കഴിക്കുന്നവരുടെ മനസ്സ് നിറയ്ക്കുന്ന ഒരു പീടികയാണിത്,  ദേവകീ ടീ ഷോപ്പ്. മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പു പ്രസംഗം റിപ്പോർട്ടു ചെയ്യാനാണ് ഇന്നലെ പേരൂർക്കടയിൽ ചെന്നത്. പരിപാടി കഴിഞ്ഞു മുഖ്യമന്ത്രി മടങ്ങും നേരം ജങ്ഷൻ ആകെ ബ്ലോക്ക്. തിരക്കൊഴിഞ്ഞു പോകാമെന്നു കരുതി.

ആ നേരം കൊണ്ടു ഒരു ചായ കുടിക്കാം. അപ്പോഴാണ് ആ ബോർഡു കണ്ടത് : ‘ദേവകി ടീ ഷോപ്പ്, തിരുവനന്തപുരം 5’ വലിയൊരു ചുവന്ന ബക്കറ്റു നിറയെ പപ്പടം കാച്ചിവച്ചിരിക്കുന്നു. അതായിരുന്നു ആദ്യകാഴ്ച. പപ്പടം ഇല്ലാതെ തിരുവനന്തപുരത്തു ചായപ്പീടികകളില്ല. പ്രഭാതഭക്ഷണത്തിനും ഉച്ചയൂണിനും സായാഹ്നനേരത്തും ഏതു കോമ്പിനേഷനും ഒരുക്കാൻ പപ്പടം വേണം. വാഴയിലയിൽ വിളമ്പിയ ദോശയ്ക്കു മീതെ രണ്ടു രസികൻ പപ്പടങ്ങൾ എത്തി. അരികിൽ തേങ്ങാച്ചമ്മന്തിയും. ഉഗ്രൻ ടേസ്റ്റ്. പിന്നെ ചായ. എല്ലാംകഴിഞ്ഞു കൈ കഴുകിവന്നു പണം കൊടുക്കാൻ നോക്കിയപ്പോൾ കടയുടെ മുൻഭാഗത്ത് അത്തരമൊരു സംവിധാനമില്ല. കാഷ് കൗണ്ടറില്ലാത്ത ചായപ്പീടിക !

കാശ് എവിടെ കൊടുക്കണമെന്നു ചോദിച്ചപ്പോൾ അടുത്തിരുന്നയാൾ അടുക്കളയിലേക്കു നേർക്കു കൈചൂണ്ടി. ‘അവിടെ കൊടുക്കാം’ നേരത്തെ വിളമ്പിത്തന്ന ചേട്ടനെ അവിടെ കണ്ടു. പണം വാങ്ങാൻ‍ ഒരു തിരക്കുമില്ല. നിർബന്ധിച്ചാൽ വാങ്ങാം എന്ന ഭാവം. പണം നീട്ടി. ‘രണ്ടുദോശ..പപ്പടം..ചായ..’ പുള്ളി ഒരു ചോക്കെടുത്തു ഭിത്തിയിൽ ഉറപ്പിച്ച മിഴിവൊത്ത രണ്ടു സ്ലേറ്റുകളിലൊന്നിൽ കണക്കെഴുതി കൂട്ടി. സ്ലേറ്റിൽ കണക്കുകൂട്ടി പണം വാങ്ങുന്ന കടകളിലൊക്കെ നേരത്തെ പോയിട്ടുണ്ട്. കൊച്ചിയിൽ ബ്രോഡ്‍വേയിലെ പഞ്ചാബി കട. അതേപ്പറ്റി സ്റ്റോറിയും എഴുതിയിട്ടുണ്ട്. 

പക്ഷേ ഇതു ലെവൽ വേറെയാണ്. അടുപ്പിൽ നിന്നും പുക വരുന്നുണ്ട്. ആകെയൊരു രസംപിടിച്ച പുകയിരുട്ടുണ്ട്. ഭിത്തിയിലെ സ്ലേറ്റിൽ മലയാളവർഷവു തിയതിയും കുറിച്ചിരിക്കുന്നു. അതിനു താഴെ ഇംഗ്ലീഷ് വർഷവും തിയതിയും. ചായമൊക്കെ പൂശി നല്ല വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന സ്ലേറ്റു തിളങ്ങുന്നു. കണ്ണല്ല എന്റെ കരളും നിറഞ്ഞുപോയി. ഭാഷ, ആഹാരം, സംസ്കാരം ഇതിനെയൊക്കെ മാനിക്കുന്ന ആ കൊച്ചുപീടികയുമായി ആ നിമിഷം പ്രണയത്തിലായി. കാലേകൂട്ടി തീരുമാനിച്ചു ചെയ്തതൊന്നുമല്ല ‘ദേവകി’യിലെ ഇന്റീരിയർ ഡെക്കറേഷൻസൊന്നും. മലയാളത്തെ നിലനിർത്തുന്നത് ഇത്തരം ചെറുപീടികളാണ്. തിരികെ മടങ്ങും വഴിയാണ് ഓർത്തത്, കടയുടെ പേരുകാരി ‘ദേവകി’ ആരായിരിക്കും? കഥകൾ പറഞ്ഞു മാനത്തെ ചന്ദ്രികയെ കാട്ടി കുട്ടികൾക്കു വെണ്ണയും നെയ്യും പപ്പടവുമൊക്കെ ചാലിച്ചു ചോറുവാരിക്കൊടുത്ത ഒരു നല്ല മുത്തശ്ശിയായിരിക്കും അത്. അങ്ങനെ ഓർമ്മിക്കാനാണ് എനിക്കിഷ്ടം!

Location - പേരൂർക്കടയിൽ നിന്ന കുടപ്പനക്കുന്ന് റോഡിലേക്ക് തിരിയുന്നിടത്താണ് ദേവകി ടീ ഷോപ്പ്

English Summary:  Devaki Teashop, Thiruvananthapuram