ബ്രി ഹാൾ എന്ന അമേരിക്കൻ പാട്ടുകാരി കൊളംബിയായിലെ ഒരു റെസ്റ്ററന്റിൽ നിന്നും ഫ്രൈഡ് ചിക്കൻ കഴിച്ച ശേഷം കഴിച്ച ഭക്ഷണം നല്ലതാണെന്നും പറഞ്ഞ് ഒരു ട്വീറ്റ് ചെയ്തു, അത് അങ്ങ് വൈറലായി...റോമിങ് റൂസ്റ്റർ എന്ന സാൻവിച്ച് റെസ്റ്ററന്റിലേക്ക് ആളുകൾ ഒഴുകിയെത്തി തുടങ്ങി. ട്വീറ്റിന് കടയുടമയുടെ മറുപടിയുമെത്തി ജീവിതകാലം മുഴുവൻ ബ്രി ഹാളിന്  ചിക്കൻ ഫ്രീയാണെന്ന്! 27,000 ഫോളോവേഴ്സാണ് ഇവർക്ക് ട്വീറ്ററിലുള്ളത്.

നല്ല സേവനങ്ങളെക്കുറിച്ചും അർഹിക്കുന്ന വ്യക്തികളെയും സമൂഹ മധ്യമങ്ങളിൽ കുറിക്കുന്നതിന് നഷ്ടപ്പെടാനൊന്നുമില്ലല്ലോ എന്നാണ് ഇതിനെക്കുറിച്ച് ബ്രിയുടെ പ്രതികരണം. ലാ ഹാരയെന്നാണ് സംഗീത ലോകത്ത് ഇവർ അറിയപ്പെടുന്നത്.

ബ്രിയുടെ ട്വീറ്റ് വൈറലാകാൻ ചില കാരണങ്ങളുണ്ട്, ഓൺലൈൻ ലോകത്ത് കഴിഞ്ഞ ഒരു മാസത്തിലേറെയായി ചിക്കൻ സാൻവിച്ച് പ്രേമികൾ തമ്മിലുള്ള പൊരിഞ്ഞ തർക്കമാണ് പ്രധാന കാരണം.

La Hara (Bri Hall)

ചിക്ക് ഫിൽ എ ,പോപ്പി എന്നീ അമേരിക്കൻ ഫാസ്റ്റ് ഫുഡ് ബ്രാൻഡുകൾ തമ്മിലുള്ള പോരാട്ടം... മികച്ച സാൻവിച്ചിനെ ചൊല്ലി കഴിഞ്ഞ ഒരു മാസമായി ‘ഓൺലൈൻ യുദ്ധം’ കൊടുമ്പിരി കൊണ്ടു നടക്കുകയാണ്. ഒരു ഡോളറിൽ താഴെ വിലയ്ക്ക് കൈ നിറയെ കിട്ടുന്ന പോപ്പിയാണ് ഒരു പടിക്ക് മുൻപിൽ നിൽക്കുന്നത്. കൂടാതെ ഓഗസ്റ്റ് ആദ്യവാരം പോപ്പി പരിചയപ്പെടുത്തിയ പുതിയ ചിക്കൻ സാൻവിച്ചിനും ആരാധകർ ഏറെയാണ്. ചിക്കൻ സാൻവിച്ചുകളുടെ പുതിയ രാജാവായി പോപ്പിമാറുമോ എന്നു മാത്രം ഇനി അറിഞ്ഞാൽ മതി.

ഈ ‘തല്ലിനിടയ്ക്കാണ്’ ‘പോപ്പി കൂളാണ്... വാഷിങ്ടൺ ഡി.സിയിലെ  ഡിഎംവി ഏരിയായിൽ വരികയാണെങ്കിൽ റോമിങ് സ്റ്റാറിലെ ഭക്ഷണം രുചിക്കണം, ഇതിന്റെ ഉടമസ്ഥൻ കറുത്തവർഗക്കാരനാണ്, അദ്ദേഹത്തിന്റെ ഫാമിലി ബിസിനസായിരുന്നു. ഫുഡ് ട്രക്കിൽ കച്ചവടം തുടങ്ങിയവരാണ്...’എന്ന ട്വീറ്റുമായ ബ്രി എത്തിയത്. 

എത്യോപ്യൻ സഹോദരൻമാർ ഒരു ഹലാൽ ഫുഡ് ട്രക്കിലൂടെ ആരംഭിച്ച ബിസിനസാണ്. ഗുണമേന്മയുള്ള ചേരുവകൾ മാത്രമല്ല സ്നേഹവും ചേരുന്നതാണ് ഇവിടുത്തെ രുചിരഹസ്യമെന്നാണ് ഉടമ പറയുന്നത്.  എല്ലാവരും ഫാസ്റ്റ് ഫുഡ് യുദ്ധത്തിൽ മുഴുകിയപ്പോൾ ഈ സഹോദരൻമാർക്ക് മൂന്നിരിട്ടി ബിസിനസാണ് ലഭിക്കുന്നത്. ഇപ്പോൾ നാല് റെസ്റ്ററന്റുകൾ ഇവർക്കുണ്ട്. വൈറൽ ട്വീറ്റിനു ശേഷം ഇവിടെയെത്തുന്നവർ ഉടമയ്ക്കൊപ്പം ചിത്രവും എടുത്താണ് മടങ്ങുന്നത്.