സാൾട്ട് ബേ - ലോകമെങ്ങും ലക്ഷക്കണക്കിന് ആരാധകരുള്ള തുർക്കിക്കാരൻ ഷെഫ്. മാംസക്കഷണങ്ങൾ മൂർച്ചയേറിയ ആയുധങ്ങൾക്കൊണ്ടു തലങ്ങും വിലങ്ങും വെട്ടി കഷണങ്ങളാക്കി അതിനു മീതെ പ്രത്യേക രീതിയിൽ ഉപ്പും വിതറുന്ന ഇദ്ദേഹത്തിന്റെ വി‍ഡിയോയ്ക്ക് ആരാധകർ ഏറെയാണ്.

റെയ്ബാൻ റൗണ്ട് കൂളിങ് ഗ്ലാസ് വച്ച്, ഒരു ആയോധനമുറയുടെ സൂക്ഷ്മതയോടെ വിദഗ്ധമായാണ് ഇറച്ചിക്കഷണങ്ങൾ മുറിക്കുന്നത്. ശ്വാസം അടക്കി കണ്ടിരുന്നു പോകും. നുസ്രത് ഗുക്ചെ എന്നാണ് ഇദ്ദേഹത്തിന്റെ ശരിക്കുള്ള പേര്. കോബ്രാ സ്റ്റൈലിലുള്ള ആ ഉപ്പ് വിതറലാണ് ആൾക്ക് സാൾട്ട് ബേ എന്ന ഇരട്ടപ്പേരു നൽകിയത്.

ആരാധന മാത്രമല്ല വിഡിയോയ്ക്ക്, സ്വർണ്ണ തരികൾ വിതറി തയാറാക്കിയ സ്റ്റീക്ക് വിഭവത്തിന് നിരവധി വിമർശനങ്ങളുമുണ്ടായിട്ടുണ്ട്. ഇറച്ചി മുറിക്കുന്നതിൽ മാത്രമല്ല, പാചകത്തിലും ആളൊരു പുലിയാണ്. പാചകം വെറുമൊരു കലയല്ല ആയോധന കലയാണോ എന്നു വരെ സംശയം തോന്നും.

ലയണൽ മെസി, കിലിയൻ എംബപെ, പോൾ പോഗ്ബ തുടങ്ങിയ ഫുട്ബോൾ താരങ്ങളും ഇദ്ദേഹത്തിന്റെ റസ്റ്ററന്റിൽ ഭക്ഷണം കഴിക്കാൻ എത്തിയിട്ടുണ്ട്. Nusr-Et സ്റ്റീക്ക് ഹൗസ് എന്നു പേരുള്ള റസ്റ്ററന്റ് ശൃംഖല അബുദാബി, ദോഹ, ന്യൂയോർക്ക്, മിയാമി, ദുബായ്, ഇസ്താംബുൾ എന്നീ നഗരങ്ങളിലുണ്ട്.

2017 ലാണ് സാൾട്ട് ബേയുടെ ആദ്യ വിഡിയോ സമൂഹമാധ്യമങ്ങളിൽ വരുന്നത്. ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ രണ്ടരക്കോടിയോളം ആളുകളാണ് സാൾട്ട് ബേയെ ഫോളോ ചെയ്യുന്നത്.

English Summary: Nusr Et, Salt Bae, Food Video, Nusret Gokce, Turkish butcher, Star Chef