അടുക്കളയിൽ പാചകം എളുപ്പമാക്കുന്നതിന് ഏറ്റവും ഉപകാരപ്രദമായ ഉപകരണമാണ് പ്രഷർകുക്കർ. കഴിയന്നതും പാചകം പ്രഷർ കുക്കറിലാക്കുന്നതിലൂടെ ധാരാളം ഇന്ധനം ലാഭിക്കാൻ സാധിക്കും. മണിക്കൂറുകൾ തീകത്തിച്ച് കഷ്ടപ്പെടുന്നത് മിനിറ്റുകൾ കൊണ്ട് വെന്തു കിട്ടും. പക്ഷേ പ്രഷർകുക്കർ വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ അതു പോലെ തന്നെ അപകടകാരിയുമാണ്. ഓരോ ദിവസവും ഉപയോഗം കഴിയുമ്പോൾ വൃത്തിയായി കഴുകി, വാഷറും വെയ്റ്റും എല്ലാം വൃത്തിയാക്കി വയ്ക്കണം. 

പ്രഷർ കുക്കർ ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

∙ പയർ പരിപ്പ് എന്നിവ വേവിക്കുമ്പോൾ ആവശ്യത്തിന് വെള്ളം വയ്ക്കുക.

∙ ഭക്ഷണ സാധനങ്ങൾ കുത്തി നിറച്ച് വയ്ക്കരുത്.

∙ പരിപ്പ്, കടല, പയർ, ചിക്കൻ ഒഴികെ വേവാൻ ബുദ്ധിമുട്ടുള്ളവ കുക്കറിലാക്കാം. 

∙ ചിക്കൻ കുക്കറിൽ വച്ചാൽ പൊടിഞ്ഞു പോകം. 

∙ പരിപ്പിനൊപ്പം എണ്ണ ചേർത്താൽ വേഗം വേവും. പയറുവർഗങ്ങൾ തലേന്ന് വെള്ളത്തിലിട്ടാൽ എളപ്പം വേവും.

∙  പാചകം കഴിഞ്ഞാൽ ഗാസ്‌കറ്റ് ഊരി വയ്‌ക്കണം. ഫ്രിഡ്‌ജിൽ വച്ചാൽ നന്ന്. കൂടതൽ ഈട് നിൽക്കും.

∙ എല്ലാ ദിവസവും ഉപയോഗിച്ച ശേഷം പ്രഷർകുക്കർ വൃത്തിയാക്കി വയ്ക്കുക. കരിഞ്ഞു പിടിച്ച കുക്കർ  വൃത്തിയാക്കാൻ കുക്കറിൽ പകുതി ഭാഗം വെള്ളം ഒഴിച്ച് ഒരു നാരങ്ങാ പിഴിഞ്ഞ് അതിന്റെ നീരും തൊണ്ടും ഇട്ട് രണ്ട് ടീസ്പൂൺ ബേക്കിങ് സോഡ (അപ്പക്കാരം) പാത്രം കഴുകുന്ന ലോഷനും ചേർത്ത് നന്നായി തീ കൂട്ടി വച്ച് തിളപ്പിക്കുക. തിളച്ച ശേഷം ചെറിയ തീയിൽ 3 മിനിറ്റ് തിളപ്പിക്കുക. ഓഫ് ചെയ്ത് 10 മിനിറ്റ് അടച്ചു വയ്ക്കുക. സ്റ്റീലിന്റെ സ്ക്രബർ ഉപയോഗിച്ച് വൃത്തിയാക്കി എടുക്കുക. 

∙ കട്ടികൂടിയ അഴുക്കു കളയാൻ അൽപം ബേക്കിങ് സോഡ അല്ലെങ്കിൽ ബേക്കിങ് പൗഡർ ഇട്ട് അൽപം വിനഗിർ ഒഴിച്ച് സ്ക്രബർ ഉപയോഗിച്ച് വൃത്തിയാക്കാം.