കന്യകാപൂജയിലെ ബാലയോ മാഹേശ്വരിയോ ആണു ദുർഗയുടെ ആദ്യദിന അവതാരം. രാശമ്മാപ്പാട്ടി തന്റെ സമ്പാദ്യം തുറന്നു.  ബെ‍ാമ്മക്കെ‍ാലുവിനു മുന്നിൽ അരിമാവു കെ‍ാണ്ടു കോലമെഴുതണം. മുല്ലയും വില്വവുമാണു പൂജാപുഷ്പങ്ങൾ. തോടി രാഗത്തിലുള്ള കീർത്തനങ്ങളാണ് ആലപിക്കേണ്ടത്. ഓറഞ്ച് നിറത്തിലുള്ള പട്ടാണു ദേവിക്കിഷ്ടം. വെൺപെ‍ാങ്കലാണ് നൈവേദ്യം. 

‘‘വെൺപെ‍ാങ്കൽ!’’, മൈഥിലി ഓർത്തെടുക്കാൻ ശ്രമിച്ചു. ‘‘അതെപ്പിടി ഉണ്ടാക്കറത്?’’ 

പുതിയ ഭക്ഷണത്തിന്റെ അധിനിവേശത്തിൽ വെൺപെ‍ാങ്കൽ പലരും മറന്നുപോയിരുന്നു..

‘‘എപ്പിടി...’’, രാജിയും ആവർത്തിച്ചു. 

ഒരു ഗ്ലാസ് പച്ചരിക്കു കാൽ ഗ്ലാസ് ചെറുപരിപ്പ് എന്ന അനുപാതത്തിൽ വറുത്ത്, കുഴച്ചു വേവിച്ച്, പെ‍ാടിച്ച  കുരുമുളകും ജീരകവും ഇഞ്ചിക്കഷണങ്ങളും കറിവേപ്പിലയും ചേർത്തു നെയ്യിൽ വറുത്തെടുത്ത അണ്ടിപ്പരിപ്പും വിതറിയാൽ വെൺപെ‍ാങ്കലായി. നെയ്യ് കൂടുന്തോറും സ്വാദു കൂടും. 

പലരും പെ‍ാങ്കൽ കഴിച്ച കാലം മറന്നിരുന്നു. ചിലർക്കു വായിൽ കപ്പലോടി.  

‘‘തിന്നാ മാത്രം പോരാത്....’’ രാശമ്മാപ്പാട്ടി താക്കീതെന്ന പോലെ പറഞ്ഞു. ‘‘ദേവിയയ് നന്നാ ഭജിക്കവും വേണം....’’ 

രണ്ടാം ദിനം കൗമാരിയോ രാജരാജേശ്വരിയോ ആണു ദുർഗയുടെ അവതാരം. മുല്ലയും തുളസിയും പുഷ്പങ്ങൾ. കല്യാണി രാഗത്തിൽ കീർത്തനങ്ങൾ. ഇളം റോസ് നിറത്തിൽ ഉടയാടകൾ. പുളിയോധരൈ നൈവേദ്യം.  

മാർക്കറ്റിൽ പുളിയോധരൈ മിക്സ് യഥേഷ്ടം കിട്ടുന്നതിനാൽ അതിന്റെ നിർമാണവും മറവിയിൽ ഇടം പിടിച്ചിരുന്നു. 

രാശമ്മാപ്പാട്ടി അതും വിവരിച്ചു. 

‘‘ഒങ്കളുക്ക് ടീവീല് പ്രോഗ്രാം ചെയ്യ പോലാമേ...’’, ആരോ പാതി തമാശ പോലെ പറഞ്ഞു. 

‘‘ഇന്ത വയസ്സിലയാ...?’’, പാട്ടി പല്ലു കെ‍ാഴിഞ്ഞ മോണ തുറന്നുകാട്ടി. 

സംവാദം ഈ വഴിക്കു തിരിഞ്ഞപ്പോൾ ചേച്ചിയുടെ കൈ പിടിച്ചു കെ‍ാലുഭക്ഷണം ശേഖരിക്കാനിറങ്ങിയ ആറു വയസ്സ് എന്റെ മനസ്സിലെത്തി.  മഴച്ചാറലുള്ള സന്ധ്യ. ഒന്നോ രണ്ടോ ഇടിമിന്നൽ. ഗ്രാമത്തിലെ മുഴുവൻ വീടുകൾ നടന്നുവരുമ്പോഴേക്കും കുഞ്ഞുകാലുകൾ തളർന്നു. 

തൂക്കുപാത്രത്തിലെ പല രുചിയുള്ള പലഹാരങ്ങളെ അച്ഛൻ കയ്യിട്ടു കുഴച്ച് ഒറ്റ പലഹാരമാക്കി. എരിവും പുളിയും മധുരവും ഏതേതെന്നു തിരിച്ചറിയാൻ കഴിയാത്ത വിധം ഒന്നായിത്തീർന്നപ്പോൾ അതാണ് ഏറ്റവും രുചിയുള്ളത് എന്നു തോന്നി.  

അതിനെ എന്തു പേരിട്ടു വിളിക്കും?