രാവിലെ ദോശയ്ക്ക് അൽപം വെള്ളം ഒഴിച്ച് നീട്ടിയെടുത്ത തേങ്ങാച്ചമ്മന്തി, ഉച്ചയ്ക്ക് ഉപ്പുമാങ്ങ അരച്ച് കുറുക്കിയെടുത്ത മാങ്ങാച്ചമന്തി....അച്ചാറും പപ്പടവും പോലെ പലവേഷത്തിൽ നാവിനെ കൊതിപ്പിക്കുന്ന തീൻമേശയിലെ സ്ഥിരസാന്നിധ്യമാണ് ചട്ണി അഥവ‌ാ ചമ്മന്തി. പഴംകൊണ്ടും പച്ചക്കറികൊണ്ടും പച്ചിലതൊണ്ടും മീൻകൊണ്ടും ഇറച്ചികൊണ്ടും എല്ലാം ചട്ണി ഉണ്ടാക്കാം. അതു തന്നെയാണ് ചട്ണിയുടെ രുചിസാധ്യതയും. വിദേശികളെ ത്രസിപ്പിച്ച ഇന്ത്യൻ വിഭവങ്ങളിൽ ഒന്നാണ് ചട്ണി. ആർഭാട ഭക്ഷണമെന്ന നിലയിൽ ചമ്മന്തി പതിനേഴാം നൂറ്റാണ്ടിൽ യൂറോപ്പിലേക്ക് കയറ്റുമതി ചെയ്തിരുന്നു.

തേങ്ങ, തക്കാളി, ഉള്ളി എന്നിവ ഉപയോഗിച്ചാണ് കേരളം, തമിഴ്നാട് എന്നിവിടങ്ങളിൽ മിക്കവാറും ചട്ണിയുണ്ടാക്കുന്നത്. അൽപം കൂടി വ്യത്യസ്തമായ രുചിയാണ് കർണാടകയിൽ കർപ്പൂര ഇല കൊണ്ടുണ്ടാക്കുന്ന ചട്ണിക്കുള്ളത്. പ്രധാനമായും ചോറിനൊപ്പമാണ് ഇതു കഴിക്കുക.

അംസൊറ്റോ ഖജുർ എന്ന ദുർഘടമായ പേരാണ് ബംഗാളിന്റെ പ്രിയ ചട്ണിക്കെങ്കിലും, മധുരംകൊണ്ട് നമ്മുടെ നാവിനെ കുഴപ്പിച്ചു കളയും ഇത്. ഈത്തപ്പഴവും മാങ്ങയുമാണ് പ്രധാന ചേരുവ. ചിലയിടങ്ങളിൽ തക്കാളിയും ചേർക്കാറുണ്ട്. പ്രധാന ആഹാരത്തിനു ശേഷമാണ് ഇതു വിളമ്പുക. നല്ല മൊരുമൊരാന്നുള്ള പപ്പടവും കൂട്ടിയാണെങ്കിൽ കുശാൽ.

കടുകെണ്ണയിൽ വറുത്തെടുത്ത മുള്ളങ്കിക്കിഴങ്ങ് വച്ചു തയാറാക്കുന്ന മൂലി കി ചട്ണിയാണ് കശ്മീരിന്റെ സ്വന്തം ചട്ണി. രുചിയുടെ തീവ്രതകൊണ്ട് കഴിക്കുന്നവർ ‘ശൂ’ പറയുന്ന ചട്ണിയാണിത്. നാരങ്ങയും കശ്മീരി മുളകുപൊടിയുമാണ് പ്രധാന ചേരുവകൾ. അതിൽനിന്ന് നേരെ രുചിവിരുദ്ധമാണ് പഞ്ചാബികളുടെ പുതീന ചട്ണി. സവാള പ്രധാനമായും ചേർത്ത് അമ്മിയിൽ അരച്ചെടുക്കുന്ന ഈ ചട്ണിക്ക് മധുരരസം കൂടിനിൽക്കും. തൊണ്ടയിലൂടെ ഇറങ്ങുമ്പോൾ ഒരു ചെറുതണുപ്പും. കടലപ്പൊടി, പപ്പായ, വെളുത്തുള്ളി എന്നിവ കൊണ്ടുള്ള ചട്ണികളോടാണ് ഗുജറാത്തികൾക്കു പ്രിയം. പ്രഭാതഭക്ഷണത്തോടൊപ്പം ഇവർക്കു ചട്ണി കൂടിയേ തീരൂ. വിഖ്യാതമായ വടാപാവിനൊപ്പം മഹാരാഷ്ട്രക്കാർ കഴിക്കുന്നത് മസാല വെളുത്തുള്ളി ചട്ണിയാണ്. നിലക്കടല ഉപയോഗിച്ചുള്ള ചട്ണിയും മഹാരാഷ്ട്രയുടെ പലഭാഗത്തും പ്രചാരത്തിലുണ്ട്.

ലോകത്തിലെ ഏറ്റവും വീര്യമേറിയ മുളകായ ബൂട് ചൊലാക്യ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഉണക്കമീൻ ചട്ണിയോടാണ് നാഗ‌ാലാൻഡുകാർക്കു പ്രിയം. ലോലഹൃദയർ ഇതു കഴിക്കാതിരിക്കുന്നതാവും നല്ലത്. സോയ ഉപയോഗിച്ച് ഉണ്ടാക്കുന്ന അകുനി എന്ന ചട്ണിയും നാഗ‌ാല‌ാൻഡിൽ പ്രചാരത്തിലുണ്ട്.

ഉരുളക്കിഴങ്ങ്, തക്കാളി, ഉള്ളി, ഉണക്കമീൻ എന്നിവ പ്രധാന ചേരുവകളാകുന്ന ക്സുകൻ എന്ന ചട്ണി അസമിലെ ഗോത്രവിഭാഗക്കാർക്കിടയിൽ ഏറെ പ്രചാരമുള്ളതാണ്.