എന്തൊക്കെ തിരിമറി ചെയ്താലും ഏതൊക്കെ ദേശത്തെ സോസുകൾ ഇട്ട് ടോസ് ചെയ്താലും നാടൻ വിഭവങ്ങൾക്ക് ഫാൻസ് കുറയില്ല. കൊച്ചി കടവന്ത്ര ജവാഹർ നഗർ പലാരം റസ്റ്ററന്റിലെ തീപ്പൊരി ചിക്കൻ പാരമ്പര്യവാദികളുടെ സങ്കൽപങ്ങൾക്ക് തികച്ചും യോജിക്കും. 

നെയ്യിൽ പൊരിച്ച ചിക്കനാണിതെന്ന് ഒറ്റത്തീർപ്പിൽ പറയാം. എന്നാലോ നല്ലജീരകവും ഉണക്കമുളകും അരച്ചു ചേർത്ത അരപ്പാണ് ഇതിന്റെ ജീവൻ. മാരിനേഷന് അധികസമയം വേണ്ട. കാരണം നെയ്യിൽ പൊരിക്കുമ്പോൾ ചേരുവകൾ ചിക്കനിൽ പെട്ടെന്ന് പിടിക്കും. എരിവും മറ്റു മസാലകളും മുന്നിൽ നിൽക്കുന്നതു കൊണ്ടു തന്നെയാണിതിന് തീപ്പൊരി ചിക്കൻ എന്നു പേരു വീണിരിക്കുന്നത്. ഗീ റൈസിനു മികച്ച കോംബിനേഷൻ.