എന്നും ഇറച്ചിവിഭവങ്ങൾ കൂട്ടി ഊണുകഴിക്കുന്നത് മടുപ്പാണ്. പക്ഷേ എന്നും മീൻ വിഭവമില്ലെങ്കിൽ ശരാശരി ഭക്ഷണപ്രേമിക്ക് ഊണു തന്നെ മടുപ്പാകും. ഒട്ടേറെ രുചിവൈവിധ്യം ഉള്ളതും പോഷകസമ്പുഷ്ടവുമാണ് മീൻ. കോഴി അടക്കമുള്ള ഇറച്ചിവിഭവങ്ങൾ പല ജീവിതശൈലി രോഗങ്ങൾക്കും കാരണമാകുമ്പോൾ, മീൻ അതിൽ നിന്നെല്ലാം വ്യത്യസ്തനാണ്. പല മീനുകൾക്കും പല തരത്തിലുള്ള ഔഷധഗുണമുള്ളതു തന്നെ കാരണം. തീരമേഖല ഒട്ടേറെയുള്ള ഇന്ത്യയിൽ അത്രയും തന്നെ  വ്യത്യസ്തമായ മീൻകറികളുമുണ്ട്. 

ഇഞ്ചി, വെളുത്തുള്ളി, ചെറിയുള്ളി, മഞ്ഞൾ എന്നിവ ധാരാളമായി ചേർത്തുണ്ടാക്കുന്ന വെളുത്ത നിറത്തിലുള്ള മീൻകറിയാണ് ബംഗാളിലും ഒഡീഷയിലുംവ്യാപകമായി തീൻമേശകളെ അലങ്കരിക്കുന്ന പ്രിയവിഭവം. മച്ചർ ഝോൽ എന്നാണ് ഇത് അറിയപ്പെടുന്നത്. കടുകും മഞ്ഞപ്പൊടിയും ചേർത്തരച്ചതാണ് പ്രധാനചേരുവ. മച്ചർ ഝോലിന്റെ മറ്റൊരു വകഭേദമായ വെണ്ണയിലോ തൈരിലോ മീൻ പുരട്ടിയെടുത്ത് ഉണ്ടാക്കുന്ന കറിയും ഈ മേഖലകളിൽ ഏറെ ഇഷ്ടപ്പെടുന്ന മീൻ കറി തന്നെ. മച്ച ബെസറൊയാണ് ഒറീസയുടെ ഇഷ്ടമീൻവിഭവങ്ങളിൽ മറ്റൊന്ന്. കടുക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്തരച്ച മസാല മീനിൽ പുരട്ടി ചെറുതായി വറുത്തെടുക്കുകയാണ് ആദ്യം ചെയ്യുക. തുടർന്ന് മഞ്ഞൾപ്പൊടി പ്രധാന ചേരുവചേർത്ത‌ു കഷണങ്ങൾ വേവിക്കുന്നു. ഒഡീഷയുടെ പരമ്പരാഗത മീൻ വിഭവമായാണ് ഇതു വിലയിരുത്തപ്പെടുന്നത്.

മീനിന്റെ മാംസം മാത്രമെടുത്ത‌ു മിതമായ മസാല ചേർത്ത് മുളന്തണ്ടിന്റെ ഉള്ളിൽ തിരുകി വച്ച‌ു കനലിൽ വേവിച്ച് ഉണ്ടാക്കുന്ന മുളമീൻവിഭവം നാഗലൻഡിന്റെ അഭിമാനമാണ്. നാഗലാൻഡിന്റെ തണുപ്പിലിരുന്ന് മുളകുസോസ് തളിച്ച്, മുളമീൻ കഴിച്ചാൽ ശരിക്കും സ്വർഗം കണ്ടുപോകും. 

ഹൈദരാബാദിന്റെ തനതു മസാലകൾ ചേർത്തുണ്ടാക്കുന്ന ഗ്രേവി സമ്പുഷ്ടമായ ഷഹി മക്ചി കൊർമ എന്ന മീൻ വിഭവവും ഏതൊരു നാവിനെയും ത്രസിപ്പിക്കുന്നതാണ്. വറുത്ത മീൻ ചെറു കഷണങ്ങളാക്കി ഗ്രേവിയിൽ ഇട്ടാണ് ഇതുണ്ടാക്കുന്നത്. കൂടാതെ ആന്ധ്രയിലെ ബൊമ്മിഡയില മേഖലയിലുണ്ടാക്കുന്ന വാസനസമ്പുഷ്ടമായ മീൻകറിയാണ് ബൊമ്മിഡയില പുളുസു.

ഗോവയിലേക്കു വന്നാൽ അയലയും നെയ്മീനുമാണ് മീൻകറികളിലെ പ്രധാനികൾ. തേങ്ങ, വെളുത്തുള്ളി, മഞ്ഞൾ, ചുവന്നമുളക് എന്നിവയാണ് പ്രധാന ചേരുവ. മത്തിസ്‌നേഹത്തിന് ഏറെ പേരുകേട്ടവരാണ് മഹാരാഷ്ട്ര തൊട്ട് കന്യാകുമാരി വരെയുള്ള തീരമേഖലയിലുള്ളവർ. നെയ്മീനും താമരത്തണ്ടും നെയ്യും ചേർത്തുണ്ടാക്കുന്ന കറിയാണ് കശ്മീരിന്റെ പരമ്പരാഗത മീൻകറി. ധാരാളം നെയ്യ് ഒഴിച്ചുണ്ടാക്കിയ റൊട്ടിയും ചേർത്ത് ഇവനെയൊരു പിടിപിച്ചാൽ, പിന്നെ ഒരു രക്ഷയുമില്ല...

മഞ്ഞൾപ്പൊടി, മീൻ മസാല, കടുകെണ്ണ എന്നിവയിലേക്ക് കട്‌ല മത്സ്യം ചേർത്തുണ്ടാക്കുന്ന അസമിന്റെ മസോർ ടെങ്ക എന്ന മീൻകറി രുചിയിലെ  മിതവാദിയാണ്. മിസോറമിന്റെ തെരുവുകളിലൂടെ നടക്കുമ്പോൾ ഏതൊരു ഭക്ഷണപ്രേമിയെയും വലിച്ചടുപ്പിക്കുന്ന വാസന വരുന്നുണ്ടെങ്കിൽ അത് ഏതെങ്കിലും തെരുവോര ഭക്ഷണശാലയിലെ സൻപ്യാവു എന്ന മീൻവിഭവത്തിന്റേതായിരിക്കും. കറിയെന്ന നിലയിലല്ല, ചെറുകടിയായി സ്വതന്ത്രമായി തന്നെ കഴിക്കാവുന്ന ഒരു വിഭവമാണ് സൻപ്യാവു. കറുവയില, ഉള്ളി, ജീരകം, ചുവന്നമുളക്, ഉള്ളിത്തണ്ട് എന്നിവയ്‌ക്കൊപ്പം മീനും ഉരുളക്കിഴങ്ങും ചേർത്തുണ്ടാക്കുന്ന മണിപൂരിന്റെ ങാ അറ്റോയിബ തോങ്ബ എന്ന മീൻവിഭവവും ഭക്ഷണപ്രേമികളുടെ നെഞ്ചിടിപ്പ് കൂട്ടുന്ന ഒന്നാണ്.