ഫോർട്ട്കൊച്ചി യാത്രയിൽ ഭക്ഷണം കഴിച്ച ഒരു ചെറിയ കടയെക്കുറിച്ച് റേഡിയോ മാംഗോ ആർ. ജെ നീനയുടെ ഫെയ്സ്ബുക്ക് കുറിപ്പ് ഏറെ ശ്രദ്ധേയമാവുന്നു. ഒരു ചെറിയ കട, കൊച്ചി തോപ്പുംപടിയിൽ നിന്നും  ചെല്ലാനം റൂട്ടിൽ 2 കിലോമീറ്റർ ദൂരം. കൃത്യമായി പറഞ്ഞാൽ സൗത്ത് മൂലംകുഴി ജംഗ്ഷനും സൗദി സ്കൂൾ ജംഗ്ഷനും മധ്യേ.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം

ഫോർട്ട്കൊച്ചി മുണ്ടംവേലി ഭാഗത്തു കൂടെ വണ്ടിയിൽ പോയപ്പോൾ ഒരു ബോർഡ് 'അഞ്ചു രൂപക്ക് ലഘുഭക്ഷണം'. സൗദി എത്തുന്നതിനു മുൻപ്. കടയുടെ പേര് എന്നൊന്നുമില്ല. അങ്ങനെ കയറിയതാണ്. കയറിച്ചെല്ലുമ്പോൾ തന്നെ "കേറിവാടാ മക്കളെ" എന്ന ഒരു പോസ്റ്റർ!

പിന്നെ മലയാള സിനിമയിലെ പല കോമഡി പോസ്റ്ററുകളും ചുവരിലിങ്ങനെ തൂങ്ങുന്നു. കഴിക്കാൻ തുടങ്ങിയപ്പോ ഉഗ്രൻ പഴംപൊരിയും മറ്റു പലഹാരങ്ങളും. സോസിൽ ഒരു തരി വെള്ളം ചേർത്തിട്ടില്ല!!!

നല്ല ക്വാളിറ്റി എണ്ണയിൽ കഴിക്കുന്നവന്റെ കൺവെട്ടത്ത് ഉണ്ടാക്കുന്ന ഭക്ഷണം. ബീഫ് കറിയും ചിക്കൻ കറിയും ഒക്കെ വിശ്വസിക്കാൻ പറ്റാത്ത വിലക്കുറവ്. മീൻ കറിയും വറുത്തതും പച്ചക്കറികളും കൂട്ടിയുള്ള ഊണിന് 50 രൂപ മാത്രം. ഇത് നടത്തുന്നത് മോളി ചേച്ചി...ആൾ സ്ഥലത്തുണ്ടായിരുന്നില്ല. കൂടെ നിൽക്കുന്നതാണ് ഈ ഭക്ഷണം വച്ച് വിളമ്പുന്ന ഷേർളി ചേച്ചി, ഗുരു ചേട്ടൻ, മഹേന്ദ്രൻ.. ഒന്നൊന്നര കൈ പുണ്യവും വല്ലാത്ത നന്മയുള്ള മനസ്സും. ഇതെങ്ങനെ മുതലാകുന്നു എന്ന് ചോദിച്ചപ്പോൾ അവർ പറഞ്ഞു "ഞങ്ങൾക്ക് ജീവിക്കാനുള്ളത് കിട്ടും.. ആളുകൾ നല്ല ഭക്ഷണം കഴിക്കുമ്പോ മനസ്സിന് ഒരു സന്തോഷവും കിട്ടും" എന്ന്. സത്യം പറഞ്ഞാ എന്റെ വയറും നിറഞ്ഞു മനസ്സും നിറഞ്ഞു. യഥാർത്ഥ ജീവിതത്തിലെ ഹീറോസ് ആണ് എന്റെ താരങ്ങൾ! ഇന്ന് ടൈംപാസ്സ്‌ ൽ അതിഥികൾ ഇവരായിരുന്നു. സഹജീവിക്ക്‌ നന്മ ഊട്ടുന്ന മുത്തുകൾ ഇവരുടെ മുതലാളി മോളി ചേച്ചിയും