നായ്കുട്ടിപ്പയറ്‍ എന്നുകേട്ടിട്ടുണ്ടോ? നല്ലൊന്നാന്തരം ഉപ്പേരിയും കറിയും വയ്ക്കാൻപറ്റിയ രുചിയുള്ള പയർ. പക്ഷേ കൃഷി ചെയ്തുണ്ടാക്കാൻ കഴിയില്ലെന്നു മാത്രം. അഥവാ കൃഷിക്കിറങ്ങിയാൽ ചൊറിഞ്ഞ‌ുചൊറിഞ്ഞ‌ു ജന്മം തീരും.

തുളുവും മലയാളവും കലർന്ന  ഭാഷ സംസാരിക്കുന്ന ജനവിഭാഗമാണ് മാവിലർ. ഹോസ്ദുർഗ് താലൂക്കിലാണ് മാവിലർ ഏറ്റവുമധികമുള്ളത്. ഏറെ വ്യത്യസ്തമാർന്ന ഭക്ഷണരീതി പിൻതുടരുന്ന ആദിമ വിഭാഗവുമാണ് ഇവർ.

മാവിലവ് എന്ന പച്ചമരുന്നിന്റെ പേരിൽനിന്നാണത്രേ മാവിലർക്ക് ആ പേരു ലഭിച്ചത്. വേട്ടയാടിയും കാട്ടുകിഴങ്ങു ഭക്ഷിച്ചുമാണ് മാവിലരും മുന്നോട്ടുവന്നത്. കർഷകത്തൊഴിലാളികളായാണ് മാവിലർ ജോലി നോക്കിയിരുന്നത്. പുനംകൊത്തലും പൊയ്തുകൊള്ളലുമടക്കം ഏറെ രസകരമായി കൃഷി ആചാരങ്ങളും മാവിലർക്കിടയിലുണ്ട്. മാവിലരുടെ പ്രിയഭക്ഷണങ്ങളിലൊന്നാണ് നായ്ക്കുട്ടിപ്പയർ.

കൃഷിചെയ്തു വളർത്താൻ കഴിയാത്ത നായ്ക്കുട്ടിപ്പയർ തനിയെ വളർന്ന് കാടുമൂടുകയാണ് പതിവ്. തുലാമാസത്തോടെയാണ് പയറു വിരിയുക. പുറത്ത് കട്ടിയുള്ള രോമങ്ങളുണ്ടാവും. അധികം വിളവെത്താത്ത പയർ പറിച്ചെടുക്കും. പുറത്തെ രോമവും തോടും ചെത്തിനീക്കും. ഇതു വേവിച്ചെടുത്ത് ഉപ്പേരിയായും കറിയായും കഴിക്കും. 

പക്ഷേ കറിയുണ്ടാക്കാൻ പയർ പറിക്കുമ്പോൾ ശ്രദ്ധിക്കണം. പുറത്തെ കട്ടിരോമങ്ങൾകയ്യിൽ തട്ടിയാൽ ചൊറിയാൻ തുടങ്ങും. ഒരിക്കലും അവസാനിക്കാത്ത ചൊറിച്ചിലായിരിക്കും അത്. നായ്ക്കുട്ടിപ്പയറിനു  നാട്ടിലുള്ളവർ നൽകിയ വിളിപ്പേരാണ് നായ്ക്കുരണപ്പരിപ്പ്! ലൈംഗിക ശേഷിക്കുള്ള മരുന്നായി സമീപകാലത്ത് ഏറെ പ്രചാരം നേടിയതോടെ കാട്ടിലുള്ളവർക്ക്് പയർ കിട്ടാനില്ലാത്ത അവസ്ഥയാണ്.