കേരളമെന്ന് കേട്ടാലോർമ വരുന്നത് തെങ്ങും പച്ചപ്പും ഇളനീരും കായലുമൊക്കെത്തന്നെ. എന്തെന്ത‌ു ജ്യൂസുകളും ഡ‌ിസർട്ടുകളും തീൻമേശ നിറച്ചാലും ആരോഗ്യം നന്നാക്കുന്ന ജ്യൂസും ഡിസെർട്ടും നമ്മുടെ കരിക്കിൻവെള്ളവും കരിക്കിൻകാമ്പും തന്നെ. കരിക്കിൻകാമ്പുകൊണ്ടൊരു പുഡിങ് കഴിച്ചാൽ ഏത് ഹെവി ഡിന്നറിന്റെയും മടുപ്പ് അവിടെത്തീരും.

കൊച്ചി കലൂർ – കതൃക്കടവ് റോഡിലുള്ള ടെല്ലിച്ചേരി കിച്ചനിൽ ഹിറ്റ് ആയി ഓടിക്കൊണ്ടിരിക്കുന്ന വിഭവമാണ് ടെൻഡർ കോക്കനട്ട് പുഡിങ്. ചെറുചെറു തരികളായി കരിക്കിൻ കഷ്ണങ്ങൾ അരയാതെ കിടക്കുന്നതാണ് ഇതിലെ ഹൈലൈറ്റ്. കണ്ടൻസ്ഡ് മിൽക്കിന്റെയോ എസൻസിന്റെ ചുവ മുന്നിട്ട് നിൽക്കുന്നില്ല– അസ്സൽ കരിക്കിന്റെ നൈർമല്യവും ചെറുമധുരവും. കരിക്കും കണ്ടൻസ്ഡ് മിൽക്കും ചൈനാഗ്രാസും ആണിതിന്റെ ചേരുവകൾ. അലങ്കാരത്തിനായ് അൽപം ടൂട്ടിഫ്രൂട്ടി മുകളിലും.