മധുരമില്ലാത്ത പീനട്ട് ഡിപ്പിൽ പൊതിഞ്ഞ ചിക്കൻ സാത്തായ് കഴിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ വിട്ടോളൂ. വൈറ്റില ബൈപാസിലുള്ള ഡിസ്ട്രിക്റ്റ് 7 കൊച്ചിയിലേക്ക്.

എണ്ണയേതുമില്ലാതെ ഗ്രിൽ ചെയ്തെടുക്കുന്ന ആരോഗ്യകുസുമമാണീ വിഭവം. സ്റ്റാർട്ടറായും സൈഡ് ആയും നല്ലത്. ഇന്തൊനീഷ്യൻ വിഭവമായ ഇത് ഇറക്കുമതി ചെയ്ത ഹെർബുകൾ ചേർത്ത് മാരിനേറ്റ് ചെയ്തു വയ്ക്കും. തൈം ലീവ്സും ഉപ്പും കുരുമുളകുമാണ് മറ്റ് ചേരുവകൾ. ബോൺലെസ് പീസുകൾ തിരഞ്ഞെടുക്കുന്നതിനാൽ ഓർഡറിനനുസരിച്ച് അതതുസമയം ഗ്രിൽ ചെയ്യുന്നതാണ് പതിവ്. 

ഗ്രില്ലിങ്ങിനു ശേഷമാണ് രുചി കൂട്ടാനുള്ള പൂഴിക്കടകൻ– പീനട്ട് ബട്ടർ കൊണ്ടുള്ള സീസനിങ് . കൂട്ടിനു നൂഡിൽ സാലഡ് ചേർത്താണ് വിളമ്പുന്നത്. സ്ക്യൂവറിൽ കോർത്തെടുത്ത ചിക്കൻ നുറുങ്ങുകളും നൂഡിൽ സാലഡും ആവി പറത്തി മുന്നിലെത്തിയാൽപ്പിന്നെ... അൽപസമയം ഇന്തൊനീഷ്യൻ രുചിയോടുള്ള ബഹുമാനം കൊണ്ട് എഴുന്നേറ്റ് നിന്നെന്നു വരും.