നാട്ടിലെ പച്ചക്കറിക്കടയിൽ പോയി ഒരു കിലോ കിഴങ്ങ് എന്നു പറഞ്ഞുനോക്കൂ. ഒരു കിലോ ഉരുളക്കിഴങ്ങ് കൃത്യമായി തൂക്കി പൊതിഞ്ഞു കയ്യിൽത്തരും. കാലം പുരോഗമിക്കുന്തോറും നമുക്ക് പരിചയമുള്ള ഏക കിഴങ്ങ് ഉരുളക്കിഴങ്ങു മാത്രമായി ചുരുങ്ങുകയാണ്.

ഉരുളക്കിഴങ്ങിനപ്പുറത്ത‌ു മധുരക്കിഴങ്ങ് വരെ പരിചയമുള്ളവരും പുതുതലമുറയിൽ കാണും. ചേനയും കപ്പയും കിഴങ്ങാണോ എന്നു ചോദിക്കുന്നവരുമുണ്ട് ഇപ്പോൾ. നീണ്ടി, കാച്ചിൽ, നനക്കിഴങ്ങ് തുടങ്ങി എണ്ണിയാൽ തീരാത്തത്ര വൈവിധ്യമാർന്ന കിഴങ്ങുവർഗങ്ങളാണ് ഒരു കാലത്ത് നമ്മുടെ നാട്ടിൽ രുചിയുടെ വൈവിധ്യം തീർത്തിരുന്നത്. എന്നാൽ ഇന്ന് നമ്മുടെ അറിവ് ചുരുങ്ങിച്ചുരുങ്ങി കുഴിച്ചേമ്പു പോലെയായി.

പക്ഷേ ആദിമ ഗോത്രവിഭാഗങ്ങളിൽ നല്ലൊരു വിഭാഗം ഇന്നും വൈവിധ്യമാർന്ന കിഴങ്ങുവർഗങ്ങൾ കഴിക്കുന്നുണ്ട്. അവയിലൊന്നാണ് നെടുവൻ കിഴങ്ങ്. കാഴ്ചയിലും രുചിയിലും കാച്ചിലിനു സമാനമായ കിഴങ്ങാണ് നെടുവൻകിഴങ്ങ്.

മണ്ണിനടിയിലൂടെ ഏറെനീളത്തിൽ പരന്നുവളർന്ന് നെടു നീളത്തിലാവുന്നതിനാലാണത്രേ കക്ഷിക്ക് നെടുവൻ കിഴങ്ങെന്നു പേരു വന്നത്. ലോകത്തിന്റെ പലഭാഗങ്ങളിലായി ആദിമ ജനതയുടെ ഭക്ഷണത്തിൽ ഏറെ പ്രാധാന്യമുള്ള പറണ്ടയ്ക്ക കൂടി ചേർത്താണ് നെടുവൻകിഴങ്ങിന്റെ പാചകം.

തൊലികളഞ്ഞ് ചെറുകഷ്ണങ്ങളായാണ് നെടുവൻകിഴങ്ങ് വേവിക്കുന്നത്. കുരുമുളക്, കാന്താരി, ജീരകം എന്നിവയും പറണ്ടയ്ക്കയും അരച്ചെടുത്ത് വെന്തുവരുന്ന കിഴങ്ങിലേക്ക് ചേർക്കും. മുളകരച്ചുണ്ടാക്കുന്ന എരിവുള്ള വെള്ളവും ചേർത്താണ് കിഴങ്ങ് കഴിക്കുന്നത്.

ഓരോ തലമുറ കഴിയുന്തോറും ആദിമജനതയിലും കിഴങ്ങുകളെ കുറിച്ചുള്ള അറിവ് നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഗോത്ര ജനതയിലെ പുതുതലമുറയിൽ പലർക്കും വിവിധയിനം കിഴങ്ങു വർഗങ്ങളെക്കുറിച്ച് അറിവില്ല എന്നതാണ് ദുഃഖം.