഡ് ബിസിനസ്. ഉപ്പു കൂടിയാലോ എരിവു കൂടിയാലോ പരാതി വരാം, അങ്ങനെ വന്നാൽ എങ്ങനെയതു പരിഹരിക്കും, കസ്റ്റമർ ഹാൻഡിലിങ് എങ്ങനെ എന്നതിലാണ് കാര്യം’ – ജഗൻ പറയുന്നു. ‘റസ്റ്ററന്റ് ആംബിയൻസ് മുഴുവൻ അച്ഛന്റെ ആശയമാണ്. പിന്നെ ഭക്ഷണത്തിന്റെ യുഎസ്ബി അമ്മയാണ്. ആനീസ് കിച്ചണിലെ റെസിപ്പികൾ ഇവിടെ ലഭ്യമാണ്’. 

മനോഹരമായ ഇന്റീരിയറാണ് റിങ്സിന്റെ മറ്റൊരു പ്രത്യേകത. രണ്ടു നിലകളിലായുള്ള റിങ്സിൽ മുകൾ വശം ട്രെയിൻ കമ്പാർട്ട്മെന്റ് പോലെയാണ്  ഒരുക്കിയിരിക്കുന്നത്. 

മകന്റെ പുതിയ സംരഭത്തെക്കുറിച്ച് ആനിക്ക് പറയാനുള്ളത് : ‘ആനീസ് കിച്ചണിലെ പാചകം കാണുമ്പോൾ കൊതിപിടിച്ചിരുന്നവർക്ക് അതൊക്കെ ഒന്ന് രുചിച്ചു നോക്കാനുള്ള വേദിയാണ് ഇത്. റസ്റ്ററന്റ് തുടങ്ങുമ്പോൾ മകനു കൊടുക്കാനുള്ള ഉപദേശം, വിളമ്പുന്ന ആഹാരം നിറമനസ്സോടെ ആയിരിക്കണം. ആത്മാർത്ഥതയോടെയായിരിക്കണം. അതിനകത്തു കള്ളത്തരം പാടില്ല. ഇന്നു വച്ചത് നാളെ തീർക്കാൻ വേണ്ടി ചെയ്യാം എന്ന മനഃസ്ഥിതി പാടില്ല. ഭക്ഷണ കൂടുതലുണ്ടാക്കി നാളത്തേക്കു വയ്ക്കരുത്. ഭക്ഷണകാര്യത്തിൽ സത്യസന്ധത കാണിക്കുക.’