കേരള സന്ദർശനത്തിനെത്തിയ കാന്റർബറി ആർച്ച്ബിഷപ്പ് ജസ്റ്റിൻ വെൽബി, നമ്മുടെ തനിനാടൻ  വിഭവങ്ങൾ വളരെക്കുറച്ച് മാത്രമേ രുചിച്ചുനോക്കാൻ കഴിഞ്ഞുള്ളൂ എന്ന പരിഭവവുമായാണ് മടങ്ങിയത്. കുട്ടനാട്ടിലെ വഞ്ചിവീടു യാത്രയ്ക്കിടയിൽ കുടിച്ച ഇളനീരിന്റെ മധുരം മറക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റവും കൊതിപ്പിച്ചത്  ഇവിടത്തെ പാലപ്പവും കുട്ടനാടൻ കോഴിക്കറിയുമാണത്രേ. ചുറ്റും തൊങ്ങലുചാർത്തി പാലുപോലെ മൃദുവാർന്ന തൂവെള്ളപാലപ്പം അല്ലെങ്കിലും ഇഷ്ടപ്പെടാതെയെങ്ങനെ.. തേങ്ങാപ്പാലൊഴിച്ചു കുറുക്കിയെടുത്ത ചിക്കൻ കറിയിൽ പാലപ്പം ചെറിയ കഷ്ണങ്ങളായി മുറിച്ച് മുക്കിയെടുത്ത് നാവിൽ വയ്ക്കുമ്പോൾ അദ്ദേഹം തീർച്ചയായും മലയാളിയുടെ രുചിവൈവിധ്യം ഓർത്ത് അസൂയപ്പെട്ടിട്ടുണ്ടാകണം. 

കാവാലം സെന്റ് മാർക്സ് സിഎസ്ഐ പള്ളിയങ്കണത്തിൽ ഒരുക്കിയ കേരളത്തനിമ പ്രദർശനം കാണുന്നതിനിടെ ആംഗ്ലിക്കൻ സഭാ തലവൻ ക‍‍ാന്റർബറി ആർച്ച് ബിഷപ് ജസ്റ്റിൻ വെൽബി ആട്ടുകല്ലിൽ അരി അരയ്ക്കാൻ ശ്രമിച്ചപ്പോൾ. തന്റെ ശ്രമം പരാജയപ്പെട്ടതോടെ ഇനി പത്നി കാരലിൻ വെൽബി പരീക്ഷിക്കട്ടെ എന്നായി അദ്ദേഹം. അതുകേട്ടതോടെ കാരളിൻ വെൽബിക്കും ചുറ്റുമുള്ളവർക്കും ചിരിപൊട്ടി. ക‍‍ാന്റർബറി ആർച്ച് ബിഷപ്പിന്റെ കുട്ടനാട് സന്ദർശനത്തോട് അനുബന്ധിച്ചായിരുന്നു പ്രദർശനം. ചിത്രം: ജാക്സൺ ആറാട്ടുകുളം

കാവാലം സെന്റ് മാർക്സ് പള്ളിക്കു സമീപം ഒരുക്കിയ കുട്ടനാടൻ പഴയമയുടെ ദൃശ്യാവിഷ്കാരത്തിന്റെ ഭാഗമായി ബിഷപ്പിന് നമ്മുടെ ആട്ടുകല്ലും അരകല്ലും അമ്മിക്കല്ലും കുഴവിയുമൊക്കെ കാണാൻ അവസരം ഒരുക്കിയിരുന്നു. ഈ കല്ലുകളിൽ അരിയാട്ടിയാണ് സ്വാദിഷ്ഠമായ പലഹാരങ്ങൾ ഇവിടത്തെ അമ്മച്ചിമാർ ഒരുക്കിയിരുന്നതെന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തേക്കാൾ കൗതുകമായി കൂടെയുണ്ടായിരുന്ന പത്നി കാരലിൻ വെൽബിക്ക്. 

അമ്മിക്കല്ലിൽ അരച്ചെടുത്ത ചുട്ടരച്ച തേങ്ങാച്ചമ്മന്തിയുടെ വാസന കിട്ടിയപ്പോൾ അതുംകൂടി രുചിച്ചുനോക്കാമെന്ന ഉൽസാഹമായി ബിഷപ്പിന്. വിരൽത്തുമ്പിൽ അൽപം തൊട്ടെടുത്ത് നാവിൽ വച്ചതേയുള്ളൂ; കാന്താരിയുടെ എരിവു കാരണം കണ്ണു നിറ‍ഞ്ഞുപോയി. ആ സാഹസം തനിക്കു കഴിയില്ലെന്ന് പറഞ്ഞ് ബിഷപ്പ് കൈകഴുകി. ഇവിടത്തെ എല്ലാ രുചികൾക്കും ഒരു മാജിക് ഉള്ളതുപോലെ തോന്നുന്നെന്ന് അദ്ദേഹം പറഞ്ഞു. ‘എത്ര കൂട്ടം ചേരുവകളാണ് ഓരോന്നിലും. ഒരൽപമെടുത്ത് വായിൽ വയ്ക്കുമ്പോഴേക്കും നാവിൽ ഒരായിരം രുചികൾ. ഇവിടത്തെ സംസ്കാരം പോലെ.. എന്തൊരു വൈവിധ്യം.. ’